മഞ്ഞപ്പടയുടെ ജയം എതിരില്ലാത്ത രണ്ട് ​ഗോളുകൾക്ക്; ഒന്നാംസ്ഥാനം തിരിച്ച് പിടിച്ച് ബ്ലാസ്റ്റേഴ്സ്

മഞ്ഞപ്പടയുടെ ജയം എതിരില്ലാത്ത രണ്ട് ​ഗോളുകൾക്ക്; ഒന്നാംസ്ഥാനം തിരിച്ച് പിടിച്ച് ബ്ലാസ്റ്റേഴ്സ്

Spread the love

സ്വന്തം ലേഖകൻ
പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) എട്ടാം പതിപ്പില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് കേരള ബ്ലാസ്റ്റേഴ്സ്. ഒഡീഷയെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തി പോയിന്റ് പട്ടികയില്‍ വീണ്ടും ഒന്നാം സ്ഥാനത്തെത്തി. മധ്യനിര താരം അഡ്രിയാന്‍ ലൂണയുടെ പ്രകടനമാണ് നിര്‍ണായകമായത്. നിഷു കുമാര്‍, ഹര്‍മന്‍ജോത് ഖബ്ര എന്നിവരാണ് ബ്ലാസ്റ്റേഴ്സിനായി ഗോള്‍ നേടിയത്.

ഇവാന്‍ വുകുമനോവിച്ചിന്റെ ഒഡീഷയ്ക്കെതിരായ തന്ത്രം ആക്രമണം തന്നെയായിരുന്നു. ആദ്യ പകുതിയിലെ കണക്കുകള്‍ അത് തെളിയിക്കുന്നു. 10 ഷോട്ടുകളാണ് ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ ഒഡീഷയുടെ ഗോള്‍ മുഖത്തേയ്ക്ക് തൊടുത്തത്. ഒഡീഷയാകട്ടെ രണ്ടില്‍ ഒതുങ്ങി. ആദ്യ പകുതിയല്‍ സമ്പൂര്‍ണ ആധിപത്യം സ്ഥാപിക്കാന്‍ മഞ്ഞപ്പടയ്ക്കായി. ആറാം മിനിറ്റില്‍ തന്നെ അഡ്രിയാന്‍ ലൂണയുടെ തന്ത്രം ഫലം കണ്ടു. ലൂണ-വാസ്ക്വസ് സഖ്യത്തിന്റെ മുന്നേറ്റം. ബോക്സിനുള്ളിലേക്ക് സഹലിന് പന്ത് കൈമാറി.

പക്ഷെ ഒഡീഷയുടെ ഗോളി അര്‍ഷദീപ് സിങ് പന്ത് കൈപ്പിടിയിലൊതുക്കി അപകടം തരണം ചെയ്തു. പിന്നീടും ഗോളിനായി നിരന്തരം ബ്ലാസ്റ്റേഴ്സ് ശ്രമിച്ചെങ്കിലും പലതും ലക്ഷ്യം തെറ്റി. 28-ാം മിനിറ്റില്‍ നിഷു കുമാറിലൂടെ ബ്ലാസ്റ്റേഴ്സ് ലീഡ് നേടി. ലൂണയായിരുന്നു ഗോളിന് വഴിയൊരുക്കിയത്. ബോക്സിന് മുന്നിലായി നിന്ന നിഷുവിന് പന്ത് അനായാസം കൈമാറി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒഡീഷയുടെ പ്രതിരോധ താരത്തെ മറികടന്ന് നിഷുവിന്റെ വലം കാല്‍ ഷോട്ട് അര്‍ഷദീപിനെ മറികടന്ന് വലതൊട്ടു. നിഷുവിന്റെ സീസണിലെ ആദ്യ ഗോളായിരുന്നു ഇത്. ആദ്യ ഗോള്‍ വീണതിന് ശേഷം കൂടുതല്‍ ആത്മവിശ്വാസത്തോടെയായിരുന്നു മഞ്ഞപ്പടയുടെ മുന്നേറ്റനിരയുടെ കളി. വാസ്ക്വസും പെരേയ്രരയും നിരന്തരം ശ്രമങ്ങള്‍ നടത്തി. ആദ്യ പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെയാണ് രണ്ടാം ഗോള്‍ പിറന്നത്. ലൂണയുടെ കോര്‍ണറില്‍ ഹര്‍മന്‍ജോത് ഖബ്രയുടെ ബുള്ളറ്റ് ഹെഡര്‍.

രണ്ടാം പകുതിയിലും ആക്രമണശൈലി ബ്ലാസ്റ്റേഴ്സ് തുടരുകയായിരുന്നു. ലൂണ-വാസ്ക്വസ്-പെരേയ്രര ത്രയത്തിന്റെ മുന്നേറ്റങ്ങളായിരുന്നു മൈതാനത്ത് കണ്ടത്. 60-ാം മിനിറ്റു വരെ തുടര്‍ന്ന ആധിപത്യം പിന്നീട് മങ്ങി. ഒഡീഷ താരങ്ങള്‍ നിരന്തരം ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിനെ പരീക്ഷിച്ചു. 15 മിനിറ്റിനിടെ ആറ് തവണെയായിരുന്നു ഒഡീഷ താരങ്ങള്‍ ഗോള്‍ ലക്ഷ്യമാക്കി ഷോട്ടുതിര്‍ത്തത്.

അവസാന പത്ത് മിനിറ്റില്‍ കളി തിരിച്ചു പിടിക്കാന്‍ ബ്ലാസ്റ്റേഴ്സിന് സാധിച്ചു. ഗോള്‍ കണ്ടെത്താനായി വാസ്ക്വസ് ശ്രമങ്ങള്‍ തുടര്‍ന്നെങ്കിലും ഫലം കാണാതെ പോയി. താരം ഗോളിന് അര്‍ഹിച്ച മത്സരം കൂടിയായിരുന്നു അത്. 11 മത്സരങ്ങളില്‍ നിന്ന് അഞ്ച് വീതം ജയവും സമനിലയും ഒരു തോല്‍വിയുമാണ് ബ്ലാസ്റ്റേഴ്സിന്റെ സമ്പാദ്യം. 20 പോയിന്റോടെ ജംഷദ്പൂരിനെ മറികടന്നാണ് ഒന്നാം സ്ഥാനത്തെത്തിയത്.