അമ്മയ്ക്ക് പിന്നാലെ മകളും യാത്രയായി; അമ്മയോടൊപ്പം പുഴയുടെ ഓളങ്ങളിൽ കാണാതായ അഞ്ചുവയസുകാരി ദക്ഷയുടെ മൃതദേഹം കണ്ടെത്തി; ദർശനയുടെ സംസ്കാര ചടങ്ങുകൾ നടത്താനിരിക്കെയാണ് കുഞ്ഞിന്റെ മൃതദേഹവും കണ്ടെത്തിയത്
സ്വന്തം ലേഖകൻ
വെണ്ണിയോട് : ∙ പാത്തിക്കൽ കടവിലെ നടപ്പാലത്തിൽനിന്ന് അമ്മയോടൊപ്പം പുഴയുടെ ഓളങ്ങളിൽ കാണാതായ ദക്ഷയുടെ മൃതദേഹം കണ്ടെടുത്തു. പുഴയിൽ വീണ സ്ഥലത്തുനിന്ന് രണ്ടു കിലോമീറ്റർ ദൂരെ മാറി കൂടൽക്കടവിൽനിന്നാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. തുർക്കി ജീവൻ രക്ഷാ പ്രവർത്തകരാണ് മൃതദേഹം കണ്ടെടുത്തത്. കൽപറ്റ സെന്റ് ജോസഫ്സ് കോൺവന്റ് സ്കൂളിലെ യുകെജി വിദ്യാർഥിനിയാണ് ദക്ഷ.
വെണ്ണിയോട് ജെയ്ൻ സ്ട്രീറ്റിൽ അനന്തഗിരിയിൽ ഓംപ്രകാശിന്റെ ഭാര്യ ദർശന (32) ആണ് മകൾ ദക്ഷയുമായി വ്യാഴാഴ്ച 3 മണിയോടെ ആയിരുന്നു പുഴയിലേക്ക് ചാടിയത്. ദർശനയെ അന്നു തന്നെ സമീപവാസിയായ യുവാവ് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മരണത്തിനു കീഴടങ്ങിയിരുന്നു. ദർശനയുടെ മൃതദേഹം ഇന്നു സംസ്കരിക്കാനിരിക്കെയാണ് കുഞ്ഞിന്റെ മൃതദേഹവും കണ്ടെത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇരുവരും പുഴയിൽ വീണ വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷം മൂന്നു മണി മുതൽ അഗ്നിരക്ഷാസേന, എൻഡിആർഎഫ്, സിവിൽ ഡിഫൻസ്, പനമരം സിഎച്ച് റെസ്ക്യു ടീം, തുർക്കി ജീവൻ രക്ഷാ സമിതി, ബെറ്റ് പിണങ്ങോട് റെസ്ക്യു ടീം, പൾസ് എമർജൻസി, ദുരന്ത നിവാരണ സേന തുടങ്ങിയവർ കുഞ്ഞിനായുള്ള തിരച്ചിലിലായിരുന്നു. ഇതിനിടെയാണ് ഇന്നു രാവിലെ കുഞ്ഞിന്റെ മൃതദേഹം ലഭിച്ചത്.
വെണ്ണിയോട് ജെയ്ൻ സ്ട്രീറ്റിൽ അനന്തഗിരിയിൽ ഓംപ്രകാശിന്റെ ഭാര്യ ദർശന (32), മകൾ 5 വയസ്സുകാരി ദക്ഷയുമായി പാത്തിക്കൽ കടവിലെ നടപ്പാലത്തിൽ നിന്നു പുഴയിലേക്ക് ചാടിയത്. വീട്ടിൽ നിന്ന് 500 മീറ്റർ അകലെ ആയിരുന്നു ഇവർ ചാടിയ സ്ഥലം. ഒഴുക്കിൽപ്പെട്ട ദർശനയെ സമീപവാസിയായ അഖിൽ രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ച ശേഷമാണു കുട്ടിയും കൂടെ ഉണ്ടായിരുന്നുവെന്ന് അറിഞ്ഞത്.
തുടർന്നു നടത്തിയ തിരച്ചിൽ ശക്തമായ കുത്തൊഴുക്കും വെളിച്ചക്കുറവും കാരണം വൈകിട്ട് 7 മണിയോടെ നിർത്തുകയായിരുന്നു. ഗർഭിണിയായിരുന്ന ദർശന മേപ്പാടി സ്വകാര്യ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച വൈകിട്ടോടെ മരിച്ചു.