കോട്ടയത്ത് രണ്ട് പേർക്കടക്കം സംസ്ഥാനത്ത് ആറ് പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു : കേരളത്തിൽ ആകെ 12 പേർക്ക് കൊറോണ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കോട്ടയത്ത് രണ്ടു പേർക്കടക്കം സംസ്ഥാനത്ത് ആറു പേർക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ഇതോടെ കേരളത്തിൽ ആകെ 12 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. നേരത്തെ രോഗം സ്ഥിരീകരിച്ച ഇറ്റലിയിൽ നിന്നെത്തിയവരുടെ മാതാപിതാക്കൾക്കും ഇവരെ വിമാനത്താവളത്തിൽ വിളിക്കാൻ പോയ കോട്ടയം ചെങ്ങളത്തേ രണ്ടുപേർക്കും, ഇവർ സന്ദർശനം നടത്തിയ റാന്നി വടശേരിക്കരയിലെ വീട്ടിലെ രണ്ടുപേർക്കുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
പുതുതായി കൊറോണ രോഗബാധ സ്ഥിരീകരിച്ച നാലുപേർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും രണ്ടുപേർ പത്തനംതിട്ടയിലെ ആശുപത്രിയിലും ഐസോലേഷൻ വാർഡിൽ ചികിത്സയിലാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആറുപേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതോടെ നിലവിൽ സംസ്ഥാനത്ത് രോഗ ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 12 ആയെന്നും മന്ത്രി അറിയിച്ചു. ഇതുവരെ സംസ്ഥാനത്ത് 15 പേർക്കാണ് കേരളത്തിൽ രോഗം സ്ഥിരീകരിച്ചതെന്നും ഇതിൽ നേരത്തെ വൈറസ് ബാധ സ്ഥിരീകരിച്ച മൂന്നുപേർ രോഗമുക്തി നേടിയെന്നും മന്ത്രി പറഞ്ഞു. നിലവിൽ സംസ്ഥാനത്ത് 1116 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇതിൽ 967 പേർ വീടുകളിലും 147 പേർ ആശുപത്രികളിലുമാണ്.