മാസ്‌ക് ധരിക്കാത്ത, സാമൂഹിക അകലം പാലിക്കാത്ത 35000 പേർ പിടിയിൽ; പിടിച്ചെടുത്തത് 3866 വാഹനങ്ങൾ; 5654 കേസുകൾ; വിശ്രമമില്ലാതെ ജില്ലാ പൊലീസ് ഇറങ്ങിയപ്പോൾ ജില്ലയിൽ കൊവിഡ് പ്രതിരോധം സുശക്തം

മാസ്‌ക് ധരിക്കാത്ത, സാമൂഹിക അകലം പാലിക്കാത്ത 35000 പേർ പിടിയിൽ; പിടിച്ചെടുത്തത് 3866 വാഹനങ്ങൾ; 5654 കേസുകൾ; വിശ്രമമില്ലാതെ ജില്ലാ പൊലീസ് ഇറങ്ങിയപ്പോൾ ജില്ലയിൽ കൊവിഡ് പ്രതിരോധം സുശക്തം

സ്വന്തം ലേഖകൻ

കോട്ടയം : ജില്ലാ പൊലീസിൻറെ നേതൃത്വത്തിൽ നടപ്പാക്കിയ കൃത്യമായ പരിശോധനയും മുഖം നോക്കാതെയുള്ള നിയമ നടപടിയും കോവിഡിൻറെ രണ്ടാം തരംഗത്തെ പിടിച്ചു നിർത്തി. കോവിഡിൻറെ രണ്ടാം തരംഗത്തിൽ കോട്ടയം ജില്ലയുടെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 38.6 ശതമാനം ആയിരുന്നത് പൊലീസിന്റെ കർശന നടപടികളിലൂടെ ഇപ്പോൾ 16.19 ശതമാനമായി കുറയ്ക്കാൻ കഴിഞ്ഞതായി ജില്ലാ പൊലീസ് മേധാവി ശില്പാ ദേവയ്യ ഐ .പി.എസ് അറിയിച്ചു.

കൊവിഡ് രണ്ടാം തരംഗത്തിൽ ലോക്ക്ഡൗണിനു മുൻപ് തന്നെ കോവിഡ് രോഗികളുടെ എണ്ണം പരിശോധിച്ച് കൂടുതൽ രോഗികൾ ഉള്ള സ്ഥലം മൈക്രോ കണ്ടൈൻമെന്റ് സോൺ ആക്കി തിരിച്ച് റോഡുകൾ അടയ്ക്കുകയും മറ്റ് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങിയതും കൊവിഡ് രോഗികളുടെ എണ്ണം വളരെയധികം കുറയാൻ ഇടയാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലയിൽ പൊലീസ് കൊവിഡ് നിയന്ത്രിക്കാൻ നടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ജില്ലാ പൊലീസ് മേധാവിയുടെ കീഴിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം സജ്ജമാക്കി. ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസ് സമുച്ചയത്തിൽ തന്നെ സജ്ജമാക്കിയിരിക്കുന്ന കൺട്രോൾ റൂം, എല്ലാ പൊലീസ് സ്റ്റേഷനിലേക്കും വേണ്ട നിർദ്ദേശങ്ങൾ രാപകൽ നൽകിവരുന്നു. കൂടാതെ കൊവിഡ് രോഗികളെയും രോഗികളുമായി സമ്പർക്കപട്ടികയിൽ ഉള്ളവരെയും ‘കൊവിഡ് സേഫ്റ്റി’ എന്ന മൊബൈൽ ആപ്ലിക്കേഷൻ മൊബൈൽ ഫോണിൽ പൊലീസ് ഇൻസ്റ്റാൾ ചെയ്യിപ്പിക്കുന്നുണ്ട്. സൈബർ സെൽ ഈ ആപ്പ് വഴി ക്വാറന്റൈൻ ലംഘനം നടത്തുന്നവരെ കണ്ടെത്തി നിയമ നടപടികൾ സ്വീകരിക്കുന്നതായി ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കർശനമായി നടപ്പാക്കാനും കൊവിഡ് ലോക്ക് ഡൗൺ നിയമങ്ങൾ പാലിക്കാത്തവരെ നിയമനടപടിക്ക് വിധേയരാക്കുവാനും വേണ്ടി സാധാരണയുള്ള കോട്ടയം,ചങ്ങനാശ്ശേരി കാഞ്ഞിരപ്പള്ളി,പാലാ,വൈക്കം എന്നീ സബ് ഡിവിഷനുകൾക്ക് പുറമേ ഏറ്റുമാനൂർ, എരുമേലി, കടുത്തുരുത്തി, ഈരാറ്റുപേട്ട, എന്നിവിടങ്ങളിൽ ഉൾപ്പെടെ 9 സബ് ഡിവിഷനുകൾ രൂപീകരിച്ചു. എല്ലാ സബ് ഡിവിഷനുകളിലും ഡി വൈ എസ് പി മാർക്കാണ് കോവിഡ് പ്രതിരോധ നടത്തിപ്പ് ചുമതല. ഇവരെ കൂടാതെ 33 സിഐമാർ 190 എസ്‌ഐമാർ ഉൾപ്പെടെ 840 പോലീസ് ഉദ്യോഗസ്ഥരെയാണ് ദിവസേന കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിലേക്കുള്ള ഡ്യൂട്ടിക്കും വാഹന ചെക്കിങ്ങിനുമായി നിയോഗിച്ചിട്ടുള്ളത്. ഇവരെ കൂടാതെ 480 വോളണ്ടിയർമാരെയും 270 പൊലീസ് ട്രെയിനികളെയും 32 എസ്‌ഐ ട്രെയിനികളെയും ഡ്യൂട്ടിക്കായി രംഗത്തിറക്കിയിട്ടുണ്ട്.

