ഗുണ്ടാബന്ധമുള്ള പൊലീസുകാരെ കണ്ടെത്താന്‍ ജില്ലാതല പരിശോധന

ഗുണ്ടാബന്ധമുള്ള പൊലീസുകാരെ കണ്ടെത്താന്‍ ജില്ലാതല പരിശോധന

സ്വന്തം ലേഖകൻ

തിരുവനന്തപുരം:ഗുണ്ടാബന്ധമുള്ള പൊലീസുകാരെ കണ്ടെത്താന്‍ ജില്ലതല പരിശോധന നടത്താന്‍ ഡി.ജി.പി അനില്‍ കാന്ത് ജില്ല പൊലീസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി. ഗുണ്ടാ-മാഫിയ ബന്ധമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന്‍റെ ഭാഗമായാണിത്. രഹസ്യാന്വേഷണവിഭാഗത്തിന്‍റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാനും നിര്‍ദേശമുണ്ട്.

തലസ്ഥാനത്ത് ഗുണ്ട-മാഫിയ സംഘങ്ങളുമായി ബന്ധമുണ്ടെന്ന ആരോപണം നേരിടുന്ന ഡിവൈ.എസ്.പിമാര്‍, മുന്‍ ഡിവൈ.എസ്.പി എന്നിവര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചു. രഹസ്യവിവരങ്ങള്‍ കൈമാറേണ്ട സ്പെഷല്‍ ബ്രാഞ്ചിലെ ഉന്നതന്‍ ഗുണ്ടാസംഘങ്ങളുടെ ഒത്തുചേരലില്‍ പങ്കെടുത്തെന്ന ആരോപണം പ്രത്യേകം അന്വേഷിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പല ജില്ലകളിലും പൊലീസുകാരും മാഫിയ സംഘങ്ങളും തമ്മിലെ അവിശുദ്ധ ബന്ധം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ രഹസ്യാന്വേഷണ വിഭാഗത്തിന് വീഴ്ച സംഭവിച്ചെന്ന് വിലയിരുത്തലുണ്ട്. അതിനെതുടര്‍ന്നാണ് ജില്ല പൊലീസ് മേധാവിമാരുടെയും സ്പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പിമാരുടെയും യോഗം വൈകാതെ വിളിക്കാന്‍ തീരുമാനിച്ചത്.

ഇന്‍റലിജന്‍സ് മേധാവിയുടെ നിര്‍ദേശാനുസരണം സ്റ്റേറ്റ് സ്പെഷല്‍ ബ്രാഞ്ച് ഗുണ്ട-മാഫിയ ബന്ധമുള്ള എസ്.എച്ച്‌.ഒമാരുടെയും ഡിവൈ.എസ്.പിമാരുടെയും റിപ്പോര്‍ട്ട് തയാറാക്കുന്നുണ്ട്. ഇതു പരിശോധിച്ചശേഷം കുറ്റക്കാരെന്ന് കണ്ടെത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കും.