വൃദ്ധമാതാപിതാക്കളെ ഉലക്കയ്ക്കടിച്ച കേസില്‍ മകനും മരുമകള്‍ക്കും ജാമ്യമില്ല; അമ്മയുടെ മൂക്കിന്റെ എല്ല് അടിച്ച് പൊട്ടിച്ചത് മകന്‍; മരുമകള്‍ അമ്മായിയമ്മയെ തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊല്ലാന്‍ ശ്രമിച്ചശേഷം ഉലക്കകൊണ്ട് അടിച്ചു; ആക്രമണം അതിക്രൂരമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍; തൃശ്ശൂരില്‍ നടന്ന കണ്ണില്ലാത്ത ക്രൂരതയ്ക്ക് മാപ്പില്ല
സ്വന്തം ലേഖകന്‍
തൃശൂര്‍: വൃദ്ധമാതാപിതാക്കളെ ഉലക്കകൊണ്ട് പരുക്കേല്‍പ്പിച്ച കേസില്‍ മകന്റെയും ഭാര്യയുടെയും ജാമ്യാപേക്ഷ കോടതി തള്ളി. ഒല്ലൂര്‍ ജാസ്മിന്‍ റോഡ് മാടമ്ബിക്കാട്ടില്‍ സാനന്ദ് (38), ഭാര്യ തേജസ് (30) എന്നിവരുടെ ജാമ്യാപേക്ഷയാണ് തൃശൂര്‍ ജില്ലാ സെഷന്‍സ് ജഡ്ജി ഡി. അജിത് കുമാര്‍ തള്ളിയത്. കഴിഞ്ഞ മാസം പത്തൊമ്ബതിനാണു കേസിനാസ്പദമായ സംഭവം.
മകന്‍ സംരക്ഷിക്കുന്നില്ലെന്ന് ആരോപിച്ച് മാതാപിതാക്കള്‍ ആര്‍.ഡി.ഒയ്ക്കു പരാതി നല്‍കിയതിനു പിന്നാലെയാണ് ക്രൂരമായ ആക്രമണം അരങ്ങേറിയത്. കേസിലെ ഒന്നാം പ്രതിയായ മരുമകള്‍ തേജസ്, ഭര്‍തൃമാതാവിനെ തലയിണയുപയോഗിച്ചു ശ്വാസംമുട്ടിച്ചു കൊല്ലാന്‍ ശ്രമിച്ച ശേഷം ഉലക്കകൊണ്ട് അടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേസിലെ രണ്ടാം പ്രതിയും അക്രമണത്തിനിരയായ വൃദ്ധദമ്പതികളുടെ മകനുമായ സാനന്ദ് മൂക്കിന്റെ എല്ല് അടിച്ചു പൊട്ടിച്ചെന്നും മരവടികള്‍കൊണ്ടു മാരകമായി പരുക്കേല്‍പ്പിച്ചെന്നു, പരാതിയില്‍ പറയുന്നു.
സാനന്ദിന്റെ പിതാവ് തേജസിന്റെ കൈയില്‍ കടിച്ചതുകൊണ്ടാണ് മാതാവിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.
മുലകുടിമാറാത്ത കുഞ്ഞുള്ളതിനാല്‍ മുന്‍കൂര്‍ ജാമ്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് ജാമ്യാപേക്ഷ നല്‍കിയെങ്കിലും ചികിത്സാ രേഖകളില്‍ പ്രതികള്‍ അതിക്രൂരമായാണു മാതാപിതാക്കളെ ഉപദ്രവിച്ചതെന്നു ബോധ്യപ്പെട്ടെന്നും ജാമ്യത്തിന് അര്‍ഹരല്ലെന്നും ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.ഡി. ബാബുവിന്റെ വാദം പരിഗണിച്ചാണു ഹര്‍ജി തള്ളിയത്.
21ന് അറസ്റ്റിലായ സാനന്ദ് റിമാന്‍ഡില്‍ കഴിയുകയാണ്. തേജസ് ഒളിവിലാണ്.