ജില്ലയിൽ കോവിഡ് രണ്ടാം തരംഗവുമായി ബന്ധപ്പെട്ട് ഈ മാസം എട്ടാം തീയതി മുതൽ നടപ്പാക്കിയ ലോക്ക്ഡൗണിൽ കൊവിഡ് പ്രൊട്ടോക്കോൾ പാലിക്കാത്തതിനും അനാവശ്യമായി പുറത്തിറങ്ങിയവർക്കുമെതിരെ ഇന്നലെ വരെ 22 ദിവസത്തിനകം 5654 കേസുകൾ രജിസ്റ്റർ ചെയ്തു. 5992 പേരാണ് പ്രതികൾ. ഇതിൽ 5455 പേരെ അറസ്റ്റ് ചെയ്തു. കാറും ബൈക്കും ഉൾപ്പടെ 3866 വാഹനങ്ങൾ പിടിച്ചെടുത്തിട്ടുണ്ട് മാസ്‌ക് ധരിക്കാത്ത 20558 പേർക്കെതിരെയും സാമൂഹിക അകലം പാലിക്കാത്ത കട ഉടമകൾ ഉൾപ്പെടെ 16269 പേർക്കെതിരെയും ക്വാറന്റൈൻ ലംഘിച്ചതിന് 86 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. കൂടുതൽ ആൾക്കാർ പൊലീസ് നിയമനടപടികൾക്ക് വിധേയരായതു കാരണം മറ്റുള്ളവർ റോഡിൽ അനാവശ്യമായി ഇറങ്ങുന്നത് തടയാൻ കഴിഞ്ഞതായി ജില്ലാ പൊലീസ് മേധാവി പറഞ്ഞു.

കണ്ടൈൻമെൻറ് സോണിലെ കോവിഡ് വ്യാപനം പൂർണമായും നിയന്ത്രിക്കുന്നതിലേയ്ക്കായി ആ പ്രദേശത്തെ എല്ലാ റോഡുകളും അടച്ച് ആ പ്രദേശത്തേക്ക് പ്രവേശിക്കുന്നതിനും അവിടെ നിന്ന് പുറത്തേക്ക് പോകുന്നതിനുമായി ഒരു വഴി മാത്രമാക്കിയുള്ള സംവിധാനം ഏർപ്പെടുത്തി. എല്ലാ റോഡുകളിലും പൊലീസ് സാന്നിധ്യം ഉറപ്പാക്കി. കണ്ടൈൻമെൻറ് സോണിൽ ഉള്ള ആൾക്കാർക്ക് അത്യാവശ്യ സന്ദർഭങ്ങളിൽ ഭക്ഷണം, മരുന്ന് മറ്റു അത്യാവശ്യ സാധനങ്ങൾ എന്നിവ ആ പ്രദേശത്തെ ജനമൈത്രി പൊലീസ് ബീറ്റ് ഓഫിസർമാർ മുഖാന്തരം അവർക്ക് എത്തിച്ചു കൊടുക്കുന്നതിനു വേണ്ട നടപടികൾ സ്വീകരിച്ചു. പൊലീസ് മുതിർന്ന പൗരന്മാർ പുറത്തിറങ്ങാതിരിക്കാനായി അവരുടെ ആവശ്യങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകുകയും മരുന്ന് ഉൾപ്പെടെയുള്ള സാധനങ്ങൾ എത്തിച്ചു കൊടുക്കുകയും ചെയ്തു.

