വിരമിക്കാൻ നാല് ദിവസം ബാക്കി ; ഗുണ്ടാ നേതാവ് തമ്മനം ഫൈസലിന്റെ വീട്ടിലെ വിരുന്നില്‍ പങ്കെടുത്ത ഡിവൈഎസ്‌പി എം ജി സാബുവിനെ സസ്‌പെൻഡ് ചെയ്യാൻ നിര്‍ദ്ദേശം നല്‍കി മുഖ്യമന്ത്രി; ഡി.വൈ.എസ്‌പി അടക്കം മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയാണ് റിപ്പോർട്ട് നല്‍കിയത് ; ഡി വൈ എസ് പി യുടെ യാത്രയയപ്പിനായി ഒരുക്കിയ പന്തല്‍ പൊളിച്ചുനീക്കി ; ഡിപ്പാർട്ട്മെന്റിന് നാണക്കേടുണ്ടാക്കിയ സംഭവത്തില്‍ വകുപ്പുതല അന്വേഷണമുണ്ടാകാനും സാധ്യത
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഗുണ്ടാ നേതാവ് തമ്മനം ഫൈസലിന്റെ വീട്ടിലെ വിരുന്നില്‍ പങ്കെടുത്ത ആലപ്പുഴ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്‌പി.എം.ജി സാബുവിനെ സസ്‌പെന്റ് ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. ഈ മാസം 31ന് റിട്ടയർ ചെയ്യാനിരിക്കെയാണ് ഡിവൈഎസ്‌പി ഗുണ്ടാ വിരുന്നില്‍ പങ്കെടുത്തത്. ഡിവൈഎസ്‌പിക്ക് യാത്രയയപ്പിന് വേണ്ടി ആലപ്പുഴ ക്രൈംബ്രാഞ്ച് ഓഫീസിന് മുമ്ബില്‍ ഒരുക്കിയ പന്തല്‍ ഇതിന് പിന്നാലെ പൊളിച്ചുനീക്കി.
ഡിവൈ.എസ്‌പിക്കും മൂന്ന് പൊലീസുകാർക്കുമെതിരെ ഡി ഐ ജിക്ക് റിപ്പോർട്ട് നല്‍കിയതായി ആലുവ റൂറല്‍ എസ്‌പി വൈഭവ് സക്‌സേന വ്യക്തമാക്കി. ഡി വൈ എസ് പിയെ ഗുണ്ടാ നേതാവിന്റെ വീട്ടില്‍ കണ്ടെത്തിയിരുന്നില്ലെന്നും ഇദ്ദേഹമാണ് മറ്റ് പൊലീസുകാരെ ഇവിടെ എത്തിച്ചതെന്നാണ് വിവരമെന്നും അദ്ദേഹം പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആലപ്പുഴ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്‌പി. എം.ജി സാബു അടക്കം മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയാണ് റിപ്പോർട്ട് നല്‍കിയത്. ഒരാള്‍ ഡി.വൈ.എസ്‌പിയുടെ ഡ്രൈവറും മറ്റൊരാള്‍ ക്രൈം ബ്രാഞ്ച് ഓഫീസിലെ പൊലീസുകാരനുമാണ്. വിരുന്നില്‍ പങ്കെടുത്ത മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനെ വിജിലൻസില്‍ നിന്ന് മാറ്റാനും തീരുമാനിച്ചു.
വിരുന്നില്‍ പങ്കെടുത്ത രണ്ടുപൊലീസുകാരെ സസ്‌പെൻഡ് ചെയ്തിരുന്നു. ആലപ്പുഴ ക്രൈം ഡിറ്റാച്‌മെന്റ് ഡിവൈഎസ്‌പി എംജി സാബുവും മൂന്ന് പൊലീസുകാരുമാണ് തമ്മനം ഫൈസലിന്റെ അങ്കമാലിയിലെ വീട്ടില്‍ വിരുന്നിനെത്തിയത്. ഒരു സിപിഒയെയും പൊലീസ് ഡ്രൈവറെയുമാണ് ആലപ്പുഴ എസ് പി സസ്‌പെന്റ് ചെയ്തിരിക്കുന്നത്. മൂന്നാമത്തെ പൊലീസുകാരൻ വിജിലൻസില്‍ നിന്നുള്ളയാളാണ്.
