തിരുവനന്തപുരത്ത് പോലീസിനെതിരെ കഞ്ചാവ് മാഫിയയുടെ ആക്രമണം; ജീപ്പ് അടിച്ചു തകർത്തു, പെട്രോൾ ബോംബ് എറിഞ്ഞു; പോലീസുകാരന് പരിക്ക്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കോട്ടൂരിൽ പോലീസിനെതിരെ കഞ്ചാവ് മാഫിയയുടെ ആക്രമണം. പോലീസിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞ സംഘം പോലീസ് ജീപ്പ് പൂർണമായും അടിച്ചുതകർത്തു. ആക്രമണത്തിൽ സിപിഒ ടിനോ ജോസഫിന് പരിക്കേറ്റു.
ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. പ്രദേശത്ത് കഞ്ചാവ് മാഫിയ പ്രവർത്തിക്കുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണത്തിന് എത്തിയ നെയ്യാർ പോലീസിന് നേർക്കാണ് ആക്രമണം. കുറ്റിച്ചൽ നെല്ലിക്കുന്ന് കോളനിയിൽ പോലീസ് എത്തിയ ഉടനെ കഞ്ചാവ് മാഫിയ സംഘടിതമായി ആക്രമിക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരു എഎസ്ഐയും രണ്ട് പോലീസുകാരും അടങ്ങുന്ന സംഘം കോട്ടൂരിന് സമീപം വ്ളാവെട്ടി നെല്ലിക്കുന്നിൽ പട്രോളിംഗ് നടക്കുന്നതിനിടെ മൂന്ന് ബൈക്കുകളിലായി 10 പേർ അടങ്ങുന്ന സംഘം പോലീസ് ജീപ്പിനെ പിന്തുടർന്നു. ഇവരുടെ കയ്യിൽ വടിവാൾ ഉൾപ്പടെയുള്ള മാരകായുധങ്ങളും പെട്രോൾ ബോംബും ഉണ്ടായിരുന്നു. തുടർന്ന് സംഘത്തിൻറെ സംഖ്യ കൂടുകയും അഞ്ച് ബൈക്കുകളിലായി 20 പേർ അടങ്ങുന്ന സംഘം എത്തി.
കാട്ടാക്കട സബ്ഡിവിഷനിലെ മുഴുവൻ സ്റ്റേഷനിലെ പോലീസുകാരും ഈ സംഘത്തെ പിടിക്കാൻ എത്തുകയും ചെയ്ത വിവരമറിഞ്ഞാണ് കഞ്ചാവ് സംഘം ബൈക്കുകളിൽ എത്തിയത്. ഇവർ ആദ്യം കല്ലേറ് നടത്തി. തുടർന്ന് പെട്രോൾ ബോംബെറിഞ്ഞു. ഇതിനിടെ അക്രമികൾ പോലീസുകാർക്ക് നേരെ വടിവാൾ വീശുകയും ചെയ്തു. മലയിൻകീഴ് സ്റ്റേഷനിലെ ജീപ്പ് കല്ലേറിൽ തകർന്നു.
വിവിധ സ്റ്റേഷനുകളിലെ പോലീസുകാർ ഈ സംഘത്തെ വളഞ്ഞതോടെ വീണ്ടും പെട്രോൾ ബോംബെറിഞ്ഞ് സംഘം കാട്ടിൽ ഓടിക്കയറി രക്ഷപ്പെട്ടു. 5 ബൈക്കുകൾ പോലീസ് പിടിച്ചെടുത്തു.
പ്രതികൾ കോട്ടൂർ കാട്ടിൽ ഒളിച്ചിരിക്കുകയാണ്. ഇവരെ പിടിക്കുന്നതിനായി കാട്ടാക്കട, നെയ്യാറ്റിൻകര സബ്ഡിവിഷനിലെ പോലീസ് സംഘം വനത്തിനുള്ളിൽ പരിശോധന നടത്തുകയാണ്. ഇവരെ സഹായിക്കാൻ വനം വകുപ്പും എത്തിയിട്ടുണ്ട്.
കോട്ടൂരിൽ കഞ്ചാവ് കച്ചവടം വൻ തോതിൽ നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് നെല്ലിക്കുന്ന് കോളനിയിലെ അഖിൽ എന്നയാളെ കഴിഞ്ഞ ദിവസം പിടികൂടി ജയിലാക്കിയിരുന്നു. ഇതിൽ വൈരാഗ്യം പൂണ്ടാകാം പോലീസ് സംഘത്തിനുനേരെ ആക്രമണം അഴിച്ചുവിട്ടത് എന്ന് പോലീസ് കരുതുന്നു.