മലബാർ സിമന്റ്സ് മുൻ കമ്പനി സെക്രട്ടറി ശശീന്ദ്രന്റെ ഭാര്യ ടീന മരിച്ചു; ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്ത്

മലബാർ സിമന്റ്സ് മുൻ കമ്പനി സെക്രട്ടറി ശശീന്ദ്രന്റെ ഭാര്യ ടീന മരിച്ചു; ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്ത്

സ്വന്തം ലേഖകൻ

പാലക്കാട്: മലബാർ സിമന്റ്സ് മുൻ കമ്പനി സെക്രട്ടറി ശശീന്ദ്രന്റെ ഭാര്യ ടീന മരിച്ചു. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തി. കൊയമ്പത്തൂർ കോവയ് മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലായിരുന്നു അന്ത്യം. 2011ൽ ആണ് ശശീന്ദ്രനും മക്കളും ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. മലബാർ സിമന്റ്സിലെ മുഴുവൻ അഴിമതിയും അറിയുന്ന ആളായിരുന്നു ശശീന്ദ്രൻ. ശശീന്ദ്രനും മക്കളും മരിച്ചത് ദുരൂഹ സാഹചര്യത്തിലാണെന്നും സംഭവത്തിൽ വ്യവസായി വി എം രാധാകൃഷ്ണന് പങ്കുണ്ടെന്നും ആരോപണം ഉയർന്നതിനെ തുടർന്ന് കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. മൂന്നു ദിവസം മുൻപാണ് വൃക്കരോഗ ചികിത്സയുമായി ബന്ധപ്പെട്ട് ടീനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മലബാർ സിമന്റ്സിലെ അഴിമതിയും ശശീന്ദ്രന്റെ അസ്വാഭാവിക മരണവും സിബിഐ അന്വേഷിക്കുന്നതിനിടെയാണ് കേസിലെ പ്രധാന സാക്ഷി കൂടിയായ ടീന മരിച്ചത്. എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്നു ടീന. മൂന്നു ദിവസം മുൻപ് കോയമ്പത്തൂരിലേക്കു പോവുകയായിരുന്നു. സംഭവത്തിൽ ദുരൂഹതയുണ്ടെന്നു ജനകീയ ആക്ഷൻ കൗൺസിലും ശശീന്ദ്രന്റെ കുടുംബാംഗങ്ങളും ആരോപിച്ചു.

Leave a Reply

Your email address will not be published.