ക്രിമിനലിന്റെ പ്രണയക്കെണിയിൽ കുടുങ്ങി: വിദ്യാഭ്യാസമുണ്ടായിട്ടും ലഹരി – ഗുണ്ടാ വലയിൽ വീണു; ലിജു ഉമ്മന്റെ കാമുകിയായ നിമ്മി രക്തം കണ്ട് അറപ്പുമാറിയ ഗുണ്ടാ ജീവിത സഖി

ക്രിമിനലിന്റെ പ്രണയക്കെണിയിൽ കുടുങ്ങി: വിദ്യാഭ്യാസമുണ്ടായിട്ടും ലഹരി – ഗുണ്ടാ വലയിൽ വീണു; ലിജു ഉമ്മന്റെ കാമുകിയായ നിമ്മി രക്തം കണ്ട് അറപ്പുമാറിയ ഗുണ്ടാ ജീവിത സഖി

തേർഡ് ഐ ബ്യൂറോ

കായംകുളം: പെൺഗുണ്ടയെന്നു പറയാനാവില്ലെന്നും, ഗുണ്ടയും ക്രൂരനുമായ ലിജു ഉമ്മന്റെ ജീവിത പങ്കാളിയായതോടെ നിമ്മി എന്ന പെൺകുട്ടിയുടെ ജീവിത സാഹചര്യങ്ങൾ ആകെ മാറി മറിഞ്ഞു. ക്രിമിനൽ കേസുകളിലും കുറ്റകൃത്യങ്ങളിലും നിരന്തരപങ്കാളികളായ ഭർത്താവിനും സുഹൃത്തുക്കൾക്കുമൊപ്പമുള്ള നിരന്തര സഹവാസമാണ് മാവേലിക്കരയിൽ കഴിഞ്ഞദിവസം കഞ്ചാവുമായി പൊലീസ് പിടികൂടിയ നിമ്മിയെ കുടുക്കിയത്. ലഹരികടത്തിലെ പ്രധാന കണ്ണിയായി നിമ്മി മാറിയതും ഈ ഗുണ്ടാ മാഫിയ ബന്ധങ്ങളുടെ സഹായത്തോടെയായിരുന്നു.

പഠനകാലത്ത് പ്രണയത്തിലായ കായംകുളം സ്വദേശിയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ സേതുവെന്ന വിനോദിന്റെ ജീവിത സഖിയായതോടെ നിമ്മിയ്ക്ക് രക്തംകണ്ടുള്ള അറപ്പുമാറി. കായംകുളത്തെ കുപ്രസിദ്ധ ഗുണ്ടയായിരുന്ന വിനോദ് അടിപിടിയും ക്വട്ടേഷൻ പ്രവർത്തനങ്ങളുമായി നിരന്തരം കേസുകളിൽ പ്രതിയാകുന്ന പ്രകൃതക്കാരനായിരുന്നു. മദ്യപിക്കാനും ആർഭാട ജീവിതത്തിനും പണം കണ്ടെത്താൻ അക്രമത്തിനോ കൊലപാതകത്തിനോ ക്വട്ടേഷൻ പ്രവർത്തനത്തിനോ മടികാട്ടാത്ത ഭർത്താവിനും കൂട്ടാളികളായ ക്രിമിനലുകൾക്കുമൊപ്പമുള്ള നിരന്തര സഹവാസം കുറ്റകൃത്യങ്ങളോട് നിമ്മിക്കുണ്ടായിരുന്ന അറപ്പും വെറുപ്പും ഇല്ലാതാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസുകളിൽപ്രതിയായ ഭർത്താവിനും കൂട്ടാളികൾക്കുമൊപ്പം ഒളിസങ്കേതങ്ങളിൽ ഒളിച്ചുകഴിഞ്ഞും കേസിനും കാര്യങ്ങൾക്കുമായി കോടതികളിലും ജയിലിലും കയറിയിറങ്ങിയും ജാമ്യത്തിനും മറ്റും പണം സംഘടിപ്പിക്കാൻ ഓടി നടന്നും നിമ്മിയും കാലക്രമേണ ക്രിമിനൽ സംഘങ്ങളുടെ കൂട്ടത്തിലായി.

