മിസ്റ്റർ പിണറായി വിജയൻ, ഞങ്ങൾക്ക് ഞങ്ങളോട് തന്നെ പുച്ഛം തോന്നുന്നു : സമൂഹ മാധ്യമങ്ങളിൽ വൈറലായി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് എസ്.സുദീപിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

മിസ്റ്റർ പിണറായി വിജയൻ, ഞങ്ങൾക്ക് ഞങ്ങളോട് തന്നെ പുച്ഛം തോന്നുന്നു : സമൂഹ മാധ്യമങ്ങളിൽ വൈറലായി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് എസ്.സുദീപിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

സ്വന്തം ലേഖകൻ

കോട്ടയം : കൊറോണ കാലത്തെ സാമ്പത്തിക ദുരിതത്തെ മറി കടക്കാൻ കേരള സർക്കാർ പ്രഖ്യാപിച്ച 20,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജിന സംസ്ഥാനത്തിന് അകത്തും പുറത്തും അഭിനന്ദന പ്രവാഹം ഉയരുകയാണ്. ഇതിനിടെയിലാണ് തൊടുപുഴ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് എസ്. സുദീപ് എഴുതിയ കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. സർക്കാർ ഇത്രയേറെ നടപടികളെടുക്കുമ്പോൾ ശമ്പളം വാങ്ങി പോക്കറ്റിലിട്ട് മറ്റുള്ളവരെ കുറിച്ച് ഓർക്കാതെ പോകുന്ന തന്നെ പോലുള്ള സർക്കാർ ജീവനക്കാരുടെ തലകുനിഞ്ഞുപോയെന്നാണ് തൊടുപുഴ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് എസ് സുദീപ് ഫെയ്‌സ്ബുക്കിൽ കുറിച്ചു.

ഞങ്ങൾക്കു ഞങ്ങളോടു വല്ലാത്ത പുച്ഛം തോന്നും സർ, ഒരു സാലറി ചലഞ്ചും സെസുമില്ലാതെ ഞങ്ങൾ വരും, സർക്കാർ ജീവനക്കാരും അല്ലാത്തവരും. ഞങ്ങളുണ്ട് കൂടെ. നമുക്കു പോകേണ്ടത് മുന്നോട്ടു തന്നെയാണ്, നാം പോവുക തന്നെ ചെയ്യും, തീർച്ച.’ എസ്. സുദീപിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എസ്.സുദീപിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം

മിസ്റ്റർ പിണറായി വിജയൻ, എനിക്കു പുച്ഛം തോന്നുന്നു…

ആദരണീയനായ കേരള മുഖ്യമന്ത്രിക്ക്,

ഇന്നെന്റെ ഫോണിൽ ഒരു മെസേജ് വന്നിരുന്നു, സർ. ചെറുപ്പക്കാരനായ ഒരു വക്കീലിന്റെ മെസേജ്. കോടതികളൊക്കെ പേരിനു മാത്രം തുറന്നിരിക്കുന്ന, കേസുകൾ വിളിക്കാതെ തന്നെ മാറിപ്പോകുന്ന കോവിഡ് കാലത്തെ ദാരിദ്ര്യത്തെക്കുറിച്ചു പറഞ്ഞ് അയാൾ ചിരിച്ചു. സത്യത്തിലത് ചിരിയായിരുന്നില്ല, സർ. കേസു വിളിച്ചാലുമില്ലെങ്കിലുമൊക്കെ ഈ കോവിഡ് കാലത്തും ശമ്പളം കിട്ടിയേക്കാവുന്നതോർത്ത് ഈയുള്ളവന്റെ തല വല്ലാതങ്ങു കുനിഞ്ഞു പോയി സർ. ആത്മനിന്ദ പൂക്കും ഒരു കോവിഡ് കാലം.

ഇന്നലെയും തല വല്ലാതെ കുനിഞ്ഞു പോയി സർ, അങ്ങയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപനം കേട്ടനേരത്ത്. എ.പി.എൽ/ബി.പി.എൽ വിഭജനങ്ങൾക്കതീതമായും കാലിക്കീശക്കാരെ ചേർത്തു നിർത്തിയും ആരുടെയും കീശയിൽ കൈയിട്ടു വരാതെയും, അതും ഇരുപതിനായിരം കോടിയുടെ ഒരു പാക്കേജ്…എത്ര കരുതലായിരുന്നു, സർ…

പേരിനു മാത്രം ജോലി ചെയ്ത്, മുഴുവൻ ശമ്പളവും വാങ്ങി കീശയിലിട്ട്, ആരെയും നോക്കാതെ തിടുക്കപ്പെട്ട് സ്വന്തം വീട്ടിലേയ്ക്ക് പായുന്ന എന്നെയോർത്ത് എനിക്കു വല്ലാതെ പുച്ഛം തോന്നി സർ.. ഞങ്ങളോടൊന്നും ഒരു രൂപ പോലും ചോദിക്കാതെ, വാങ്ങാതെ തന്നെ ഇത്രയധികം ചെയ്തു കളഞ്ഞു, അല്ലേ?

അതു പറ്റില്ല, സർ. ഇന്നു ജോലിയില്ലാതെ, കൂലിയില്ലാതെ ഇരിക്കുന്നവരൊക്കെ ഞങ്ങളുടെ കൂടപ്പിറപ്പുകളാണു സർ. ഞങ്ങൾ അവരുടേതും അവർ ഞങ്ങളുടേതുമാണ് സർ. അവരില്ലാതെന്തു ഞങ്ങൾ? ഞങ്ങളും നിങ്ങളുമില്ലാത്ത നമ്മൾ പൂക്കും നന്മ പൂക്കും ഒരു കോവിഡ് കാലത്ത് നമുക്കന്യോന്യം ഊന്നുവടികളായങ്ങനെ… എവിടെ, എങ്ങനെ എന്നു മാത്രം പറഞ്ഞാൽ മതി. അല്ലെങ്കിൽ ഞങ്ങൾക്കു ഞങ്ങളോടു വല്ലാത്ത പുച്ഛം തോന്നും സർ… ഒരു സാലറി ചലഞ്ചും സെസുമില്ലാതെ ഞങ്ങൾ വരും, സർക്കാർ ജീവനക്കാരും അല്ലാത്തവരും. ഞങ്ങളുണ്ട് കൂടെ… നമുക്കു പോകേണ്ടത് മുന്നോട്ടു തന്നെയാണ്, നാം പോവുക തന്നെ ചെയ്യും, തീർച്ച…നാം മുന്നോട്ട്… നന്ദിയോടെ, അഭിവാദ്യങ്ങളോടെ, ഇന്ന് ഈ നാട്ടിൽ ജീവിച്ചിരിക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്ന ഒരു മലയാളി.