കഴിഞ്ഞ ദിവസം പരിശോധനയ്ക്കായി എസ്‌ഐയും സംഘവും ഫൈസലിന്റെ വീട്ടില്‍ എത്തിയതോടെ ഡിവൈഎസ്‌പി ശുചിമുറിയില്‍ ഒളിക്കുകയായിരുന്നു. സംസ്ഥാനത്ത് ഗുണ്ടകളെ അമർച്ച ചെയ്യാനുള്ള ഓപ്പറേഷനുമായി മുന്നോട്ടു പോകുമ്ബോഴാണ് ഉന്നത ഉദ്യോഗസ്ഥനടക്കമുള്ള പൊലീസുകാർ തമ്മനം ഫൈസല്‍ സംഘടിപ്പിച്ച വിരുന്നില്‍ അതിഥിയായി എത്തിയത്. സ്ഥലത്ത് പൊലീസ് പരിശോധനയ്ക്ക് എത്തിയപ്പോഴാണ് ഡിവൈഎസ്‌പിയെയും മൂന്ന് പൊലീസുകാരെയും അവിടെ കണ്ടത്. ഇവിടെ എത്തിയത് എന്തിനാണെന്ന് ചോദിച്ചപ്പോള്‍ തമ്മനം ഫൈസല്‍ വിരുന്നൊരുക്കിയതാണെന്ന് ഡിവൈഎസ്‌പിയും സംഘവും പറഞ്ഞത്.
വാഗമണ്ണില്‍ പോയി അങ്കമാലിയിലേക്ക് എത്തിയതാണെന്നാണ് പൊലീസുകാർ പറഞ്ഞിരുന്നു. എന്നാല്‍ അവരുടെ സംസാരത്തില്‍ ചില പൊരുത്തക്കേടുകളുണ്ടായിരുന്നു എന്നാണ് വിവരം. സ്ഥലത്ത് പരിശോധനയ്ക്കെത്തിയ പൊലീസ് സംഘം ഇക്കാര്യം ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തു. പിന്നാലെ പൊലീസ് ഡിപ്പാർട്ട്മെന്റിന് നാണക്കേടുണ്ടാക്കിയ സംഭവത്തില്‍ ആഭ്യന്തര അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. കൂടാതെ പൊലീസ് ആസ്ഥാനത്ത് നിന്ന് ഇതേക്കുറിച്ച് എറണാകുളം റൂറലില്‍ വിവരം തേടിയിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് ആറ് മണിയോടെയാണ് പൊലീസിന്റെ നേതൃത്വത്തില്‍ പരിശോധന നടന്നത്.
അതേസമയം, പരസ്പരം പഴി ചാരുന്ന നിലപാടാണ് ഡിവൈഎസ്‌പിയും പൊലീസുകാരും എടുത്തിരിക്കുന്നത്. വിരുന്നിന് കൊണ്ടുപോയത് ഡിവൈഎസ്‌പിയെന്ന് പൊലീസുകാർ പറയുന്നു. സിനിമാനടനെ പരിചയപ്പെടുത്താമെന്ന് പറഞ്ഞാണ് വിരുന്നിന് കൊണ്ടുപോയത്. എന്നാല്‍ പൊലീസുകാരാണ് തന്നെ വീട്ടില്‍ കൊണ്ടുപോയതെന്നാണ് ഡിവൈഎസ്‌പി എം ജി സാബുവിന്റെ മൊഴി. സംഭവത്തില്‍ പൊലീസ് ആഭ്യന്ത അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.
ആലപ്പുഴ പൊലീസ് ക്യാമ്ബിലെ ഡ്രൈവറും സി.പി.ഒയും ഡി വൈ എസ് പിയുടെ ഡെപ്യൂട്ടികളായി താത്കാലികമായി വന്ന ഉദ്യോഗസ്ഥരാണ് ഇവർ. ഇവരുടെ പേരുവിവരങ്ങള്‍ നിലവില്‍ ലഭ്യമല്ല. വിരുന്ന് സംബന്ധിച്ച വിവരം പുറത്തുവന്നതോടെ വിഷയത്തില്‍ പ്രാഥമിക അന്വേഷണത്തിന് എസ്‌പി ഉത്തരവിട്ടിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിന് പിന്നാലെയാണ് എം.ജി സാബു സ്ഥലം മാറി ആലപ്പുഴയിലെത്തിയത്. എറണാകുളം റൂറല്‍ പൊലീസ് പരിധിയില്‍ ദീർഘകാലം ജോലിചെയ്തിരുന്ന ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. അവിടെ വെച്ചുള്ള ബന്ധത്തെ തുടർന്നാണ് വിരുന്നില്‍ പങ്കെടുത്തതെന്നാണ് വിവരം. സംഭവത്തില്‍, ഡി.വൈ.എസ്‌പിക്കെതിരെ വകുപ്പുതല അന്വേഷണമുണ്ടാകും. ആലുവ ഡി.വൈ.എസ്‌പിയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം.