ഭർത്താവായ വിനോദിന്റെ കൂട്ടാളിയും ആലപ്പുഴയിലെ കൊടുംക്രിമിനലുമായ ലിജു ഉമ്മനുമായുള്ള സഹവാസമാണ് നിമ്മിയെ കഞ്ചാവ് കടത്തുൾപ്പെടെയുള്ള കുറ്റകൃത്യങ്ങളിൽ നേരിട്ട് പങ്കെടുക്കാൻ പ്രേരിപ്പിച്ചത്. ഭർത്താവുമായി ഇടക്കാലത്ത് പിണക്കത്തിലായ നിമ്മി അയാളുടെ ഭീഷണികളിൽ നിന്ന് രക്ഷനേടാനാണ് ലിജു ഉമ്മന്റെ സംരക്ഷണത്തിലായത്. ലിജു ഉമ്മൻ മാവേലിക്കര ജില്ലാ ആശുപത്രിക്ക് സമീപത്ത് വാടകയ്ക്ക് എടുത്ത് നൽകിയ വീട്ടിൽ താമസിച്ചുവരവേയാണ് കഴിഞ്ഞ ദിവസം 29 കിലോ കഞ്ചാവും ചാരായമുൾപ്പെടെയുള്ള ലഹരി വസ്തുക്കളുമായി നിമ്മിയെ പൊലീസ് പിടികൂടിയത്.

ഗുണ്ടാനേതാവ് ലിജു ഉമ്മനും നിമ്മിയും ചേർന്നാണ് ജില്ലാ ആശുപത്രിക്ക് സമീപത്തെ വാടക വീട് കേന്ദ്രീകരിച്ച് വൻതോതിൽ കഞ്ചാവും മറ്റുലഹരിവസ്തുക്കളും ശേഖരിച്ചിരുന്നത്. ഇവിടെനിന്ന് വിവിധയിടങ്ങളിലേക്ക് സ്‌കൂട്ടറിൽ കഞ്ചാവ് എത്തിച്ചുനൽകുന്നതായിരുന്നു നിമ്മിയുടെ ചുമതല. ലിജുഉമ്മനൊപ്പമോ മക്കളെ കൂടെ കൂട്ടിയോ വാഹനത്തിൽ കഞ്ചാവ് പൊതികളാക്കി ആവശ്യക്കാർക്ക് എത്തിച്ചുനൽകുന്നതായിരുന്നു നിമ്മിയുടെ രീതി. ഫാമിലിയായി പോകുന്നവർ വാഹന പരിശോധനയിൽ നിന്നൊഴിവാക്കപ്പെടാറുള്ള ആനുകൂല്യമാണ് ഇവർ മുതലെടുത്തിരുന്നത്.

മാത്രമല്ല നിമ്മിയെ കണ്ടാൽ ഒറ്റനോട്ടത്തിൽ ക്രിമിനൽ പശ്ചാത്തലമുള്ളയാളാണെന്ന് ആരും സംശയിക്കുകയുമില്ല.ഇതാണ് ലിജു ഉമ്മൻ മുതലെടുത്തത്. ലിജു ഉമ്മന്റെ നേതൃത്വത്തിൽ വീട്ടിൽ ശേഖരിക്കുന്ന കഞ്ചാവും മറ്റും ആവശ്യാനുസരണം വിവിധ സ്ഥലങ്ങളിൽ നിമ്മി എത്തിച്ചുകൊടുത്തിരുന്നതായി സ്ഥിരീകരിച്ചെന്ന് പൊലീസ് പറഞ്ഞു. ഭർത്താവുമായുള്ള പിണക്കം മുതലാക്കി ലിജുവിനൊപ്പം ജീവിതം ആരംഭിച്ച നിമ്മിയെ ആദ്യഭർത്താവ് ഒറ്റിയതാണെന്ന വിവരവും പുറത്തുവരുന്നുണ്ട്. എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കാൻ പൊലീസ് കൂട്ടാക്കിയിട്ടില്ല.

