വീടിനുള്ളിൽ തൂങ്ങിമരിച്ചയാളുടെ മൃതദേഹം താഴെയിറക്കാതെ പൊലീസ്; ഭാര്യ കാവലിരുന്നത് 16 മണിക്കൂർ: ജില്ല പൊലീസ് മേധാവിയുടെ ഔദ്യോഗിക വസതിയുടെ നേരെ എതിർവശത്തെ വീട്ടിലാണ് സംഭവം
സ്വന്തം ലേഖകൻ
ആലുവ: വീടിനുള്ളിൽ തൂങ്ങിമരിച്ച ഭർത്താവിന്റെ മൃതദേഹം നിലത്തിറക്കി ആശപത്രിയിൽ കൊണ്ടുപോവാൻ ഭാര്യ പൊലീസിനെ കാത്തിരുന്നത് 16 മണിക്കൂർ. പോസ്റ്റുമോർട്ടത്തിനായി മൃതദേഹം ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ച് 19 മണിക്കൂർ കഴിഞ്ഞിരുന്നു.
റൂറൽ ജില്ല പൊലീസ് മേധാവിയുടെ ഔദ്യോഗിക വസതിയുടെ നേരെ എതിർവശത്തെ വീട്ടിലാണ് സംഭവം. തോട്ടയ്ക്കാട്ടുകര കരുതിക്കുഴി ജോഷി(67) ആണ് തിങ്കളാഴ്ച ഉച്ചക്ക് രണ്ടോടെയാണ് ജീവനൊടുക്കിയത്. ഇയാൾ പെയിന്റിങ് തൊഴിലാളിയായിരുന്നു . സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഭാര്യ ലിസി വൈകുന്നേരം വീട്ടിലെത്തിയപ്പോഴാണ് ഭർത്താവ് തൂങ്ങിനിൽക്കുന്നത് കാണുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കാൻസർ രോഗിയാണ് ലിസി. ഇവരുടെ നിലവിളി കേട്ട് അയൽക്കാരും, എസ്പിയുടെ ക്യാംപ് ഓഫീസിലെ പൊലീസുകാരമെത്തി. മരിച്ചോ ജീവനുണ്ടോ എന്നറിയാത്തതിനാൽ നിലത്തിറക്കി ആശുപത്രിയിൽ കൊണ്ടുപോവാമെന്ന് നാട്ടുകാർ പറഞ്ഞു. എന്നാൽ പൊലീസ് എത്താതെ ഒന്നും ചെയ്യരുതെന്ന് പറഞ്ഞ് എസ്പി ക്യാംപിൽ നിന്ന് എത്തിയ പൊലീസുകാർ വിലക്കി.
5.10നാണ് എസ്ഐയുടെ നേതൃതത്വത്തിൽ പൊലീസ് എത്തിയത്. മരണം സംഭവിച്ചെന്നും, ആറിന് മുൻപ് മഹസ്സർ തയ്യാറാക്കാൻ കഴിയാത്തതിനാൽ മൃതദേഹം ഇറക്കാനാവില്ലെന്നും പൊലീസ് പറഞ്ഞു. അൻവർ സാദത്ത് എംഎൽഎ, യുഡിഎഫ് ജില്ലാ ചെയർമാൻ എം.ഒ. ജോൺ, നഗരസഭ കൗൺസിലർ ജെറോം മൈക്കിൾ എന്നിവരെത്തി പൊലീസിനോട് സംസാരിച്ചു. മരിച്ചിട്ട് ഏറെ സമയമായതിനാൽ മൃതദേഹം കേടാകാതിരിക്കാൻ ചിത്രങ്ങളും വിഡിയോയും എടുത്ത ശേഷം ജില്ലാ ആശുപത്രിയിലേക്കു മാറ്റണമെന്ന് അവർ അപേക്ഷിച്ചെങ്കിലും പൊലീസ് നിലപാട് മാറ്റിയില്ല.
രാവിലെ 6നും വൈകിട്ട് 6നും ഇടയ്ക്കല്ലാതെ ഇൻക്വസ്റ്റ് നടത്തില്ലെന്ന നിലപാടിൽ പൊലീസ് ഉറച്ചു നിന്നു. പൊലീസിന്റെ നിസ്സഹകരണം മൂലം രാത്രി മുഴുവൻ മൃതദേഹം തൂങ്ങിക്കിടന്നതും ലിസി ചുവട്ടിൽ ഇരിക്കേണ്ടി വന്നതും ക്രൂരതയാണെന്ന് അൻവർ സാദത്ത്എം എംഎൽഎ പ്രതികരിച്ചു.ഇന്നലെ രാവിലെ 6 മുതൽ വീട്ടുകാർ പൊലീസിനെ കാത്തിരുന്നെങ്കിലും വന്നില്ല.
ഇതോടെ എംഎൽഎ വീണ്ടും സിഐയെ വിളിച്ചു. 8 മണിയായിട്ടും പൊലീസിനെ കാണാതായപ്പോൾ കൗൺസിലർ ജെറോമും ജനശ്രീ ബ്ലോക്ക് ചെയർമാൻ ബാബു കൊല്ലംപറമ്ബിലും കൂടി സ്റ്റേഷനിലേക്കെത്തി. 9 മണിക്കാണ് പൊലീസ് എത്തിയത്. തുടർന്ന് 20 മിനിറ്റിനുള്ളിൽ മഹസ്സർ തയാറാക്കി മൃതദേഹം ജില്ലാ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.