കോട്ടയത്തെ ഗതാഗത കുരുക്ക് തടയാൻ ഫ്‌ലൈ ഓവർ സംവിധാനം പരിഗണനയിൽ: മന്ത്രി ജി. സുധാകരൻ

കോട്ടയത്തെ ഗതാഗത കുരുക്ക് തടയാൻ ഫ്‌ലൈ ഓവർ സംവിധാനം പരിഗണനയിൽ: മന്ത്രി ജി. സുധാകരൻ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട നഗരങ്ങളിൽ ഒന്നായ കോട്ടയത്ത് ഒരു ഫ്ലൈഓവർ സംവിധാനമോ ഓവർ ബ്രിഡ്ജോ ഇല്ലാത്തത് അത്ഭുതപ്പെടുത്തുന്ന ഒന്നാണെന്നും ഗതാഗത കുരുക്ക് ഒഴിവാക്കാൻ ഇത്തരം സംവിധാനങ്ങൾ കൊണ്ടുവരുന്നത് പരിഗണനയിലാണെന്നും പൊതുമരാമത്ത് രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി. സുധാകരൻ പറഞ്ഞു. കോട്ടയം റസ്റ്റ് ഹൗസ് പുതിയ കെട്ടിട നിർമ്മാണോദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ എല്ലാ റെസ്റ്റ് ഹൗസുകളും ആധുനീകവത്ക്കരിച്ച് മാതൃകാ അതിഥിമന്ദിരങ്ങളാക്കി മാറ്റുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. റസ്റ്റ് ഹൗസിനോട് അനുബന്ധിച്ച് മെച്ചപ്പെട്ട കാന്റീൻ, ജീവനക്കാർക്ക് പ്രേത്യേക യൂണിഫോം എന്നിവയെല്ലാം നടപ്പിലാക്കുന്നതിലൂടെ റസ്റ്റ് ഹൗസുകളുടെ നിലവാരമുയർത്തി ലാഭത്തിലാക്കും. ഇതിന്റെ ഭാഗമായാണ് കോട്ടയത്ത് ആധുനീക രീതിയിലുള്ള 170 പേർക്ക് ഇരിക്കാവുന്ന കോൺഫറൻസ് ഹാളും രണ്ട് സ്യൂട്ട് മുറികളുൾപ്പെടുന്ന 16 മുറികളും നിർമ്മിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടീവ്് എഞ്ചിനീയർ ഷീന രാജൻ റിപ്പോർട്ടവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സണ്ണി പാമ്പാടി, മുൻ.എം.എൽ.എ വി.എൻ വാസവൻ, നഗരസഭാ ചെയർപേഴ്സൺ ഡോ. പി. ആർ സോന, വൈസ് ചെയർപേഴ്ണൺ ബിന്ദു സന്തോഷ്, കൗൺസിലർ ഷൈലജ ദിലീപ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ സംസാരിച്ചു. ചീഫ് എഞ്ചിനീയർ ഇ. കെ. ഹൈദ്രു സ്വാഗതവും ഡെപ്യൂട്ടി എക്സി. എൻജിനീയർ സ്മിത എസ് നായർ നന്ദിയും പറഞ്ഞു. 5.90 കോടി രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമ്മിക്കുന്നത്.