ഗർഭിണികൾക്കുള്ള കോവിഡ് വാക്‌സിനേഷൻ ജില്ലയിൽ ജൂലായ് 15 മുതൽ

ഗർഭിണികൾക്കുള്ള കോവിഡ് വാക്‌സിനേഷൻ ജില്ലയിൽ ജൂലായ് 15 മുതൽ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ഗർഭിണികൾക്കുള്ള കൊവിഡ് വാക്‌സിനേഷൻ പരിപാടി മാതൃകവചം കോട്ടയം ജില്ലയിൽ ജൂലൈ 15 ബുധനാഴ്ച ആരംഭിക്കും.കോവിഡ് പ്രതിരോധ മുൻകരുതൽ പാലിച്ച് എല്ലാ ഗർഭിണികൾക്കും സമയബന്ധിതമായി കോവിഡ് വാക്‌സിൻ നൽകുന്നതിനാണ് ലക്ഷ്യമിടുന്നത്.

പ്രസവ ചികിത്സയുള്ള ജില്ലയിലെ എല്ലാ സർക്കാർ ആശുപത്രികളിലും ബുധനാഴ്ച രാവിലെ 10 മുതൽ ഗർഭിണികളുടെ വാക്‌സിനേഷൻ നടക്കും. നാളെ മറ്റുള്ളവർക്ക് വാക്‌സിൻ നൽകില്ല. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കോട്ടയം ജനറൽ ആശുപത്രിയിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ നിർവഹിക്കും. തുടർന്നുള്ള ദിവസങ്ങളിൽ ഗർഭിണികൾക്കു മാത്രമായി വാക്‌സിൻ പ്രത്യേക ക്രമീകരണം ഏർപ്പെടുത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാമ്പയിനിന്റെ ഭാഗമായി വാർഡ് തലത്തിൽ ആശാ പ്രവർത്തകരുടെ നേതൃത്വത്തിൽ മുഴുവൻ ഗർഭിണികളെയും വാക്‌സിനേഷനായി രജിസ്റ്റർ ചെയ്യിക്കും. സ്വന്തമായി രജിസ്റ്റർ ചെയ്യാൻ കഴിയുന്നവർക്ക് അതിന് നിർദേശം നൽകും. സ്മാർട്ട് ഫോണും കമ്പ്യൂട്ടറും ഇല്ലാത്തവരെ ആശാ വർക്കർമാരുടെ സഹായത്തോടെ രജിസ്റ്റർ ചെയ്യിക്കും.

ഗർഭാവസ്ഥയുടെ ഏത് കാലയളവിലും നിലവിൽ രാജ്യത്ത് നൽകിക്കൊണ്ടിരിക്കുന്ന ഏത് കോവിഡ് വാക്‌സിനും ഗർഭിണികൾക്ക് സ്വീകരിക്കാം. ഗർഭാവസ്ഥയിൽ തന്നെ രണ്ട് ഡോസ് വാക്‌സിനുകളും സ്വീകരിച്ചാൽ കൂടുതൽ സുരക്ഷ ഉറപ്പാക്കാനാകും.

വാക്‌സിൻ സ്വീകരിച്ച ശേഷം നേരിയ പനി, കുത്തിവച്ച ഭാഗത്ത് വേദന, ഒന്നു മുതൽ മൂന്ന് ദിവസം വരെ ക്ഷീണം ഇവ ഉണ്ടാകാം. കുത്തിവയ്പ്പിനു ശേഷവും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും കൈകൾ ശുചീകരിക്കുകയും ചെയ്യുന്നത് തുടരണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗീസ് പറഞ്ഞു.