വനിതാ മതിൽ കെട്ടാനും മുദ്രാവാക്യം വിളിക്കാനും മാത്രം മതി സ്ത്രീകൾ, മത്സരിക്കാൻ വേണ്ട…! തെരഞ്ഞെടുപ്പ് കാലത്ത് ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രവർത്തകരോട് സി.പി.എമ്മിന് അയിത്തം ; പാർട്ടിയ്ക്ക് വേണ്ടി പ്രവർത്തിച്ച വനിതകളെ മാറ്റി നിർത്തി വീണാ ജോർജിനെയും പ്രതിഭാ ഹരിയേയും മത്സര രംഗത്ത് ഇറക്കിയതിൽ പ്രതിഷേധം ശക്തം
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സി.പിഎമ്മിന് വേണ്ടി പ്രവർത്തിച്ച വനിതകൾക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അയിത്തം കൽപ്പിച്ച് പാർട്ടി. പൊലീസിന്റെ കൊടിയ മർദ്ദനം ഏറ്റുവാങ്ങിയ വനിതാ സഖാക്കൾ ഉണ്ടെന്ന് അഭിമാനം കൊള്ളുന്ന പാർട്ടി ഇതു പറഞ്ഞ് വോട്ട് വാങ്ങുമ്പോഴും മഹിളാ അസോസിയേഷൻ പ്രവർത്തകർക്ക് അവരർഹിക്കുന്ന അംഗീകാരം നൽകാൻ പാർട്ടി നേതാക്കൾ തയ്യാറാകുന്നില്ല.
ഇത് പാർട്ടിയ്ക്കുള്ളിൽ തന്നെ വ്യാപക പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നൽകിയ സീറ്റുകൾ പോലും വനിതാ പ്രവർത്തകർക്കു സിപിഎമ്മിന്റെ പട്ടികയിൽ ഇടമില്ല. പേരിന് വനിതകൾക്ക് സീറ്റ് നൽകുന്നതാകട്ടെ അസോസിയേഷന് പുറത്തുള്ളവർക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പാർട്ടിക്കുവേണ്ടി പ്രവർത്തിക്കുന്ന വനിതകളെ മാറ്റി നിറുത്തികൊണ്ട് നൂലിൽ കെട്ടിയിറക്കിയവർക്ക് സീറ്റ് നൽകിയതാണ് പ്രതിഷേധത്തിനിടയാക്കിയിരിക്കുന്നത്. മഹിളാ അസോസിയേഷൻ പ്രവർത്തകർക്ക് സീറ്റ് നിഷേധിച്ച പാർട്ടിയാകട്ടെ മാധ്യമപ്രവർത്തകയായ വീണാജോർജിനും, പ്രതിഭാഹരിക്കും വീണ്ടും അവസരം നൽകുകയും ചെയ്തു.
ദലീമയാണ് പാർട്ടി നൂലിൽ കെട്ടിയിറക്കിയ മറ്റൊരു സ്ഥാനാർത്ഥി. പാർട്ടിക്കുവെളിയിൽ നിന്നു ഇത്തരം സ്ഥാനാർത്ഥികളെ അവതരിപ്പിക്കുമ്പോഴും മഹിളാ അസോസിയേഷൻ സംസ്ഥാന ഭാരവാഹികളായ പി.സതീദേവി, സൂസൻ ഗോപി എന്നിവർക്കൊന്നും സീറ്റു നൽകാൻ പാർട്ടി തയാറായിട്ടില്ല. സതീദേവിക്കുൾപ്പടെ സീറ്റു നിഷേധിച്ചതിന് പിന്നിൽ വ്യക്തമായ രാഷ്ട്രീയമാണന്നും സൂചനയുണ്ട്.
സിപിഎമ്മിന്റെ വനിതാമതിലിന്റെ വിജയത്തിനായി ഏറ്റവും കൂടുതൽ പ്രവർത്തിച്ച ആളുകളാണ് സതീദേവിയും, സൂസനുമെല്ലാം എന്നാൽ ഇവരെയൊന്നും പരിഗണിക്കാൻ പോലും പാർട്ടി തയാറായിട്ടില്ല. ചിന്താജെറോമിനെ പോലുള്ള നേതാകൾക്കും സീറ്റില്ല. യുവജന കമ്മീഷൻ ചെയർ പേഴ്‌സൺ എന്ന നിലയിൽ മികച്ച പ്രവർത്തനം കാഴ്ച്ച വച്ചയാളാണ് ചിന്താ ജെറോം.
തൃശൂർ പട്ടികയിലുള്ള ആർ.ബിന്ദു മാത്രമാണ് നിലവിൽ മഹിളാ അസോസിയേഷനിൽ നിന്ന് പാർട്ടി തെരഞ്ഞെടുപ്പിൽ പരിഗണിക്കുന്ന വനിതാ. എന്നാൽ ഈ സീറ്റ് നൽകുന്ന കാര്യത്തിൽ ഇതുവരെ ഉറപ്പായിട്ടില്ല. മുൻപ് പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിക്കെതിരെ ഒടിഞ്ഞ കാലുമായി വാക്കറിലൂന്നി മത്സരരംഗത്ത് സിന്ധു ജോയിയെത്തിയത് പ്രചാരണ ആയുധമാക്കിയ സിപിഎമ്മാണ് അർഹിക്കുന്നവർക്ക് സീറ്റ്് നിഷേധിക്കുന്നതെന്ന് ആരോപണമുയരുന്നുണ്ട്.
ഉമ്മൻ ചാണ്ടി സർക്കാർ തല്ലിയൊടിച്ച കാലുമായി പെൺക്കുട്ടി ഉമ്മൻ ചാണ്ടിക്കെതിരെ മത്സരിക്കുന്നത് അന്ന് സിപിഎം ഏറെ ആഘോഷമാക്കിയിരുന്നു. കോൺഗ്രസ് നിലപാടിനെ വിമർശിച്ച സിപിഎമ്മാണ് സ്വന്തം പാർട്ടിയിലെ വനിതകളെ ഇപ്പോൾ തഴയുന്നത്. സീറ്റു നൽകിയില്ലെങ്കിലും എല്ലാ മണ്ഡലങ്ങളിലും പ്രവർത്തനത്തിനിറങ്ങാൻ മഹിളാ അസോസിയേഷൻ പ്രവർത്തകരോട് പാർട്ടി നിർദ്ദേശം നൽകി കഴിഞ്ഞു.
പ്രത്യേക സ്‌ക്വാഡുകളായി തിരിഞ്ഞ് ഗൃഹസന്ദർശനം, ഉൾപ്പടെ നടത്താനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ഇതിനായി കമ്മിറ്റികൾ വിളിച്ചു ചേർക്കാനും തുടങ്ങിയിട്ടുണ്ട്.