കൊറോണ വൈറസ് ബാധ : പത്തനംതിട്ടയിലും എറണാകുളത്തും നിരോധനാജ്ഞ ; ആവശ്യ സാധനങ്ങൾക്ക് അല്ലാതെ പുറത്തിറങ്ങരുതെന്ന് കർശന നിർദ്ദേശം
സ്വന്തം ലേഖകൻ
പത്തനംതിട്ട: കൊറേണ വൈറസ് ബാധയുടെ വ്യാപനത്തെ തുടർന്ന് പത്തനംതിട്ടയിലും എറണാകുളത്തും നിരോധനാജ്ഞ. പത്തനംതിട്ടയിൽ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നതിനിടെ പുറത്തിറങ്ങി നടന്ന പതിനാറ് പേർക്കെതിരെ കേസെടുക്കുമെന്ന് ജില്ലാ കളക്ടർ പിബി നൂഹ് പറഞ്ഞു . ജില്ലയിൽ നിരോധനാജ്ഞ പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്.
അവശ്യ സാധനങ്ങൾക്ക് അല്ലാതെ ആളുകൾ പുറത്തിറങ്ങരുതെന്നും കളക്ടറുടെ ഉത്തരവിൽ പറയുന്നു. ജില്ലയിൽ പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ച വ്യക്തിയുടെ റൂട്ട് മാപ്പ് പുറത്തുവിടില്ലെന്ന് കളക്ടർ അറിയിച്ചു. ഇദ്ദേഹം കൂടുതൽ ആൾക്കാരുമായി സമ്പർക്കം നടത്തിയിട്ടില്ലെന്നും അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മാർച്ച് 20ന് പുലർച്ചെ രണ്ട് മണിക്ക് ഖത്തറിൽ നിന്നും എത്തിയ ആൾക്കാണ് ജില്ലയിൽ പുതുതായി രോഗം സ്ഥിരീകരിച്ചത്. ഖത്തർ എയർവൈസിന്റെ QR 506 വിമാനത്തിൽ സി 30 സീറ്റിലാണ് ഇദ്ദേഹം യാത്ര ചെയ്തത്.
പത്തനംതിട്ടയ്ക്ക് പുറമെ എറണാകുളം ജില്ലയിലും മാർച്ച് 31 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് പ്രഖ്യാപിച്ച ലോക് ഡൗണിന്റെ ഭാഗമായാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
ജില്ലയിലെമ്പാടും ആളുകൾ കൂട്ടം കൂടുന്നത് ഒഴിവാക്കണമെന്നാണ് നിർദ്ദേശം.അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകളിൽ സെൻട്രലൈസ്ഡ് എസി പ്രവർത്തിപ്പിക്കരുത് എന്നും ജില്ലാ കളക്ടറുടെ ഉത്തരവിലുണ്ട്. അധികൃതരുടെ നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ എസ്. സുഹാസ് വ്യക്തമാക്കി.