സംഭവത്തിൽ ഗുണ്ടാനേതാവ് പുന്നമൂട് പോനകം എബനേസർ പുത്തൻവീട്ടിൽ ലിജു ഉമ്മനെ (40 ) ഒന്നാം പ്രതിയാക്കിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നിമ്മി പിടിയിലാകുകയും കഞ്ചാവുൾപ്പെടെയുള്ള ലഹരി വസ്തുക്കൾ വാടകവീട്ടിൽ നിന്ന് പിടികൂടുകയും ചെയ്തതോടെ ഒളിവിൽപോയ ലിജു ഉമ്മനെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. പൊലീസെത്തുമ്പോൾ നിമ്മിയും കുട്ടികളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

ധാരാളം കേസുകളിൽ പ്രതിയായ ലിജുവിനെ അന്വേഷിച്ചെത്തിയതാകും പൊലീസെന്ന നിഗമനത്തിൽ ലിജൂച്ചൻ ഇവിടെയില്ലെന്ന് നിമ്മി പൊലീസിനോട് വെളിപ്പെടുത്തി. ഇത് കേട്ട ഭാവം നടിക്കാതെ പൊലീസ് വീട്ടിലേക്ക് കടക്കുമ്പോഴും തന്നെ വിശ്വാസമില്ലാത്തതിനാൽ ലിജുവിനെ തിരയാനാകുമെന്നായിരുന്നു നിമ്മിയുടെ ധാരണ. എന്നാൽ, നിമ്മിയുടെ മൊബൈൽഫോൺ പൊലീസ് വാങ്ങുകയും വീട്ടിലാകെ തിരച്ചിൽ ആരംഭിക്കുകയും ചെയ്തപ്പോഴാണ് വീട്ടിലും പരിസരത്ത് ആഢംബര കാറിലും സ്‌കൂട്ടറിലുമായി വിതരണത്തിന് തയ്യാറാക്കി സൂക്ഷിച്ചിരുന്ന കഞ്ചാവ് പൊതികൾ കണ്ടെത്തിയത്.

ഒപ്പം വാറ്റുചാരായവും വാഷും വാറ്റുപകരണങ്ങളും. ലിജു ഉമ്മനും സുഹൃത്തുക്കളായ ക്രിമിനൽ സംഘങ്ങളും രാപകൽ ഇവിടെ തമ്പടിച്ച് ചാരായം നിർമ്മാണവും കഞ്ചാവ് വിൽപ്പനയും നടത്താറുണ്ടായിരുന്നുവെന്ന് പറഞ്ഞ് തടിയൂരാൻ നിമ്മി ശ്രമിച്ചെങ്കിലും നിമ്മിയുടെ ഫോൺകോളുകളും വാട്ട്‌സ് ആപ് സന്ദേശങ്ങളും പൊലീസ് പരിശോധിതോടെ കഞ്ചാവിന്റെയും ലഹരി വസ്തുക്കളുടെയും വിൽപ്പനയിൽ നിമ്മിയ്ക്കും പങ്കുള്ളതായി പൊലീസിന് ബോദ്ധ്യപ്പെട്ടു.

വീട്ടിലും മുറ്റത്തുണ്ടായിരുന്ന സ്‌കോഡ കാറിൽ നിന്നാണ് 29 കിലോ കഞ്ചാവ് പൊലീസ് പിടികൂടിയത്. മൂന്നു പ്ലാസ്റ്റിക് കുപ്പികളിലായി നാലരലിറ്റർ ചാരായം, രണ്ടു കന്നാസുകളിലായി 30 ലിറ്റർ കോട, സഞ്ചികളിലാക്കി സൂക്ഷിച്ചിരുന്ന 1,785 പായ്ക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ, വീടിന്റെ അടുക്കളയിൽനിന്ന് വാറ്റുപകരണങ്ങൾ എന്നിവയും കണ്ടെത്തി.

പൊലീസ് പരിശോധയ്ക്കെത്തുമ്പോൾ നിമ്മിയുടെ എട്ടുവയസുള്ള മകനും നാലുവയസുള്ള മകളും വീട്ടിലുണ്ടായിരുന്നു. കുട്ടികളെ ബന്ധുവീട്ടിലേക്ക് മാറ്റിയശേഷം നിമ്മിയെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്ത പൊലീസ് സംഘം ഇവരുടെ സംഘത്തിൽ ഉൾപ്പെട്ട കൂടുതൽ പേർക്കായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ലിജു ഉമ്മനൊപ്പം വരുംദിവസങ്ങളിൽ കൂട്ടാളികളായ മറ്റ് പ്രതികളെയും പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.