കോട്ടയത്ത് തോമസ് ചാഴികാടൻ: സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത് പത്രക്കുറിപ്പിലൂടെ ; കേരള കോൺഗ്രസിൽ വൻ പൊട്ടിത്തെറി; വിമത യോഗവുമായി ജോസഫ്

കോട്ടയത്ത് തോമസ് ചാഴികാടൻ: സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത് പത്രക്കുറിപ്പിലൂടെ ; കേരള കോൺഗ്രസിൽ വൻ പൊട്ടിത്തെറി; വിമത യോഗവുമായി ജോസഫ്


സ്വന്തം ലേഖകൻ 


കോട്ടയം: കോട്ടയത്ത് കേരള കോൺഗ്രസ് എമ്മിന്റെ സ്ഥാനാർത്ഥിയായി കേരള കോൺഗ്രസ് എം സ്റ്റിയറിംഗ് കമ്മിറ്റി അംഗം തോമസ് ചാഴികാടനെ പ്രഖ്യാപിച്ചു. മൂന്നു ദിവസങ്ങൾ നീണ്ടു നിന്ന അനിശ്ചിതത്വത്തിനും ചർച്ചകൾക്കും ശേഷമാണ് ഇപ്പോൾ സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. ഇത് കേരള കോൺഗ്രസ് എമ്മിൽ വൻ പൊട്ടിത്തെറിയ്ക്ക് ഇടയാക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്. ഉമ്മൻചാണ്ടി മുതൽ പി.ജെ ജോസഫിന്റെ വരെ പേരു പരിഗണിച്ച ശേഷമാണ് ഇപ്പോൾ മുൻ എം.എൽഎ കൂടിയായ തോമസ് ചാഴികാടനെ സ്ഥാനാർത്ഥിയായി പരിഗണിക്കുന്നത്. ഇതിനിടെ തൊടുപുഴയിലെ പി.ജെ ജോസഫിന്റെ വസതിയിൽ രഹസ്യ യോഗം ചേരുകയാണ്. അർഹിക്കുന്ന പരിഗണന ലഭിക്കാതെ വന്ന സാഹചര്യത്തിൽ ഇവർ പാർട്ടി പിളർത്തിയേക്കും എന്ന സൂചനയാണ് ഇപ്പോൾ ലഭിക്കുന്നത്. 
1991 മുതൽ 2006 വരെ കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ പാർലമെന്റ് മണ്ഡലത്തെ പ്രതിനിധീകരിച്ച തോമസ് ചാഴികാടൻ, സഹോദരൻ ബാബു ചാഴിക്കാടന്റെ നിര്യാണത്തോടെയാണ് രാഷ്ട്രീയ രംഗത്തേയ്ക്ക് എത്തിയത്. തുടർന്ന് തുടർച്ചയായ ഇരുപത് വർഷം ഏറ്റുമാനൂർ മണ്ഡലത്തിലെ എം.എൽഎയായിരുന്നു. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഏറ്റുമാനൂർ മണ്ഡലത്തിൽ കെ.സുരേഷ് കുറുപ്പിനോട് മത്സരിച്ചാണ് ആദ്യ പരാജയം ഏറ്റുവാങ്ങിയത്. തുടർന്ന് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചെങ്കിലും പരാജയമായിരുന്നു. ഇതേ തുടർന്ന പാർട്ടി പ്രവർത്തനങ്ങളിൽ സജീവമായി കഴിയുകയായിരുന്നു. കേരള കോൺഗ്രസ് എം ചെയർമാൻ കെ.എം മാണിയുടെ വിശ്വസ്തനാണ് തോമസ് ചാഴികാടൻ. തിനിടെ പാർട്ടിയ്ക്ക് ലഭിച്ച ഏക സീറ്റിൽ തന്നെ പരിഗണിക്കാത്തതിൽ കടുത്ത എതിർപ്പാണ് പി.ജെ ജോസഫ് എടുത്തിരിക്കുന്നത്. തിങ്കളാഴ്ച തൊടുപുഴയിലെ ജോസഫിന്റെ വസതിയിൽ രഹസ്യ യോഗം ചേർന്നിരുന്നു. ഈ യോഗത്തിൽ പാർട്ടി പിളർത്തുന്നത് സംബന്ധിച്ചുള്ള തീരുമാനം എടുത്തതായാണ് സൂചന.