ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി: തീരാതെ ദുരൂഹത; സംശയത്തിൽ നാട്ടുകാർ: മൃതദേഹം ആരെങ്കിലും ആറ്റിൽ തള്ളിയതെന്നും ആരോപണം
ക്രൈം ഡെസ്‌ക്
കൊല്ലം: കുഞ്ഞുദേവനന്ദയുടെ മൃതദേഹം വീടിനു സമീപത്തെ ആറ്റിൽ നിന്നും കണ്ടെത്തിയ സാഹചര്യത്തിൽ സംശയം തീരാതെ നാട്ടുകാർ. മൃതദേഹം കണ്ടെത്തിയ സാഹചര്യത്തിൽ ഇത് എങ്ങിനെ ഇവിടെ എത്തി എന്ന സംശയമാണ് നാട്ടുകാർ ഉന്നയിക്കുന്നത്. കഴിഞ്ഞ ദിവസം പകൽ മുഴുവൻ കുട്ടിയ്ക്കായി നാട്ടുകാരും പൊലീസും അഗ്നിരക്ഷാ സേനയും പ്രദേശത്ത് തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ, രാവിലെ ആറ്റിൽ നിന്നും മൃതദേഹം കണ്ടെത്തിയതിൽ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം. മൃതദേഹം ആരോ ഇവിടെ കൊണ്ടിട്ടതാവാം എന്നും നാട്ടുകാർ സംശയിക്കുന്നു.
വ്യാഴാഴ്ച രാവിലെ പത്തു മണിയോടെയാണ് ദേവനന്ദയെ വീട്ടിൽ നിന്നും കാണാതായത്. ഇതേ തുടർന്നു രാവിലെ മുതൽ തന്നെ നാട്ടുകാർ ഒന്നടങ്കം വൻ തിരച്ചിൽ നടത്തുകയായിരുന്നു. ഇതിനിടെയാണ് വീട്ടിൽ നിന്നും അറുപത് മീറ്റർ അകലെയുള്ള ആറ്റിൽ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. നാട്ടുകാരുടെ തിരച്ചിൽ നടക്കുന്നതിനിടെയാണ് ആറ്റിൽ നിന്നും മൃതദേഹം കിട്ടിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വീട്ടിൽ നിന്നും അമ്മയുടെയോ വല്യമ്മയുടെയോ അനുവാദമില്ലാതെ കുട്ടി വീടിനു പുറത്തിറങ്ങില്ലെന്നാണ് നാട്ടുകാരും ബന്ധുക്കളും പറയുന്നത്. ഇത് കൂടാതെ 12 മണിക്കൂറോളം സമയം ഇതേ ആറ്റിൽ അഗ്നിരക്ഷാ സേനയും പൊലീസും തിരച്ചിൽ നടത്തിയിട്ടും മൃതദേഹം കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഇത് എന്തു കൊണ്ടാണെന്നും നാട്ടുകാർ സംശയം പ്രകടിപ്പിക്കുന്നു. ഇത് കൂടാതെ മൃതദേഹം കണ്ടെത്തിയ സ്ഥലം വിജയനമായ പ്രദേശമാണ് ഇവിടെ കുട്ടി എങ്ങിനെ തനിച്ചെത്തി എന്നതാണ് നാട്ടുകാരുടെ മറ്റൊരു സംശയം. പൊലീസ് ഡോഗ് സ്‌ക്വാഡിലെ നായ വീട്ടിൽ നിന്നും മണം പിടിച്ച് മൂന്നു കിലോമീറ്ററോളം ദൂരം ഓടിയിരുന്നു. ആറ്റിലേയ്ക്കാണ് കുട്ടി നടന്നതെങ്കിൽ നായ ആദ്യം ഓടേണ്ടത് ഇവിടേയ്ക്കല്ലേ എന്തും സംശയമായി ഉയർത്തുന്നു.
എന്നാൽ, നാട്ടുകാരുടെ സംശയം ദുരീകരിക്കാൻ പരിശോധനയും അന്വേഷണവും ശക്തമായി നടത്തുമെന്നു കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ അറിയിച്ചു. കുട്ടിയെ കാണാതയപ്പോൾ മുതൽ നൂറുകണക്കിന് ആളുകളാണ് സ്ഥലത്ത് തടിച്ചു കൂടിയിരുന്നത്. ഇവർക്കിടയിലൂടെ മൃതദേഹം ഇവിടെ എത്തിച്ച് ആറ്റിൽ തള്ളുക സാധ്യമല്ലെന്നതാണ് പൊലീസിന്റെ നിഗമനം. അതുകൊണ്ടു തന്നെ സ്വാഭാവികമായ അപകടത്തിനുള്ള സാധ്യത തന്നെയാണ് മുന്നിൽ നിൽക്കുന്നത്. ഏതെങ്കിലും രീതിയിലുള്ള ദുരൂഹത ഉണ്ടെങ്കിൽ ഇത് പോസ്റ്റ്‌മോർട്ടത്തിലൂടെ മാത്രമേ പുറത്ത് വരികയുള്ളൂ.