പ്രാർത്ഥനകൾ മുറുകും മുൻപ് തന്നെ അവൾ ലോകത്തോട് വിട പറഞ്ഞിരുന്നു ; കാണാതായി ഒരു മണിക്കൂറിനകം തന്നെ ദേവനന്ദയ്ക്ക് മരണം സംഭവിച്ചിരുന്നുവെന്ന് ഡോക്ടർമാർ
സ്വന്തം ലേഖകൻ
കൊല്ലം: കൊല്ലം പള്ളിമൺ ഇളവൂരിൽ കാണാതായ ദേവനന്ദ ഉച്ചയ്ക്കു മുൻപ് തന്നെ മരിച്ചിരുന്നുവെന്ന് ഡോക്ടർമാർ. ദേവനന്ദയെ കാണാതായി ഒരു മണിക്കൂറിനകം തന്നെ മരണം സംഭവിച്ചിട്ടുണ്ടെന്നാണ് ദേവനന്ദയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർമാരുടെ നിഗമനം.
വ്യാഴാഴ്ച രാവിലെ പത്തു മണിയോടെയാണ് വീട്ടിൽ കളിച്ചുകൊണ്ടിരുന്ന ദേവനന്ദയെ കാണാതായത്. എന്നാൽ ഉച്ചയ്ക്ക് മുൻപു മരണം സംഭവിച്ചെന്നാണ് ഡോക്ടർമാർ പറയുന്നത്. അതേസമയം കുട്ടിയുടെ മരണം മുങ്ങിമരണം മാത്രമാണെന്നും ഉപദ്രവിക്കപ്പെട്ടതിന്റെ ലക്ഷണങ്ങളൊന്നും ശരീരത്തിലില്ലെന്ന് കുട്ടിയെ പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർമാർ പൊലീസിനെ അറിയിച്ചതായാണ് സൂചന. അതേസമയം ദേവനന്ദയുടെ ആന്തരികാവയവങ്ങൾ വിശദമായ ശാസ്ത്രീയമായ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. ഇതിന്റെ കൂടി ഫലം ലഭിച്ചശേഷമാകും അന്തിമ റിപ്പോർട്ട് പൊലീസിന് നൽകുക.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പോസ്റ്റുമോർട്ടത്തിൽ ചെളിയും വെള്ളവും ശ്വാസകോശത്തിലും വയറ്റിലും കണ്ടെത്തി. ദേവനന്ദയുടെ മൃദേഹത്തിൽ മുറിവുകളോ ചതവുകളോ ഇല്ലെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ടിലും സൂചിപ്പിച്ചിരുന്നു.
ശരീരത്തിൽ ബാഹ്യമായ പരിക്കുകൾ ഇല്ല. കുട്ടിയുടെ മൃതദേഹത്തിൽ വസ്ത്രങ്ങളെല്ലാം ഉണ്ടായിരുന്നു. മൃതദേഹത്തിൽ ബലപ്രയോഗത്തിന്റെ ലക്ഷണങ്ങൾ ഇല്ലെന്നും ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പറയുന്നു. വെള്ളിയാഴ്ച രാവിലെ ഏഴേമുക്കാലോടെയാണ് ഇത്തിരക്കരയാറ്റിൽ വള്ളിപ്പടർപ്പുകൾ നിറഞ്ഞ ഭാഗത്തുനിന്നും ദേവനന്ദയുടെ മൃതദേഹം കണ്ടെത്തുന്നത്. കമിഴ്ന്നു കിടക്കുന്ന രീതിയിലായിരുന്നു ആറ്റിൽ നിന്നും കുട്ടിയുടെ മൃദേഹം കണ്ടെത്തിയത്.