രാജ്യത്ത് കൊവിഡ് രോ​ഗികൾ വർധിക്കുന്നു: തമിഴ്നാട്ടിൽ കൊവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു; കേരളത്തിന്റെ അതിർത്തി ജില്ലകൾ ആശങ്കയിൽ

രാജ്യത്ത് കൊവിഡ് രോ​ഗികൾ വർധിക്കുന്നു: തമിഴ്നാട്ടിൽ കൊവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു; കേരളത്തിന്റെ അതിർത്തി ജില്ലകൾ ആശങ്കയിൽ

സ്വന്തം ലേഖകൻ

മുംബൈ: രാജ്യത്ത് കൊവിഡ് വ്യാപനം ശക്തമായിക്കൊണ്ടിരിക്കുകയാണ്. രോഗ ബാധിതരുടെ എണ്ണം ഉയർന്നതിനൊപ്പം മരണ സംഖ്യയും രാജ്യത്ത് ഉയരുകയാണ്. ആശുപത്രിയിലും വീടുകളിലുമായി ചികിത്സയിലും നിരീക്ഷണത്തിലും കഴിയുന്നവരുടെ എണ്ണം ദിവസേന വർധിക്കുന്നു. സമ്പർക്കത്തിലൂടെയുള്ള കൊവിഡ് കേസുകൾ ഉയരുന്നതിനോടൊപ്പം ആരോഗ്യ പ്രവർത്തകരിൽ കൊവിഡ് ബാധ വർധിക്കുന്നത് പ്രതിരോധ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയാകുന്നുണ്ട്.

മഹാരാഷ്‌ട്ര, ഗുജറാത്ത്, ഡൽഹി, തമിഴ്‌നാട് സംസ്ഥാനങ്ങളിലാണ് കൊവിഡ് കേസുകൾ അതിവേഗം വർധിക്കുന്നത്. ചെന്നൈ, മുംബൈ, അഹമ്മദാബാദ് എന്നീ നഗരങ്ങളിൽ കൊവിഡ് കേസുകൾ കുതിച്ചുയരുകയാണ്. തമിഴ്‌നാട്, മഹാരാഷ്‌ട്ര സംസ്ഥാനങ്ങളിലാണ് അതിവേഗം കേസുകൾ ഉയരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തമിഴ്നാട്ടിൽ രോ​ഗ ബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു. പലയിടങ്ങളിലും സമൂഹ വ്യാപനം റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് ലോക്ക് ഡൗൺ ഈ മാസം 31 വരെ നീട്ടിയെങ്കിലും രോ​ഗബാധിതരുടെ എണ്ണം ദിവസവും വർധിക്കുകയാണ്. തമിഴ്നാട്ടിൽ കൊവിഡ് സമൂഹ വ്യാപനം റിപ്പോർട്ട് ചെയ്തതോടെ കേരളത്തിന്റെ അതിർത്തി ജില്ലകൾ ആശങ്കയിലാണ്. തിരുവനന്തപുരം, ഇടുക്കി, പാലക്കാട് ജില്ലകളിൽ അതീവ ജാ​ഗ്രത തുടരുകയാണ്. തമിഴ്നാട്ടിൽ നിന്നും അനധികൃതമായി കേരളത്തിലേക്ക് ആളുകൾ കടന്നു വരുന്നതാണ് പ്രധാന വെല്ലുവിളി. കാട്ടു പാതയിലൂടെ പൊലീസിന്റെയും, വനം വകുപ്പിന്റെയും കണ്ണുവെട്ടിച്ച് ആളുകൾ അതിർത്തി കടക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.

മഹാരാഷ്‌ട്രയിൽ കൊവിഡ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക് അടുക്കുകയാണ്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 1,92,990 ആയി. 8367 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. വെള്ളിയാഴ്‌ച മാത്രം 6324 പേർക്കാണ് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 198 കൊവിഡ് മരണങ്ങൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്‌തു. 79,911 പേർ നിലവിൽ ചികിത്സയിലുണ്ട്.