അവയവമാറ്റ ശസ്ത്രക്രിയകൾക്കു പിന്നിൽ സ്വകാര്യ ആശുപത്രികളുടെ ലാഭക്കൊതി: ആസ്റ്റർ മെഡിസിറ്റിയിൽ നടക്കുന്നത് എന്ത്..? അവയവമാറ്റ ചികിത്സയോ, കച്ചവടമോ..? ചികിത്സയ്‌ക്കെത്തുന്നവരെ കൊന്ന് അവയവമൂറ്റുന്ന മാഫിയയായി സ്വകാര്യ ആശുപത്രികൾ മാറുന്നോ; ജോസഫ് പറഞ്ഞ കഥ ശരിയാകുന്നോ..? ആശുപത്രിയിൽ മരിച്ച രോഗിയുടെ സുഹൃത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

അവയവമാറ്റ ശസ്ത്രക്രിയകൾക്കു പിന്നിൽ സ്വകാര്യ ആശുപത്രികളുടെ ലാഭക്കൊതി: ആസ്റ്റർ മെഡിസിറ്റിയിൽ നടക്കുന്നത് എന്ത്..? അവയവമാറ്റ ചികിത്സയോ, കച്ചവടമോ..? ചികിത്സയ്‌ക്കെത്തുന്നവരെ കൊന്ന് അവയവമൂറ്റുന്ന മാഫിയയായി സ്വകാര്യ ആശുപത്രികൾ മാറുന്നോ; ജോസഫ് പറഞ്ഞ കഥ ശരിയാകുന്നോ..? ആശുപത്രിയിൽ മരിച്ച രോഗിയുടെ സുഹൃത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

സ്വന്തം ലേഖകൻ

കൊച്ചി: അവയവമാറ്റത്തിന് ഏറെ നല്ല ഫലങ്ങളുണ്ടെങ്കിലും, ആശുപത്രി മാഫിയയുടെ കൊള്ളയിൽ കുടുങ്ങി ഈ ഫലങ്ങളെല്ലാം അപ്രസക്തമാകുകയാണ്. ശസ്ത്രക്രിയ നടന്നാലും, രോഗി മരിച്ചാലും കോടികൾ പോക്കറ്റിലാക്കുന്ന സ്വകാര്യ ആശുപത്രികൾ അവയവമാറ്റത്തെ വെറും കച്ചവടമായി മാത്രമാണ് കാണുന്നതെന്നാണ് ഏറ്റവും ഒടുവിൽ പുറത്തു വരുന്ന സംഭവങ്ങൾ സൂചിപ്പിക്കുന്നത്. ഏറ്റുവും ഒടുവിൽ കൊച്ചിയിലെ കൊച്ചിയിലെ അഭിഭാഷകനായ,  കെ.സുരേഷിന്റെ മരണമാണ് ആശുപത്രി മാഫിയകളുടെ അവയവക്കച്ചവടത്തെപ്പറ്റിയുള്ള സംശയങ്ങൾ ഇരട്ടിയാക്കി മാറ്റിയിരിക്കുന്നത്. ജോജു ജോർജിന്റെ സൂപ്പർ ഹിറ്റായ ജോസഫ് എന്ന സിനിമ നൽകുന്നതും, ഇത്തരത്തിൽ അവയവ മാറ്റത്തിന്റെ കച്ചവട സന്ദേശം തന്നെയാണ്.

ഇതിനു പിന്നാലെയാണ് ഇപ്പോൾ സുരേഷിന്റെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് ഇദ്ദേഹത്തിന്റെ സുഹൃത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റും പുറത്തു വന്നത്.
