കോവിഡ് സ്ഥിരീകരിച്ച തിരുവനന്തപുരം സ്വദേശി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ: ആദ്യമെത്തിയ പ്രവാസികള്‍ മെയ്21 ന് ക്വാറന്‍റയിന്‍ പൂര്‍ത്തിയാക്കും

കോവിഡ് സ്ഥിരീകരിച്ച തിരുവനന്തപുരം സ്വദേശി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ: ആദ്യമെത്തിയ പ്രവാസികള്‍ മെയ്21 ന് ക്വാറന്‍റയിന്‍ പൂര്‍ത്തിയാക്കും

സ്വന്തം ലേഖകൻ

കോട്ടയം : സംസ്ഥാനത്ത് ഇന്ന് കോവിഡ് -19 സ്ഥിരീകരിച്ച തിരുവനന്തപുരം സ്വദേശികളില്‍ ഒരാള്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിൽ. പാറശാലയില്‍നിന്നുള്ള ഇയാള്‍ (40) ബി.പി.സി.എലിന്‍റെ ഇന്‍സ്റ്റലേഷന്‍ ജോലികളുടെ കരാറുകാരനാണ്. മുംബൈയില്‍ താമസിച്ചുവരികയായിരുന്നു.

മുംബൈയില്‍നിന്ന് ഡ്രൈവര്‍ക്കൊപ്പം കാറില്‍ നാട്ടിലേക്ക് മടങ്ങുമ്പോള്‍ പനിയും മറ്റ് ആരോഗ്യ പ്രശ്നങ്ങളും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് മെയ് 18ന് കോട്ടയം ജനറല്‍ ആശുപത്രിയില്‍ എത്തി. നിരീക്ഷണത്തില്‍ താമസിപ്പിച്ചശേഷം ഇരുവരുടെയും സാമ്പിള്‍ പരിശോധനയ്ക്കയച്ചു. ശ്വാസതടസം നേരിട്ട സാഹചര്യത്തില്‍ മെയ് 19ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ ആശുപത്രിയില്‍ കഴിയുന്ന ഡ്രൈവറുടെ സാമ്പിള്‍ പരിശോധനാ ഫലം ലഭിച്ചിട്ടില്ല.

ലോക് ഡൗണ്‍ നിലവില്‍ വന്നശേഷം വിദേശ രാജ്യങ്ങളില്‍നിന്നും കോട്ടയം ജില്ലയില്‍ ആദ്യം എത്തിയ പ്രവാസികളുടെ സംഘം 14 ദിവസത്തെ ഹോം ക്വാറന്‍റയിന്‍ മെയ് 21 ന് പൂര്‍ത്തിയാക്കും. മെയ് ഏഴിന് അബുദാബിയില്‍നിന്നും ദുബായില്‍നിന്നും 20 പേരാണ് നെടുമ്പാശ്ശേരി വിമാനത്താവളം വഴി ജില്ലയില്‍ മടങ്ങിയെത്തിയത്.

ഇതില്‍ അബുദാബിയില്‍നിന്നുള്ള വിമാനത്തില്‍ എത്തി കോതനല്ലൂരിലെ ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്നയാള്‍ക്ക് ഈ മാസം 18ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇയാള്‍ ഇപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതേ കേന്ദ്രത്തില്‍ താമസിക്കുന്ന സഹയാത്രികരായിരുന്ന ഏഴു പേരുടെയും സാമ്പിള്‍ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. ഇവര്‍ നാളെ(മെയ് 22) വീടുകളിലേക്ക് മടങ്ങും.

ഇവര്‍ക്കൊപ്പം വിമാനത്തിലുണ്ടായിരുന്ന കോട്ടയം ജില്ലക്കാരായ നാലു ഗര്‍ഭിണികള്‍ ഉള്‍പ്പെടെ പത്തു പേര്‍ ഹോം ക്വാറന്‍റയിനിലാണ്. രോഗലക്ഷണങ്ങള്‍ പ്രകടമാകാത്ത സാഹചര്യത്തില്‍ ഇവരെയും നിരീക്ഷണത്തില്‍നിന്ന് ഒഴിവാക്കും.

ദുബായ്-കൊച്ചി വിമാനത്തില്‍ ഒരു ഗര്‍ഭിണിയുള്‍പ്പെടെ രണ്ടു സ്ത്രീകള്‍ മാത്രമാണ് എത്തിയിരുന്നത്. മെയ് നാല്, അഞ്ച് തീയതികളില്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്നെത്തിയ 28 പേരെയും ക്വാറന്‍റയിനില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.