ധീരജിന്‍റെ കൊലപാതകം ആസൂത്രിതമാണെന്ന ആരോപണം ആവര്‍ത്തിച്ച് സിപിഎം; പെട്ടെന്നുണ്ടായ പ്രകോപനം മൂലമെന്ന ജില്ലാ പൊലീസ് മേധാവി ആര്‍ കറുപ്പസ്വാമിയുടെ നിഗമനം തെറ്റെന്ന് ഇടുക്കി സിപിഎം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്

ധീരജിന്‍റെ കൊലപാതകം ആസൂത്രിതമാണെന്ന ആരോപണം ആവര്‍ത്തിച്ച് സിപിഎം; പെട്ടെന്നുണ്ടായ പ്രകോപനം മൂലമെന്ന ജില്ലാ പൊലീസ് മേധാവി ആര്‍ കറുപ്പസ്വാമിയുടെ നിഗമനം തെറ്റെന്ന് ഇടുക്കി സിപിഎം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്

സ്വന്തം ലേഖകൻ
ഇടുക്കി: ധീരജിന്‍റെ കൊലപാതകം ആസൂത്രിതമാണെന്ന ആരോപണം ആവര്‍ത്തിക്കുകയാണ് സിപിഎം. പെട്ടെന്നുണ്ടായ പ്രകോപനം മൂലമാണ് കൃത്യം നടത്തിയെതെന്ന ജില്ലാ പൊലീസ് മേധാവി ആര്‍ കറുപ്പസ്വാമിയുടെ നിഗമനം തെറ്റെന്ന് ഇടുക്കി സിപിഎം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്.

അന്വേഷണം തുടങ്ങുമ്പോഴേ നിഗമനത്തില്‍ എത്തണ്ട. മുന്‍വിധികളോടെ സംസാരിക്കുകയും വേണ്ട. ഇടുക്കി ജില്ലാ പൊലീസ് മേധാവിക്ക് മുകളിലും ആളുകളുണ്ടല്ലോ, സിപിഎം ജില്ലാ ഘടകം മുന്നറിയിപ്പ് നല്‍കുന്നു.

കൊന്നത് ക്യാമ്പസിന് പുറത്തുനിന്നും വന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്. എല്ലാവരുടെ കയ്യിലും ആയുധങ്ങളുണ്ടായിരുന്നു. അതുപയോഗിച്ചാണ് ധീരജിനെയും അമലിനെയും അഭിജിത്തിനെയും കുത്തിയത്. ധീരജിന് നെഞ്ചത്താണ് കുത്ത് കൊണ്ടത്. മരണകാരണം അതാണെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൃത്യമായി പറയുന്നുണ്ട്. കൃത്യമായി പരിശീലനം കിട്ടിയവരാണ് ക്യാമ്പസില്‍ കയറി അക്രമം നടത്തിയത്. എന്നിട്ട് ഇതൊന്നും ആസൂത്രിതമല്ലെന്ന് എങ്ങനെ പറയാനാകുമെന്നും ഇടുക്കി സിപിഎം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ധീരജിനെ കുത്തിയ നിഖില്‍ പൈലിയെയും കെഎസ്‍യു നേതാവ് ജെറിന്‍ ജോജോയെയും അടക്കം കട്ടപ്പന കോടതി ജനുവരി 25 വരെ റിമാന്‍ഡില്‍ വിട്ടിരിക്കുകയാണ്.

എന്നാല്‍ കൂട്ടം കൂടി നിരവധി പേര്‍ തന്നെ ആക്രമിക്കാന്‍ വന്നപ്പോള്‍ ഓടി രക്ഷപ്പെടുക മാത്രമാണ് ചെയ്തതെന്നാണ് നിഖില്‍ പൈലി കോടതിയില്‍ പറഞ്ഞത്. ഓടി രക്ഷപ്പെട്ട താനാണ് അടി നടക്കുന്ന വിവരം പൊലീസിനെ അറിയിച്ചതെന്നും, ധീരജിനെയും കൊണ്ട് വാഹനം കടന്നുപോകുന്നത് വരെ കത്തിക്കുത്ത് നടന്നത് അറിഞ്ഞിട്ടേയില്ലെന്നും ജെറിന്‍ ജോജോ കോടതിയില്‍ പറഞ്ഞു.

കൊലയ്ക്ക് ഉപയോഗിച്ച കത്തി ഓടി രക്ഷപ്പെടുന്നതിനിടയില്‍ കാട്ടില്‍ എറിഞ്ഞു കളഞ്ഞുവെന്നാണ് നിഖില്‍ പൈലി പൊലീസിന് മൊഴി നല്‍കിയത്.

കൂടുതല്‍ അന്വേഷണങ്ങള്‍ക്കും തെളിവെടുപ്പിനുമായി പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പൊലീസ് നാളെ കോടതിയില്‍ അപേക്ഷ നല്‍കും. എസ്‌എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജിന്‍റെ കൊലയ്ക്ക് പിന്നില്‍ ഉന്നതതല ഗൂഢാലോചനയുണ്ടെന്നാണ് സിപിഎം ആരോപണം. കോളേജിന് പുറത്ത് നിന്നെത്തിയവര്‍ ഒറ്റക്കുത്തിനാണ് ധീരജിനെ കൊന്നത്. പരിശീലനം കിട്ടിയവരാണ് ആക്രമണം നടത്തിയത്. ഇതെല്ലാം ആസൂത്രിതമാണെന്നും സിപിഎമ്മും എസ്‌എഫ്‌ഐയും ആരോപിച്ചു.

ഇതോടെയാണ് കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. കേസില്‍ ഒളിവിലുള്ള പ്രതികള്‍ക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

അതേസമയം, ധീരജിനൊപ്പം കുത്തേറ്റ് ഇടുക്കി മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള അഭിജിത്തിനെ തൃശ്ശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. നെഞ്ചിലെ മുറിവില്‍ പഴുപ്പ് കണ്ടത്തിയതിനെ തുടര്‍ന്നാണ് തീരുമാനം. അഭിജിത്തിനും നെഞ്ചിലാണ് കുത്തേറ്റത്.