കരൾമാറ്റവുമായി ബന്ധപ്പെട്ടു ആസ്റ്റർ മെഡിസിറ്റി അധികൃതർ നടത്തിയ സംശയാസ്പദമായ നീക്കങ്ങളാണ് മരണത്തിന്റെ പേരിൽ സംശയങ്ങൾ ഉയരാൻ ഇടയാക്കുന്നത്. സുരേഷിന്റെ മരണവുമായി ബന്ധപ്പെട്ട് സുരേഷിന്റെ സുഹൃത്ത് അഡ്വ. റോയി തോമസാണ് ആശുപത്രിയ്‌ക്കെതിരെ കുറിയ്ക്ക് കൊള്ളുന്ന സംശയങ്ങൾ ഉയർത്തി ഫെയ്‌സ്ബുക്കിൽ സ്വന്തം അഭിപ്രായം പോസ്റ്റ് ചെയ്തത്. ഇത് ചെന്ന് കൃത്യം സ്ഥലത്ത് തന്നെയാണ് തറച്ചതെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്.നൂറു കിലോമീറ്റർ സ്വയം കാറോടിച്ചാണ് ഹൈക്കോടതി അഭിഭാഷകനായ സുരേഷ് കൊച്ചിയിലെ ആസ്റ്റർ മെഡിസിറ്റിയിൽ കഴിഞ്ഞ തിങ്കളാഴ്ച എത്തിയത്. അടിയന്തരമായി ആശുപത്രിയിൽ എത്തണമെന്ന ആശുപത്രി അധികൃതരുടെ ഫോൺ കോളിനെ തുടർന്നാണ് അദ്ദേഹം ആസ്റ്റർ മെഡിസിറ്റിയിൽ എത്തിയത്. ബ്രെയിൻ ഡെത്തായ ഒരാളുടെ കരൾ ലഭ്യമാണെന്നും അടിയന്തരമായി കരൾ മാറ്റ ശസ്ത്രക്രിയക്ക് എത്തണമെന്നാണ് ആശുപത്രിയിൽ നിന്നുള്ള അറിയിപ്പിൽ പറഞ്ഞിരിക്കുന്നത്. 22 ലക്ഷം രൂപയാണ് കരൾമാറ്റ ശസ്ത്രക്രിയയ്ക്കായി ആസ്റ്റർ സുരേഷിന്റെ പക്കൽ നിന്നും ഈടാക്കിയത്. ശസ്ത്രക്രിയ കഴിഞ്ഞ ചൊവാഴ്ച രാത്രി തന്നെ സുരേഷ് മരിക്കുകയും ചെയ്തു. മരണം സംഭവിക്കുമ്പോൾ 51 വയസ് മാത്രമായിരുന്നു സുരേഷിന്റെ പ്രായം. 
ബുധനാഴ്ച രാവിലെ ആശുപത്രി അധികൃതർ ലാഘവത്തോടെ പറഞ്ഞത് സുരേഷിന്റെ ബ്രെയിൻ ഡെഡ് ആണെന്നാണ്. രാത്രിയിൽ സുരേഷിന്റെ തലച്ചോറിൽ ആന്തരിക രക്തസ്രാവം ഉണ്ടായി. അതിനെ തുടർന്ന് പക്ഷാഘാതം വന്നു. സുരേഷ് മരിച്ചു. ദുഃഖാർത്തരായ ഭാര്യയോടും ബന്ധുക്കളോടും ആശുപത്രി അധികൃതർ ഒന്ന് കൂടി പറഞ്ഞു. സുരേഷിന്റെ ബ്രെയിൻ ഡെത്ത് ആണ്. അതുകൊണ്ട് സുരേഷിന്റെ കരൾ, കിഡ്‌നി, കണ്ണുകൾ എന്നിവയ്ക്ക് പ്രശ്നമില്ല. അതെല്ലാം മറ്റു രോഗികൾക്ക് ആവശ്യമുണ്ട്. അവയവദാനത്തിന്റെ മഹത്വം പറഞ്ഞു ഈ അവയവങ്ങൾ തുന്നിച്ചെർത്ത കരൾ അടക്കം അവർ സുരേഷിന്റെ ശരീരത്തിൽ നിന്ന് മാറ്റുകയും ചെയ്തു. സുരേഷിന്റെ ശരീരത്തിലേക്ക് തുന്നിച്ചേർത്ത അതേ കരൾ 28 ലക്ഷം രൂപ നലകി സ്വീകരിക്കാൻ മറ്റൊരാൾ ആശുപത്രിയിൽ എത്തുകയും ചെയ്തിരുന്നു. ഇത് സുരേഷിന്റെ സുഹൃത്ത് സോഷ്യൽ മീഡിയയിലെ കുറിപ്പിൽ വിശദീകരിക്കുന്നുണ്ട്.