നാല് ദിവസം മാത്രമാണ് ഡി.വൈ.എസ്‌പി സാബുവിന് സർവീസ് ബാക്കിയുണ്ടായിരുന്നത്. മെയ് 31-ന് വിരമിക്കേണ്ട ഉദ്യോഗസ്ഥനാണ് അദ്ദേഹം. കാപ്പ ലിസ്റ്റില്‍ ഉള്‍പ്പെട്ട ഗുണ്ടാ നേതാവ് തമ്മനം ഫൈസലിന്റെ വീട്ടിലൊരുക്കിയ വിരുന്നില്‍ ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പിയടക്കം നാല് പൊലീസുകാർ പങ്കെടുത്തെന്നാണ് വിവരം. പുളിയനത്ത് ഞായറാഴ്ച വൈകീട്ട് ആറിന് അങ്കമാലി പൊലീസ് നടത്തിയ റെയ്ഡിലാണ് ഡിവൈഎസ്‌പിയും സംഘവും കുടുങ്ങിയത്.
ഗുണ്ടാ നേതാക്കളുടെ വീട്ടില്‍ നടത്തുന്ന ‘ഓപ്പറേഷൻ ആഗ്’ പരിശോധനയുടെ ഭാഗമായാണ് അങ്കമാലി പൊലീസ് തമ്മനം ഫൈസലിന്റെ വീട്ടില്‍ എത്തിയത്. എന്നാല്‍, ഡിവൈഎസ്‌പിക്കും പൊലീസുകാർക്കുമുള്ള വിരുന്നാണ് നടക്കുന്നതെന്ന് പിന്നീടാണ് വ്യക്തമായത്. റെയ്ഡിനെത്തിയ അങ്കമാലി എസ്‌ഐയെ കണ്ടതോടെ ഡിവൈഎസ്‌പി അടക്കമുള്ള പൊലീസുകാർ രക്ഷപ്പെടാൻ ശ്രമിച്ചു.
ശുചിമുറിയില്‍ കയറിയാണ് ഡിവൈഎസ്‌പി ഒളിച്ചത്. അങ്കമാലി പൊലീസ് വിവരം പിന്നീട് ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ അറിയിച്ചു. റെയ്ഡില്‍ കണ്ടെത്തിയ പൊലീസുകാരെ അങ്കമാലി പൊലീസ് സ്റ്റേഷനിലെത്തിച്ച് വിവരങ്ങള്‍ ശേഖരിച്ചു. ഡിവൈഎസ്‌പിയെ കണ്ടെത്തിയതായി പൊലീസ് റിപ്പോർട്ടിലില്ല. വിരുന്ന് സംഘടിപ്പിച്ചത് എന്തിന്റെ പേരിലാണെന്ന കാര്യവും പരിശോധിക്കുന്നുണ്ട്.
അങ്കമാലി ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി എം.ജി.സാബുവും മൂന്നു പൊലീസുകാരുമാണ് ഗൂഡല്ലൂർ സന്ദർശനത്തിനു ശേഷം തിരികെ വരുമ്ബോള്‍ അങ്കമാലിയില്‍ കുപ്രസിദ്ധ ഗുണ്ട തമ്മനം ഫൈസലിന്റെ വീട്ടിലെത്തിയത്. ഫൈസലിന്റെ ആതിഥ്യം സ്വീകരിക്കുന്നതിനിടെ ആയിരുന്നു അപ്രതീക്ഷിതമായി അങ്കമാലി എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘം എത്തിയത്.
ഗുണ്ടാ സംഘങ്ങളെ അമർച്ച ചെയ്യാനായി സംസ്ഥാന വ്യാപകമായി ഓപറേഷൻ ആഗ് പരിപാടി നടക്കുന്നതിനാല്‍ തമ്മനം ഫൈസല്‍ ഉള്‍പ്പെടെയുള്ള ഗുണ്ടാ നേതാക്കള്‍ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഇതിനിടെയാണ് നാലു പേർ ഒരു സ്വകാര്യ കാറില്‍ ഫൈസലിന്റെ വീട്ടിലെത്തിയതായി പൊലീസിന് വിവരം ലഭിക്കുന്നത്. തുടർന്നായിരുന്നു റെയ്ഡ്. ഫൈസലിനെയും മറ്റൊരാളെയും കരുതല്‍ തടങ്കലിലാക്കി എന്നാണ് അറിയുന്നത്.
