ആലപ്പുഴയിലെ കാപ്പിക്കോ റിസോര്‍ട്ട് മാര്‍ച്ച്‌ 28-നകം പൊളിക്കണം; നടപടികള്‍ പൂര്‍ത്തിയായില്ലെങ്കിൽ ചീഫ് സെക്രട്ടറിക്ക് എതിരെ കോടതിയലക്ഷ്യത്തിന് നടപടി; അന്ത്യശാസനവുമായി സുപ്രീംകോടതി

ആലപ്പുഴയിലെ കാപ്പിക്കോ റിസോര്‍ട്ട് മാര്‍ച്ച്‌ 28-നകം പൊളിക്കണം; നടപടികള്‍ പൂര്‍ത്തിയായില്ലെങ്കിൽ ചീഫ് സെക്രട്ടറിക്ക് എതിരെ കോടതിയലക്ഷ്യത്തിന് നടപടി; അന്ത്യശാസനവുമായി സുപ്രീംകോടതി

സ്വന്തം ലേഖകൻ

ദില്ലി: ആലപ്പുഴയിലെ കാപ്പിക്കോ റിസോര്‍ട്ട് പൊളിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി.കോടതി ഉത്തരവ് വന്ന് വര്‍ഷങ്ങളായിട്ടും നടപടികള്‍ പൂര്‍ത്തിയാകാത്തതിലും കോടതി അതൃപ്തി അറിയിച്ചു.

മാര്‍ച്ച്‌ 28നകം പൊളിക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും ഇല്ലെങ്കില്‍ കോടതിയലക്ഷ്യത്തിന് കേസ് എടുക്കുമെന്നും സുപ്രീംകോടതി സംസ്ഥാനത്തിന് അന്ത്യശാസനം നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റിസോര്‍ട്ട് പൊളിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് സുപ്രീംകോടതി ഇന്ന് കേരളത്തിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്.നടപടികള്‍ പൂര്‍ത്തിയാകാത്തതില്‍ ചീഫ് സെക്രട്ടറിക്ക് നേരെ കോടതിയലക്ഷ്യത്തിന് നടപടി എടുക്കുമെന്ന് ജസ്റ്റിസ് സുധാന്‍ഷു ധൂലിയ അധ്യക്ഷനായ ബെഞ്ച് മുന്നറിയിപ്പ് നല്‍കി. എന്നാല്‍ പൊളിക്കല്‍ നടപടികള്‍ തുടങ്ങിയെന്നും ഇത് പൂര്‍ത്തിയാക്കാന്‍ കുറച്ച്‌ സമയം കൂടി മാത്രം മതിയാകുമെന്നും സംസ്ഥാനത്തിനായി ഹാജരായ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ സി.കെ ശശി സുപ്രീം കോടതിയെ അറിയിച്ചു.

ഇത് കണക്കിലെടുത്ത് നാല് ആഴ്ചയ്ക്കുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ചീഫ് സെക്രട്ടറിയ്ക്ക് എതിരെ കോടതിയലക്ഷ്യത്തിന് നടപടിയെടുക്കുമെന്ന് സുപ്രീം കോടതി പറഞ്ഞു. മാര്‍ച്ച്‌ 28നകം പൊളിക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നാണ് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം.

ആലപ്പുഴ പാണാവള്ളി പഞ്ചായത്തിലെ നെടിയ തുരുത്ത് ദ്വീപില്‍ നിര്‍മിച്ച കാപികോ റിസോര്‍ട്ട് പൊളിച്ചു നീക്കണമെന്ന് 2020 ജനുവരി പത്തിനാണ് സുപ്രീംകോടതി ഉത്തരവിട്ടത്. തീരദേശ നിയമം ലംഘിച്ച്‌ നിര്‍മ്മിച്ച കെട്ടിട്ടം പൊളിച്ചു കളയാനുള്ള ഹൈക്കോടതി വിധി ശരിവച്ചാണ് സുപ്രീംകോടതി ഉത്തരവിട്ടത്. കഴിഞ്ഞവര്‍ഷം സെപ്തംബര്‍ 14നാണ് പൊളിക്കല്‍ നടപടികള്‍ തുടങ്ങിയത്.

കേസില്‍ സംസ്ഥാനത്തിനായി സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ സി.കെ ശശി, അഭിഭാഷകന്‍ അബ്ദുള്ള നസീഹ് എന്നിവര്‍ ഹാജരായി. കേസില്‍ ഹര്‍ജിക്കാരായ ആലപ്പുഴയിലെ ജനസമ്പര്‍ക്കസമിതിക്കായി അഭിഭാഷകന്‍, പി സുരേഷന്‍ ഹാജരായി. പൊളിക്കല്‍ വൈകുന്നതില്‍ ജനസമ്പര്‍ക്കസമിതിയാണ് കോടതയലക്ഷ്യത്തിന് സുപ്രീം കോടതിയെ സമീപിച്ചത്.

Tags :