കരളിന് പ്രശ്നമുണ്ടെങ്കിലും സുരേഷ് ആരോഗ്യവാൻ ആയിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. കരൾമാറ്റി വയ്ക്കണമെന്ന് ആശുപത്രി അധികൃതർ സുരേഷിന് മുന്നിൽ മുൻപ് നിർദ്ദേശം വയ്ക്കുകയായിരുന്നു. അത് പ്രകാരം സുരേഷ് മുൻപ് കരൾ സ്വീകരിക്കാൻ ശ്രമിച്ചെങ്കിലും വൻ തുക ആവശ്യപ്പെട്ടതിനെ തുടർന്ന് കരൾമാറ്റം മാറ്റിവയ്ക്കുകയായിരുന്നു. ഈ ഘട്ടത്തിലാണ് ബൈക്ക് അപകടത്തിൽ മരിച്ച യുവാവിന്റെ കരൾ ലഭ്യമാണെന്ന വിവരം സുരേഷിനെ ആസ്റ്റർ മെഡിസിറ്റി അധികൃതർ അറിയിക്കുന്നത്. ചില ടെസ്റ്റുകൾക്ക് ശേഷം സുരേഷിനെ ആശുപത്രി അധികൃതർ അന്ന് തന്നെ അതായത് കഴിഞ്ഞ തിങ്കളാഴ്ച തന്നെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. പിറ്റേന്ന് ചൊവാഴ്ച ശസ്ത്രക്രിയക്ക് വിധേയമാക്കി. ‘വൈകുന്നേരമായപ്പോൾ സുരേഷ് ഉണരുമെന്നു പറഞ്ഞു. പക്ഷെ വൈകുന്നേരം സുരേഷ് ഉണർന്നില്ല. തലച്ചോറിലെ രത്കസ്രാവത്തെ തുടർന്ന് സ്‌ട്രോക്ക് വന്ന് സുരേഷ് ബ്രെയിൻ ഡെഡ് ആയതായി ആശുപത്രി അധികൃതർ ബന്ധുക്കളോട് പറയുകയായിരുന്നു. 
22 ലക്ഷം രൂപ അടച്ച് ആരോഗ്യവാനായി സംസാരിച്ചു കൊണ്ട് തിയറ്ററിലേക്ക് കയറിയ സുരേഷിന്റെ ജീവിതം ശസ്ത്രക്രിയയോടെ നിലച്ചു. കുടുംബം ദുരന്തത്തിലേക്ക് നീങ്ങി. ആരോഗ്യവാനായ സുരേഷിനെ വിളിച്ചു വരുത്തിയ ആസ്റ്റർ മെഡിസിറ്റി ആദ്യം 22 ലക്ഷം രൂപ ഈടാക്കി. സുരേഷിന്റെ ശരീരത്തിൽ തുന്നി ചേർത്ത കരൾ ലഭ്യമായ വിവര പ്രകാരം അടുത്ത രോഗിയിലേക്ക് പോകുന്നത് 28 ലക്ഷം രൂപയ്ക്കാണ്. സുരേഷിന്റെ ഇരു കിഡ്നികൾ. നേത്രപടലങ്ങൾ എല്ലാം ആസ്റ്റർ മെഡിസിറ്റി സ്വന്തമാക്കുകയാണ് ചെയ്യുന്നത്. അവയവങ്ങൾ കാത്തുകിടക്കുന്ന രോഗികൾക്ക് അവർ ഈ അവയവങ്ങൾ നൽകും. ലക്ഷങ്ങൾ ഓരോ അവയവത്തിന്റെ പേരിലും ഈടാക്കപ്പെടും. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യപ്പെട്ട സുഹൃത്തിന്റെ കുറിപ്പ് പ്രകാരം സുരേഷിന്റെ മരണം വഴി ആശുപത്രി അധികൃതരുടെ കയ്യിലേക്ക് എത്തുന്നത് 1 കോടിയോളം രൂപയാണ്. സർജറി കഴിഞ്ഞ ശേഷം സുരേഷ് മരണത്തിനിരയാവുകയും ചെയ്തു.
