കോവിഡ് വ്യാപനം അതിരൂക്ഷം : കേരള – തമിഴ്‌നാട് അതിർത്തിയിൽ പരിശോധന കർശനമാക്കുന്നു ;  അതിർത്തി രാത്രി പത്ത് മുതൽ നാല് വരെ അടച്ചിടും : കേരളത്തിലേക്ക് എത്തുന്നവർക്ക് ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം

കോവിഡ് വ്യാപനം അതിരൂക്ഷം : കേരള – തമിഴ്‌നാട് അതിർത്തിയിൽ പരിശോധന കർശനമാക്കുന്നു ; അതിർത്തി രാത്രി പത്ത് മുതൽ നാല് വരെ അടച്ചിടും : കേരളത്തിലേക്ക് എത്തുന്നവർക്ക് ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം

സ്വന്തം ലേഖകൻ

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ അതിർത്തികളിൽ പരിശോധന കർശനമാക്കുന്നു. കേരള -തമിഴ്‌നാട് അതിർത്തികളിൽ കർശനപരിശോധന.

രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചതിനെ തുടർന്ന് തമിഴ്‌നാട് അതിർത്തി രാത്രി 10 മുതൽ പുലർച്ചെ നാല് വരെ അടച്ചിടും. ഈ സമയത്ത് ഒരു വാഹനത്തെയും കടത്തിവിടാൻ അനുവദിക്കില്ല. എന്നാൽ അവശ്യസർവീസുകൾക്ക് രാത്രികാലകർഫ്യൂവിൽ നിന്ന് ഇളവ് നൽകുമെന്ന് തമിഴ്‌നാട് പൊലീസ് വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരള അതിർത്തിയിലടക്കം കൂടുതൽ പൊലീസുകാരെ വിന്യസിക്കാനാണ് തമിഴ്‌നാട് സർക്കാർ നൽകിയിരിക്കുന്ന നിർദേശം. ഇ പാസ്സ് ഉള്ളവരെയോ, ആശുപത്രിയിലേക്ക് പോകുന്നത് പോലെ അത്യാവശ്യങ്ങൾക്ക് പോകുന്നവരെയോ മാത്രമാണ് കടത്തിവിടുന്നത്.

കേരളത്തിലും സമാനമായ നിയന്ത്രണങ്ങളാണ് ഇന്ന് മുതൽ നടപ്പിലാക്കുന്നത്. തിരുവനന്തപുരത്ത് ഇഞ്ചിവിള ചെക്‌പോസ്റ്റിൽ വാഹനങ്ങൾ കർശനമായി പരിശോധിക്കുന്നുണ്ട്. ഇവിടെ ഇ പാസ് ഉള്ളവരെയും ആശുപത്രി പോലെയുള്ള അത്യാവശ്യങ്ങൾക്ക് പോകുന്നവരെയും മാത്രമായിരിക്കും കടത്തിവിടുന്നത്.

പാലക്കാട്ടെ വാളയാർ അതിർത്തിയിലും കേരളാ പൊലീസ് ശക്തമായ പരിശോധന തുടങ്ങിയിട്ടുണ്ട്. രാവിലെ എട്ടരയോടെയാണ് പരിശോധന തുടങ്ങിയത്. കോവിഡ് ജാഗ്രതാ പോർട്ടലിലെ രജിസ്‌ട്രേഷൻ പരിശോധിച്ച് ഇ പാസ്സ് ഉണ്ടോ എന്ന് ഉറപ്പ് വരുത്തിയായിരിക്കും കേരളത്തിലേക്ക് കടത്തി വിടുന്നത്.

മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്നവർക്ക് ആർടിപിസിആർ ഫലം നിർബന്ധമാക്കിയിരിക്കുകയാണ് സംസ്ഥാനം. ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ 14 ദിവസം മുറിയിൽ ക്വാറന്റൈനിൽ കഴിയണം.

വരുന്ന എല്ലാവരും ഇ ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. വാക്‌സീൻ എടുത്തവരാണെങ്കിലും 48 മണിക്കൂർ മുമ്പത്തെ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണം.

അല്ലാത്തവർ കേരളത്തിലെത്തിയാൽ ഉടൻ പരിശോധന നടത്തണം. നടത്തി ഫലം കിട്ടുന്നത് വരെ റൂം ക്വാറന്റൈനിൽ കഴിയണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.