ജില്ലയിൽ പൊലീസിന്റെ നേതൃത്വത്തിൽ മാർക്കറ്റുകൾ കേന്ദ്രീകരിച്ച് പ്രത്യേക മാർക്കറ്റ് കമ്മിറ്റികൾ രൂപീകരിച്ച് കോവിഡ് വ്യാപനം തടയുന്നതിന് വേണ്ട ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തിയും സാമൂഹിക അകലം, മാസ്‌കിന്റെ ഉപയോഗം എന്നിവ ഉറപ്പാക്കി കടകൾ തുറക്കുന്നതിനും അടക്കുന്നതിനുമായി പ്രത്യേക സമയക്രമം ഏർപ്പെടുത്തുകയുണ്ടായി. വളരെ തിരക്കുള്ളതും കോവിഡ് വ്യാപന സാധ്യതയേറിയതുമായ മാർക്കറ്റുകൾ പൂർണമായും അടച്ചുപൂട്ടി. അതിഥി തൊഴിലാളികൾ കൂട്ടത്തോടെ താമസിക്കുന്ന സ്ഥലങ്ങളിലും ക്യാമ്പുകളിലും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ സന്ദർശിച്ചു അതിഥി തൊഴിലാളികളുടെ കോൺട്രാക്ടർമാരെ കണ്ടെത്തി അതിഥി തൊഴിലാളികൾക്ക് ആവശ്യമായ സൗകര്യങ്ങളും വൃത്തിയുള്ള താമസസൗകര്യവും ആവശ്യമുള്ളവർക്ക് ഹോം ക്വാറന്റൈൻ സൗകര്യവും പൊലീസ് ഏർപ്പാടാക്കി.
ഓരോ സ്റ്റേഷനിലെയും പൊലീസ് ഉദ്യോഗസ്ഥർ അവരവരുടെ സ്റ്റേഷൻ അതിർത്തികളിൽ രോഗബാധിതർ ആയവരുടെ സമ്പർക്ക പട്ടികയിൽ ക്വാറന്റൈൻ കഴിയുന്ന ആൾക്കാരും അവരുടെ വീട്ടിൽ തന്നെയുണ്ടോ എന്ന് അറിയുന്നതിലേക്കു നേരിട്ടും ഫോൺ മുഖാന്തിരം ബന്ധപ്പെട്ടും പരിശോധനകൾ നടത്തി വരുന്നു.

ഇത്തരത്തിൽ ജില്ലയിൽ ഒട്ടാകെ ചെക്കിംഗിനായി 76 സ്റ്റേഷൻ ജീപ്പുകളും 94 ബൈക്ക് പെട്രോളിങ്ങുകളും ഏർപ്പെടുത്തി നിരന്തരമായി ചെക്കിംഗ് നടത്തി അനാവശ്യമായി ആരും പുറത്തിറങ്ങുന്നില്ല എന്ന് ഉറപ്പു വരുത്തുന്നു . ജില്ലയിലെ അതിർത്തി പങ്കിടുന്ന എറണാകുളം, ഇടുക്കി,ആലപ്പുഴ,പത്തനംതിട്ട എന്നീ ജില്ലാ അതിർത്തികളിൽ കർശനമായ പൊലീസ് പരിശോധന ഏർപ്പെടുത്തി. ഇതുമൂലം ജില്ലകളിൽ നിന്നും അനാവശ്യമായി ആളുകൾ കോട്ടയം ജില്ലയിലേക്ക് പ്രവേശിക്കുന്നത് തടയുന്നതിനു വേണ്ട നടപടികൾ പൊലീസ് സ്വീകരിച്ചു.

കടകൾ, മാർക്കറ്റുകൾ, ആൾക്കാർ കൂടുന്ന മറ്റു സ്ഥലങ്ങൾ എന്നിവിടങ്ങളിൽ പോലീസ് കൃത്യമായ പരിശോധന നടത്തി സാമൂഹിക അകലം, മാസ്‌ക് ധരിക്കൽ ഉറപ്പുവരുത്തിയും അനാവശ്യമായ ആൾക്കാർ കൂടുന്നത് ഒഴിവാക്കുന്നതിന് വേണ്ട നടപടിയും സ്വീകരിച്ചു വരുന്നു. ചെറുകിട വ്യവസായമായി കോട്ടയം ജില്ലയിൽ ഓക്‌സിജൻ ഉത്പാദിപ്പിക്കുന്ന 106 ചെറുകിട വ്യവസായ സെൻററുകൾ പോലീസ് അന്വേഷിച്ചു കണ്ടെത്തുകയും ഇവരിൽ നിന്ന് 154 ഓക്‌സിജൻ സിലിണ്ടറുകൾ ആവശ്യപ്രകാരം വിവിധ ആശുപത്രികളിൽ ജില്ലാ മെഡിക്കൽ ഓഫീസർ മുഖേന എത്തിച്ചു നൽകിയത് മരണ നിരക്ക് കുറക്കാൻ ഇടയാക്കിയതായി ജില്ലാ പൊലീസ് മേധാവി അറിയിച്ചു.