ആസ്റ്റർ മെഡിസിറ്റി അധികൃതർ നൽകുന്ന വിശദീകരണം ഇങ്ങിനെ 
ആസ്റ്റർ മെഡിസിറ്റി അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ സംഭവം നിഷേധിച്ചു. മരണത്തിനു കരൾമാറ്റ ശസ്ത്രക്രിയയുമായി ബന്ധമില്ല. ശസ്ത്രക്രിയയ്ക്ക് ശേഷം മസ്തിക രക്തസ്രാവം കാരണം പക്ഷാഘാതമുണ്ടായി. അതിനെ തുടർന്ന് ബ്രെയിൻ ഡെത്ത് ആയി. ഇതാണ് മരണകാരണം. കരൾമാറ്റ ശസ്ത്രക്രിയ കഴിഞ്ഞു മസ്തിഷക രക്തസ്രാവത്തിനു സാധ്യതയുണ്ടോ എന്ന് ചോദിച്ചപ്പോൾ അങ്ങിനെ സാധ്യതയുണ്ട് എന്നായിരുന്നു ആശുപത്രി അധികൃതരുടെ മറുപടിയെന്നും ബന്ധുക്കൾ പറയുന്നു. 
ചൊവാഴ്ച മരിച്ച സുരേഷിന്റെ ബോഡി ബുധനാഴ്ചയും ആസ്റ്റർ വിട്ടുനൽകിയില്ല. അവയവമാറ്റത്തിന്റെ കാരണം പറഞ്ഞു വ്യാഴാഴ്ച നാല് മണിക്കാണ് സുരേഷിന്റെ ശരീരം വിട്ടു നലകുന്നത്. അവിടെയും തീർന്നില്ല. ആശുപത്രി അധികൃതരുടെ ക്രൂരത. ഈ ക്രൂരത വ്യക്തമാക്കണമെങ്കിൽ സുരേഷിന്റെ അടുത്ത സുഹൃത്തായ അഡ്വക്കേറ്റ് റോയി തോമസ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത സന്ദേശം ശ്രദ്ധിക്കണം. സന്ദേശത്തിൽ റോയി തോമസ് ഇങ്ങിനെ കുറിക്കുന്നു- ഒടുവിൽ ഞങ്ങൾക്ക് പ്രിയപ്പെട്ടതും ആശുപത്രി അധികൃതർക്ക് ആവശ്യമില്ലാത്തതുമായ മൃതദേഹം അതെ വാതിലിലൂടെ മാലിന്യശേഖരത്തിനിടയിലൂടെയാണ് ഞങ്ങൾ ഏറ്റുവാങ്ങിയത്. ഒന്നു ചിന്തിക്കുക. വലിയ ദൈനംദിനച്ചെലവുകളുള്ള വലിയ ആശുപത്രികൾക്ക് വരുമാനമുണ്ടാക്കാൻ വിജയ സാധ്യതകൾ വളരെ വിരളമായ അവയവമാറ്റ ശസ്ത്രക്രിയകൾ പോലും അവർ അതിവിദഗ്ധ മാർക്കറ്റിങ് തന്ത്രത്തിലുടെ നമ്മുടെ തലയിൽ കെട്ടിവയ്ക്കുന്നുണ്ടോ. അതും നമുക്കു പ്രിയപ്പെട്ട ജീവനുകൾ നഷ്ടപ്പെടുത്തിക്കൊണ്ട്. ഏറെ സ്നേഹിച്ച ഒരു സുഹൃത്തിനെ നഷ്ടപ്പെട്ട വ്യഥയോടെ-അഡ്വ. റോയി തോമസ്, ചങ്ങനാശ്ശേരി.
