play-sharp-fill
കണ്‍ഫ്യൂഷൻ തീര്‍ന്നില്ല….! വോട്ടു ചെയ്യാനാകാതെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍; വിനയായത് പതിവ് രീതി മാറിയത്

കണ്‍ഫ്യൂഷൻ തീര്‍ന്നില്ല….! വോട്ടു ചെയ്യാനാകാതെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍; വിനയായത് പതിവ് രീതി മാറിയത്

കോഴിക്കോട്: തെരഞ്ഞെടുപ്പ് ചുമതലയുള്ള പല ഉദ്യോഗസ്ഥർക്കും പോസ്റ്റല്‍ വോട്ട് ചെയ്യാനായില്ല.

ബാലറ്റ് പേപ്പർ തപാല്‍ വഴി സ്വീകരിച്ച്‌ വോട്ട് ചെയ്തശേഷം തപാല്‍വഴി അയക്കുന്ന പതിവ് രീതി മാറിയതാണ് ഉദ്യോഗസ്ഥർക്ക് വിനയായത്. പേര് പോസ്റ്റല്‍ വോട്ടാണെങ്കിലും ഉദ്യോഗസ്ഥർ പ്രത്യേകമൊരുക്കിയ കേന്ദ്രങ്ങളില്‍ നേരിട്ടെത്തി വോട്ട് ചെയ്ത് വോട്ടുപെട്ടിയില്‍ നിക്ഷേപിക്കുന്ന പുതിയ രീതിയാണ് ഉദ്യോഗസ്ഥരുടെ സമ്മതിദാനാവകാശം നഷ്ടമാക്കിയത്.

മറ്റ് ജില്ലകളില്‍ തെരഞ്ഞെടുപ്പ് ചുമതലയുള്ള പലർക്കും വോട്ടുചെയ്യാനായിട്ടില്ലെന്ന് ഉദ്യോഗസ്ഥർ തന്നെ പറയുന്നു. വോട്ടർ പട്ടികയിലെ പേര് ഒരു ലോക്സഭ മണ്ഡലത്തിലും തെരഞ്ഞെടുപ്പ് ഡ്യൂട്ടി മറ്റൊരു ലോക്സഭ മണ്ഡലത്തിലും ഉള്ളവർ ഫോറം 12ല്‍ അപേക്ഷ നല്‍കണം. തെരഞ്ഞെടുപ്പ് പരിശീലന ക്ലാസ് നടക്കുന്ന കേന്ദ്രങ്ങളിലുള്ള വി.എഫ്.സിയില്‍ (വോട്ടർ ഫെസിലിറ്റേഷൻ സെന്റർ) വോട്ട് രേഖപ്പെടുത്താനാണ് ഇവർക്ക് കിട്ടിയ നിർദേശം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തെരഞ്ഞെടുപ്പ് ഡ്യൂട്ടിയും വോട്ടർ പട്ടികയിലെ പേരും ഒരേ ലോക്സഭ മണ്ഡലത്തില്‍ വരുന്നവർക്ക് ഫോം 12 എ മുഖേന അപേക്ഷ നല്‍കാനും ജോലിചെയ്യുന്ന ബൂത്തില്‍ വോട്ടുരേഖപ്പെടുത്താനും അനുമതി നല്‍കി. ആശയക്കുഴപ്പമുണ്ടായതിനാല്‍ ഫെസിലിറ്റേഷൻ സെൻററില്‍ എത്തിയപ്പോള്‍ തങ്ങളുടെ പേര് പട്ടികയില്‍ കണ്ടില്ലെന്ന് ഉേദ്യാഗസ്ഥർ പറയുന്നു.

ജില്ല മാറി ഡ്യൂട്ടിയായതിനാല്‍ പോളിങ് സാമഗ്രികള്‍ സ്വീകരിക്കുന്ന കേന്ദ്രങ്ങളില്‍ വോട്ടുചെയ്യാൻ അവസരം ലഭിക്കുമെന്നായിരുന്നു പലരും കരുതിയത്. സാമഗ്രികള്‍ കൈപ്പറ്റേണ്ടതിനാല്‍ കൂടുതല്‍ അന്വേഷണത്തിന് മുതിരാതെ ഉദ്യോഗസ്ഥർ തിരിച്ചുപോകുകയായിരുന്നു. തെരഞ്ഞെടുപ്പ് കമീഷന്റെ അനുകൂല തീരുമാനമുണ്ടെങ്കിലേ വോട്ട് രേഖപ്പെടുത്താൻ കഴിയാത്തവർക്ക് ഇനി അവസരം ലഭിക്കൂ.