അനശ്വര തിയേറ്ററിന് സമീപമുള്ള മൊബൈല്‍ഷോറൂമില്‍ പട്ടാപ്പകല്‍ അരങ്ങേറിയത് കൊടുംക്രൂരത; ഹെല്‍ത്ത് ഇന്‍ഷുറന്‍സ് തവണ മുടങ്ങിയതിനെ തുടര്‍ന്ന് യുവാവിന്റെ തല തല്ലിത്തകർത്ത് ഏജന്റ്; മൂന്ന്ദിവസം കഴിഞ്ഞിട്ടും ഇഴഞ്ഞ് നീങ്ങുന്ന അന്വേഷണം പ്രതിയെ രക്ഷപ്പെടുത്താനെന്ന് വ്യാപക ആരോപണം

അനശ്വര തിയേറ്ററിന് സമീപമുള്ള മൊബൈല്‍ഷോറൂമില്‍ പട്ടാപ്പകല്‍ അരങ്ങേറിയത് കൊടുംക്രൂരത; ഹെല്‍ത്ത് ഇന്‍ഷുറന്‍സ് തവണ മുടങ്ങിയതിനെ തുടര്‍ന്ന് യുവാവിന്റെ തല തല്ലിത്തകർത്ത് ഏജന്റ്; മൂന്ന്ദിവസം കഴിഞ്ഞിട്ടും ഇഴഞ്ഞ് നീങ്ങുന്ന അന്വേഷണം പ്രതിയെ രക്ഷപ്പെടുത്താനെന്ന് വ്യാപക ആരോപണം

സ്വന്തം ലേഖകന്‍

കോട്ടയം: ആരോഗ്യ ഇന്‍ഷുറന്‍സ് മാസതവണ മുടങ്ങിയതിനെ തുടര്‍ന്ന് യുവാവിന്റെ തല തല്ലിത്തകർത്ത് ഇന്‍ഷുറന്‍സ് ഏജന്റ്. ഹെല്‍മറ്റ് ഉപയോഗിച്ചാണ് എല്‍സണ്‍ വര്‍ഗീസ് എന്ന ഇന്‍ഷുറന്‍സ് ഏജന്റ് യുവാവിന്റെ തല അടിച്ചുപൊട്ടിച്ചത്. ആക്രമണത്തില്‍ സാരമായ പരിക്കേറ്റ ചാലുകുന്ന് തെക്കേച്ചിറയില്‍ ബിബിനെ(34) ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബിബിന്റെ തിരുനക്കരയിലെ മൊബൈല്‍കടയില്‍ വച്ചാണ് സംഭവം.

മാസം 503 രൂപയാണ് ഇന്‍സ്റ്റാള്‍മെന്റ് തുക. കോവിഡ് വ്യാപനം കച്ചവടത്തെ ബാധിച്ചതിനെ തുടര്‍ന്ന് രണ്ട് മാസം തുക അടക്കാന്‍ സാധിച്ചിരുന്നില്ല. ഹെല്‍ത് ഇന്‍ഷുറന്‍സ് ഏജന്റായ എല്‍സണ്‍ വര്‍ഗീസ് ഉച്ചയ്ക്ക് രണ്ട് മണിയോടെ ബിബിന്റെ കടയില്‍ വരികയും ഇന്‍ഷുറന്‍സ് പ്രീമിയം അടയ്ക്കാത്തതെന്താണ് എന്ന് ചോദിച്ച് ബഹളമുണ്ടാക്കുകയും ചെയ്തു. തുടര്‍ന്ന് കടയില്‍ വില്‍പ്പനയ്ക്ക് വച്ചിരുന്ന 22000 രൂപയുടെ ഫോണ്‍ പിടിച്ചെടുത്ത്, പ്രീമിയം അടച്ചശേഷം ഫോണ്‍ തിരികെ തരാമെന്ന്  പറയുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത് ബിബിന്‍ തടഞ്ഞപ്പോള്‍ സര്‍വ്വീസിനായി കൊണ്ടുവച്ച ഫോണുകള്‍ തറയിലിട്ട് പൊട്ടിച്ചു. കുപിതനായ ഇയാള്‍ കയ്യിലിരുന്ന ഹെല്‍മറ്റ് ഉപയോഗിച്ച് ബിബിന്റെ തല അടിച്ച് പൊട്ടിച്ചു. എന്നിട്ടും കലി അടങ്ങാത്ത എല്‍സണ്‍ ബിബിനെ നിലത്തിട്ട് ചവിട്ടുകയും തല ഭിത്തിയില്‍ ഇടിപ്പിക്കുകയും ചെയ്തു. ബിബിന്റെ കരച്ചില്‍ കേട്ട് ഓടിയെത്തിയ സമീപത്തുള്ള കടക്കാരാണ് അക്രമിയെ പിടിച്ച് മാറ്റിയത്.

കോട്ടയം വെസ്റ്റ് പൊലീസില്‍ ബിബിന്‍ പരാതി നല്‍കിയെങ്കിലും അന്വേഷണം ഇഴഞ്ഞ് നീങ്ങുകയാണ്. പട്ടാപ്പകൽ നടന്ന ആക്രമണത്തിലെ പ്രതിയെ രക്ഷിക്കാനാണിതെന്ന് വ്യാപക ആരോപണമുണ്ട്. പ്രതിക്കെതിരെ ശക്തമായ നടപടി എടുത്തില്ലങ്കിൽ ശക്തമായ പ്രധിഷേധം ഉണ്ടാകുമെന്ന് മൊബൈൽ റീട്ടെയിൽ സെയിൽസ് ആൻറ് സർവ്വീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ബിജു കോട്ടയം പറഞ്ഞു.

Tags :