അങ്കമാലി പൊലീസ് റൂറല്‍ എസ്‌പിക്കും അദ്ദേഹം റേഞ്ച് ഐജിക്കും റിപ്പോർട്ട് ചെയ്തിരുന്നു. പൊലീസുകാരുടെ മൊഴി രേഖപ്പെടുത്തുന്നത് പൂർത്തിയായ ശേഷം റിപ്പോർട്ട് ഡിജിപിക്ക് കൈമാറും. ഡിവൈഎസ്‌പിക്കും പൊലീസുകാർക്കുമെതിരെ വകുപ്പുതല നടപടികളുണ്ടാകുമെന്നാണ് സൂചന.
കൊച്ചിയില്‍ ഏറ്റവുമാദ്യം കാപ്പ ചുമത്തപ്പെട്ട ഗുണ്ടാ നേതാക്കളിലൊരാളാണ് ജോർജ് എന്ന തമ്മനം ഫൈസല്‍. എറണാകുളം തമ്മനത്തെ വീട്ടിലെ വിളിപ്പേരായിരുന്നു ഫൈസല്‍. പിന്നീട് അമ്മയുടെ നാടായ അങ്കമാലി പുളിയനത്തേക്ക് താമസം മാറ്റിയതോടെ തമ്മനം ഫൈസല്‍ എന്നറിയപ്പെട്ടു. തർക്കത്തെ തുടർന്ന് അച്ഛനെ തല്ലിയ അയല്‍വാസിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചാണ് 18ാം വയസ്സില്‍ തമ്മനം ഫൈസല്‍ കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് എത്തുന്നത്. കൊച്ചി ഭരിച്ചിരുന്ന ഗുണ്ടാ നേതാവ് തമ്മനം ഷാജിയുടെ എതിരാളിയായാണ് ഫൈസല്‍ പിന്നീട് വളർന്നു വന്നത്. മുപ്പതിലേറെ കേസുകളില്‍ താൻ പ്രതിയായിരുന്നെന്നും ഇനി മൂന്നോ നാലോ കേസുകള്‍ മാത്രമേ ബാക്കിയുള്ളൂ എന്നുമാണ് ഫൈസല്‍ അടുത്തിടെ പറഞ്ഞത്.
താൻ കുറെ വർഷങ്ങളായി ഗുണ്ടാ പരിപാടികള്‍ക്കൊന്നും പോകാറില്ലെന്നും സ്വന്തമായി ടിപ്പറുകളും മാലിന്യം ശേഖരിക്കുന്ന വണ്ടിയും മറ്റ് കുടുംബ ബിസിനസുകളും നോക്കി നടത്തുകയാണ് ചെയ്യുന്നതെന്നാണ് ഫൈസല്‍ ചില യൂട്യൂബ് അഭിമുഖങ്ങളില്‍ അവകാശപ്പെട്ടിരുന്നത്. 2021ല്‍ മറ്റൊരു ഗുണ്ടാ സംഘത്തില്‍പ്പെട്ട ജോണി ആന്റണി എന്ന യുവാവിനെ തട്ടിക്കൊണ്ടു പോയി ക്രൂരമായ മർദിച്ച കേസാണ് ഫൈസലിനെതിരെ ഏറ്റവുമൊടുവില്‍ രജിസ്റ്റർ ചെയ്തത്. ഇതിന്റെ ദൃശ്യങ്ങള്‍ ഫൈസലും സംഘവും തന്നെ പരസ്യപ്പെടുത്തുകയും ചെയ്തിരുന്നു. തന്നെ വാളുകളുമായി ജോണി അടക്കമുള്ളവർ ഭീഷണിപ്പെടുത്തിയതിന് പകരം ചോദിച്ചതാണ് ആ സംഭവമെന്ന് ഫൈസല്‍ പിന്നീട് പറഞ്ഞിട്ടുണ്ട്. കരാട്ടെ അദ്ധ്യാപകൻ കൂടിയാണ് തമ്മനം ഫൈസല്‍.