ട്രെയിനിനു മുന്നിൽ കുടുങ്ങിയ മൃതദേഹവുമായി പാസഞ്ചർ ഓടിയത് നാലു കിലോമീറ്ററോളം: കൊല്ലം – എറണാകുളം പാസഞ്ചർ ചിങ്ങവനം റെയിൽവേ സ്റ്റേഷനിൽ പിടിച്ചിട്ടത് ഒരുമണിക്കൂറോളം

ട്രെയിനിനു മുന്നിൽ കുടുങ്ങിയ മൃതദേഹവുമായി പാസഞ്ചർ ഓടിയത് നാലു കിലോമീറ്ററോളം: കൊല്ലം – എറണാകുളം പാസഞ്ചർ ചിങ്ങവനം റെയിൽവേ സ്റ്റേഷനിൽ പിടിച്ചിട്ടത് ഒരുമണിക്കൂറോളം

തേർഡ് ഐ ബ്യൂറോ

കോട്ടയം: ട്രെയിനിനു മുന്നിൽ ചാടിയ യുവാവിന്റെ മൃതദേഹവുമായി പാസഞ്ചർ ട്രെയിൻ ഓടിയത് അഞ്ചു കിലോമീറ്ററോളം. എൻജിനു മുന്നിലെ കമ്പിയിൽ കോർത്തു കിടന്ന മൃതദേഹം കണ്ടെത്തിയത് തൊട്ടടുത്ത റെയിൽവേ സ്‌റ്റേഷനിൽ എത്തിയ ശേഷം മാത്രം. പൊലീസ് എത്തി മൃതദേഹം നീക്കം ചെയ്യുന്നതുവരെ ട്രെയിൻ റെയിൽവേ സ്റ്റേഷനിൽ പിടിച്ചിട്ടു. ഇതോടെ കോട്ടയം – കായംകുളം റൂട്ടിൽ അരമണിക്കൂറോളം ട്രെയിൻ ഗതാഗതം തടസപ്പെടുകയും ചെയ്തു.

ബുധനാഴ്ച രാവിലെ ചങ്ങനാശേരിയ്ക്കും – ചിങ്ങവനത്തിനും ഇടയിൽ കുറിച്ചി ഭാഗത്തു വച്ചായിരുന്നു അപകടം. കൊല്ലം എറണാകുളം പാസഞ്ചർ ട്രെയിൻ കുറിച്ചി ഭാഗത്ത് എത്തിയപ്പോൾ യുവാവ് മുന്നിൽ ചാടുകയായിരുന്നു. എന്നാൽ, യുവാവിന്റെ മൃതദേഹം എവിടേയ്ക്കു തെറിച്ചു പോയി എന്ന് എൻജിൻ ഡ്രൈവർമാർ കണ്ടിരുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ട്രെയിൻ ചിങ്ങവനം റെയിൽവേ സ്‌റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ എത്തിയപ്പോൾ റെയിൽവേ ജീവനക്കാരാണ് എൻജിനു മുന്നിലെ കമ്പിയിൽ കോർത്തു നിൽക്കുന്ന രീതിയിൽ മൃതദേഹം കണ്ടെത്തിയത്. തുടർന്നു ഇവർ വിവരം എൻജിൻ ഡ്രൈവർമാരെ അറിയിച്ചു. തുടർന്നു ചിങ്ങവനം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ബിൻസ് ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം റെയിൽവേ സ്റ്റേഷനിൽ എത്തി.

തുടർന്നു മേൽനടപടികൾ സ്വീകരിച്ച് മൃതദേഹം ട്രെയിനിനു മുന്നിൽ നിന്നും നീക്കം ചെയ്തു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റിയിട്ടുണ്ട്. എല്ലാ ദിവസവും 5.55 നാണ് ട്രെയിൻ കോട്ടയത്ത് എത്തേണ്ടത്. എന്നാൽ, ബുധനാഴ്ച ട്രെയിൻ ലേറ്റായിരുന്നു. 6.15 നാണ് ചിങ്ങവനം സ്‌റ്റേഷനിൽ ട്രെയിൻ എത്തിയത്. മൃതദേഹം നീക്കം ചെയ്ത ശേഷം ഏഴരയോടെയാണ് ട്രെയിൻ റെയിൽവേ സ്‌റ്റേഷനിൽ നിന്നും വിട്ടത്. ഒരു മണിക്കൂറോളം ഇതോടെ ട്രെയിൻ ലേറ്റാകുകയും ചെയ്തിട്ടുണ്ട്.

എന്നാൽ , ട്രെയിന് മുന്നിൽ ചാടിയ ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഇതര സംസ്ഥാന തൊഴിലാളി ആണ് എന്നാണ് സംശയം. സംഭവത്തിൽ ചിങ്ങവനം പൊലീസ് കേസെടുത്തിട്ടുണ്ട്.