കുറ്റ്യാടിയിൽ നടപടിയുമായി സിപിഎം; ലോക്കൽ കമ്മിറ്റി പൂർണമായും പിരിച്ചുവിട്ടു; പകരം അഡ്ഹോക്ക് കമ്മിറ്റിയെ നിയോഗിക്കും
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് ഉണ്ടായ വിമത നീക്കത്തിൽ നടപടി കടുപ്പിച്ച് സിപിഎം. കുറ്റ്യാടി ലോക്കൽ കമ്മിറ്റി പൂർണമായും പിരിച്ചുവിട്ടു. ഇവിടെ അഡ്ഹോക്ക് കമ്മിറ്റിയെ നിയോഗിക്കും.
കൂടാതെ കുന്നുമ്മൽ ഏരിയ കമ്മിറ്റിയംഗങ്ങളായ രണ്ടുപേരെയും പുറത്താക്കി. കുന്നുമ്മൽ ഏരിയാ കമ്മിറ്റി അംഗങ്ങളായ കെ.പി ചന്ദ്രി, മോഹൻദാസ് എന്നിവർക്കെതിരേയാണ് നടപടി.
കൂടുതൽ പേർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന. പ്രതിഷേധ പ്രകടനം, കുറ്റ്യാടി പഞ്ചായത്തിലെ വോട്ട് ചോർച്ച എന്നീ വിഷയങ്ങൾ മുൻനിർത്തിയാണ് നടപടി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തിരഞ്ഞെടുപ്പിൽ സ്വന്തം സ്ഥാനാർഥി മത്സരിച്ചിട്ടും പഞ്ചായത്തിൽ 42 വോട്ട് മാത്രമാണ് ഭൂരിപക്ഷം ലഭിച്ചത്. ആയിരം വോട്ട് പ്രതീക്ഷിച്ചിരുന്നു. വോട്ടു ചോർച്ച നടന്നു എന്നാണ് നേതൃത്വത്തിൻറെ വിലയിരുത്തൽ.
സ്ഥാനാർഥി നിർണയത്തിൽ ഉണ്ടായ പ്രതിഷേധത്തിന് ഒത്താശ നൽകിയെന്നാരോപിച്ച് എംഎൽഎയായ കെ.പി. കുഞ്ഞമ്മദ് കുട്ടിയെ സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ നടപടി.
നിയമസഭാ തെരഞ്ഞെടുപ്പിൽ കുറ്റ്യാടി സീറ്റ് കേരള കോൺഗ്രസ്- എമ്മിന് നൽകാൻ സിപിഎം തീരുമാനിച്ചിരുന്നു. ഇതിനെതിരെ പരസ്യപ്രതിഷേധവുമായി പ്രവർത്തകർ രംഗത്ത് എത്തിയിരുന്നു.