കെ.ബി.ഗണേഷ്കുമാർ എംഎൽഎ യുടെ ഓഫീസിൽ അതിക്രമിച്ച് കയറിയ ആളെ കീഴ്പെടുത്തി; അതിക്രമം നടത്തിയത് സ്ഥിരം മദ്യപാനിയും ക്രിമിനലും; കൈയ്യും കാലും കെട്ടിയ ശേഷം പോലീസ് നിരീക്ഷണത്തിൽ ആശുപത്രിയിലേക്ക് മാറ്റി
സ്വന്തം ലേഖകൻ
കൊല്ലം: കെ.ബി. ഗണേഷ്കുമാര്‍ എംഎല്‍എയുടെ ഓഫീസില്‍ അതിക്രമിച്ച് കയറി അക്രമം നടത്തിയയാളെ കീഴ്പ്പെടുത്തി. അഞ്ചു മണിക്കൂറോളം കേരളാ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരും പൊലീസും ഫയര്‍ഫോഴ്സും പി പരിശ്രമിച്ചിട്ടാണ് കീഴ്പ്പെടുത്തിയത്. കയ്യും കാലും കെട്ടിയ ശേഷം പൊലീസ് നിരീക്ഷണത്തിൽ അക്രമിയെ ആശുപത്രിയിലേക്ക് മാറ്റി.
കമുകംഞ്ചേരി സ്വദേശിയായ ഉണ്ണിക്കൃഷ്ണന്‍ മദ്യപിച്ചെത്തിയ ശേഷമാണ് പത്തനാപുരം മഞ്ചള്ളൂരിലെ എംഎല്‍എ ഓഫീസില്‍ അതിക്രമിച്ച് കയറിയത്.
പുലര്‍ച്ചെ 3.30 മണിയോടെ മതില്‍കെട്ട് ചാടിക്കടന്നെത്തിയ ഇയാള്‍ എംഎല്‍എ ഓഫീസിലെ കതകില്‍ തട്ടിവിളിച്ചു. കതക് തുറന്നപ്പോൾ
കയ്യിലുണ്ടായിരുന്ന പ്ലയറുപയോഗിച്ച് ആഞ്ഞു വീശിയെങ്കിലും ഓഫീസ് ജീവനക്കാരൻ ഒഴിഞ്ഞുമാറി കതകടച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പിന്നീട് പൊലീസില്‍ വിരമറിയിക്കുകയായിരുന്നു. പൊലീസ് മിനിട്ടുകള്‍ക്കകം എത്തിയെങ്കിലും ഗേറ്റ് പൂട്ടിയിരിക്കുന്നതിനാല്‍ അകത്ത് കയറാന്‍ കഴിഞ്ഞില്ല. കൂടാതെ കോരിച്ചൊരിയുന്ന മഴയുമായിരുന്നു. പുറത്ത് നിന്നുകൊണ്ട് പൊലീസ് ഇയാളോട് വെളിയിലേക്ക് ഇറങ്ങാന്‍ പറഞ്ഞതോടെ മതില്‍ വഴി ഓഫീസ് കെട്ടിടത്തിന്റെ മുകള്‍ ഭാഗത്തേക്ക് കയറി.
കെട്ടിടത്തിന്റെ മുകളില്‍ കയറി നിന്ന് ഗണേശ് കുമാര്‍ എംഎല്‍എയ്ക്കെതിരെ രോഷപ്രകടനം നടത്തുകയും അസഭ്യം പറയുകയും ചെയ്തു.
എംഎല്‍എയെ കയ്യില്‍കിട്ടിയാല്‍ കൈകാര്യം ചെയ്യുമെന്നും ഭീഷണി മുഴക്കി. സംഭവമറിഞ്ഞ് കേരളാ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ഉടന്‍ തന്നെ സ്ഥലത്തെത്തി.അനുരഞ്ജന ശ്രമം നടത്തിയെങ്കിലും ഇയാള്‍ താഴെയിറങ്ങാന്‍ കൂട്ടാക്കിയില്ല. കെട്ടിടത്തിന് മുകളിലേക്ക് ആരെങ്കിലും വന്നാല്‍ താഴേക്ക് ചാടും എന്ന് ഭീഷണി മുഴക്കുകയും ചെയ്തു.
ഇതോടെ പൊലീസ് ഫയര്‍ ഫോഴ്സിനെ വിളിച്ചു വരുത്തി. ഇയാള്‍ ചാടുകയാണെങ്കില്‍ വല നിവര്‍ത്തി പിടിക്കാമെന്ന് തീരുമാനിച്ചു. ഇതിനിടയില്‍ മുകളില്‍ കയറി കീഴ്പ്പെടുത്താന്‍ ശ്രമിച്ച പാര്‍ട്ടി പ്രവര്‍ത്തകനും വ്യാപാരിയുമായ ബിജുവിനെ അക്രമി കയ്യില്‍ കരുതിയിരുന്ന പ്ലയറുപയോഗിച്ച് തലയടിച്ചു പൊട്ടിച്ചു.
അക്രമിയുടെ കയ്യില്‍ ആയുധമുണ്ടായതിനാല്‍ എല്ലാവരും കരുതലോടെ നിന്നു. 8.30 മണിയോടെ കൂടുതല്‍ പാര്‍ട്ടീ പ്രവര്‍ത്തകരും ഫയര്‍ഫോഴ്സ് പൊലീസ് ഉദ്യോഗസ്ഥരും ഇയാളുടെ മേല്‍ ചാടിവീണ് കീഴ്പ്പെടുത്തുകയായിരുന്നു. കുതറി രക്ഷപെടാന്‍ ശ്രമിച്ച ഉണ്ണികൃഷ്ണനെ കയറുപയോഗിച്ച് കെട്ടിവരിഞ്ഞതിന് ശേഷം മുകളില്‍ നിന്നും താഴേക്ക് കൊണ്ടു വന്നു.
പലപ്പോഴും എംഎല്‍എയ്ക്കെതിരെ പുലഭ്യം പറയുന്നുണ്ടായിരുന്നു.
ഉണ്ണികൃഷ്ണനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് വൈദ്യ പരിശോധന നടത്തിയ ശേഷം സ്റ്റേഷനിലേക്ക് കൊണ്ടു പോകും. സ്ഥിര മദ്യപാനിയായ ഇയാള്‍ മുന്‍പും പലവിധ കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറയുന്നു. ഏതെങ്കിലും പാര്‍ട്ടീ ബന്ധമുണ്ടോയെന്ന് ഇതുവരെ വിവരം ലഭ്യമായിട്ടില്ല. സംഭവത്തില്‍ പത്തനാപുരം പൊലീസ് അന്വേഷണം തുടങ്ങി.