ഡൽഹിയെ പിടിച്ചു കുലുക്കി കൊറോണ : ചികിത്സയിലായിരുന്ന ഒന്നരമാസം പ്രായമായ കുഞ്ഞ് മരിച്ചു : രോഗ ബാധിതരായ ആരോഗ്യപ്രവർത്തകരുടെ എണ്ണം 70 ആയി

ഡൽഹിയെ പിടിച്ചു കുലുക്കി കൊറോണ : ചികിത്സയിലായിരുന്ന ഒന്നരമാസം പ്രായമായ കുഞ്ഞ് മരിച്ചു : രോഗ ബാധിതരായ ആരോഗ്യപ്രവർത്തകരുടെ എണ്ണം 70 ആയി

സ്വന്തം ലേഖകൻ

ന്യൂഡൽഹി: കൊറോണ വൈറസ് ബാധയിൽ രാജ്യതലസ്ഥാനത്തെ സ്ഥിതി അതീവ ഗുരുതരം. പൊതുജനങ്ങൾക്കൊപ്പം കൊറോണ പ്രതിരോഘിക്കുന്ന ആരോഗ്യപ്രവർത്തകർക്കും സർക്കാർ പൊലീസ് ഉദ്യോഗസ്ഥർക്കും കൊവിഡ് വ്യാപിക്കുന്നത് ഡൽഹിയുടെ കാര്യത്തിൽ ആശങ്ക ഇരട്ടിപ്പിക്കുകയാണ്.

ഇതുവരെ ഡൽഹിയിൽ വൈറസ് ബാധ സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തകരുടെ എണ്ണം 70 കടന്നു. സഫ്ദർജംഗ് ആശുപത്രിയിൽ രണ്ട് നഴ്‌സുമാർക്കും സാകേത് മാക്‌സിൽ മൂന്ന് നഴ്‌സുമാർക്കും എൽ.ജെ.പിയിൽ മൂന്ന് പേർക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ആരോഗ്യപ്രവർത്തകർക്കും പൊലീസുകാർക്കും രോഗം സ്ഥിരീകരിക്കുന്നത് രോഗ പ്രതിരോധത്തിനെ വളരെയധികം ബാധിക്കുമെന്നത് അധികൃതരെ വളരെയധികം ആശങ്കയിലാക്കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുൻകരുതലിന്റെ ഭാഗമായി പടിഞ്ഞാറൻ ഡൽഹിയിലെ 13 സ്‌കൂളുകളിലെ 700 ജീവനക്കാരെ കരുതൽ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. കൊവിഡ് ബാധിച്ചു മരിച്ചയാളുടെ മകനായ ഭക്ഷ്യവിതരണ ഇൻസ്‌പെക്ടർ ഈ സ്‌കൂളുകൾ സന്ദർശിച്ചിരുന്നു. ഇതിനെ തുടർന്നാണ് ഇങ്ങനെയൊരു നടപടി.

ഡൽഹി ലേഡി ഹാർഡിങ്ങ് ആശുപത്രിയിലെ നഴ്‌സുമാർ ഉൾപ്പെടെ എട്ടു പേർക്ക് ഇന്ന് കൊവിഡ് സ്ഥീരികരിച്ചിട്ടുണ്ട്. മുൻകരുതൽ നടപടിയുടെ ഭാഗമായി ഇവിടുത്തെ ശിശുരോഗ ഐ.സി.യു അടച്ചു.

കൊവിഡ് 19 ബാധിച്ച് ഡൽഹിയിൽ ഒന്നര മാസം പ്രായമുള്ള കുഞ്ഞും മരിച്ചിരുന്നു. ഡൽഹി കലാവതി സരൺ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുഞ്ഞാണ് മരിച്ചത്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ കൊവിഡ് മരണമാണിത്.

അതേസമയം ഡൽഹിയിൽ മാത്രം രോഗം ബാധിച്ചവരുടെ എണ്ണം രണ്ടായിരത്തിലേക്ക് അടുക്കുകയാണ്. പൊതുജനങ്ങൾക്കൊപ്പം ആരോഗ്യ പ്രവർത്തകരെയും പൊലീസുകാരെയും രോഗം ബാധിക്കുന്നതാണ് അധികൃതരെ ഏറെ ആശങ്കയിലാക്കുന്നത്.