സുരേഷിന്റെ സുഹൃത്ത് അഡ്വ.റോയ് തോമസ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത കുറിപ്പ് ഇങ്ങിനെ
ഉറ്റവരുടെ അവയവങ്ങൾ ദാനം ചെയ്യുന്നത് ഒരു മഹത്തായ കർമ്മം തന്നെയാണ്. എന്നാൽ ഈ മഹത് കർമ്മത്തിനിടയിൽ നാം ശ്രദ്ധിക്കാതെ പോകുന്ന ചില കച്ചവട രഹസ്യങ്ങളിലേക്ക് ഏവരുടെയും ശ്രദ്ധ ക്ഷണിക്കുന്നതിനാണ് ഈ കുറിപ്പ്. 
എറണാകുളത്തെ ആസ്റ്റർ മെഡിസിറ്റിയിൽ എന്റെ സുഹൃത്ത് കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് ബുക്ക് ചെയ്യുകയും പിന്നീട് വേണ്ടന്നു വയ്ക്കുകയും ചെയ്തിരുന്നു. സ്വ പരിശ്രമത്താലും തുടർ ചികിത്സകളാലും ആയിരിക്കാം ക്ഷീണമുണ്ടെങ്കിലും ഗണ്യമായ പുരോഗതി കാണാൻ കഴിഞ്ഞിരുന്നു. 
അങ്ങനെയിരിക്കെ പെട്ടെന്നൊരു ദിവസം ബ്രെയിൻ ഡെത്തായ ഒരാളുടെ കരൾ ലഭ്യമാണെന്നും അടിയന്തിരമായി ആശുപത്രിയിലെത്തണമെന്നും അറിയിച്ചതിനെത്തുടർന്ന് സ്വന്തം വാഹനം നൂറോളം കി.മീ. ദൂരം സ്വയമോടിച്ച് അദ്ദേഹം ആപത്രയിലെത്തി. ചികിത്സാ ചെലവായി ആവശ്യപ്പെട്ട 22 ലക്ഷം രൂപ നൽകി. ചില ടെസ്റ്റുകൾക്കു ശേഷം അന്നു രാത്രി തന്നെ അഡ്മിറ്റായി. പിറ്റേന്നു പുലർച്ചെ തുടങ്ങി മണിക്കൂറുകൾ നീണ്ട ശസ്ത്രക്രിയയിൽ കരൾ മാറ്റിവച്ചു. തൃപ്തികരമെന്നു ഡോക്ടർമാർ പറഞ്ഞു. 
പിറ്റെന്നു പുലർച്ചെ തലച്ചോറിൽ ബ്ലീഡിങ്ങ് ഉണ്ടായത്രെ. ലക്ഷങ്ങൾ ഫീസ് വാങ്ങിയ ആശുപത്രി സംവിധാനങ്ങൾക്ക് ഈ സാധ്യത കണ്ടെത്താൻ കഴിഞ്ഞില്ലത്രെ. സ്ഥിതി പെട്ടെന്നു വഷളായി അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റി. മരണം ഉറപ്പായതായി അറിഞ്ഞതിനെ തുടർന്ന് അദ്ദേഹത്തിന്റെ വൃക്കകളും കണ്ണുകളും അപ്പോൾ തുന്നിച്ചേർത്ത കരളും ദാനം ചെയ്യാൻ ബന്ധുക്കൾ തയ്യാറായി. പ്രിയപ്പെട്ടവന്റെ അവയവങ്ങൾ നിമിത്തം മറ്റാളുകൾക്ക് പ്രയോജനം ലഭിക്കുന്നതിൽ നന്മ കണ്ടെത്തുന്ന മഹത്വം. 
ഇപ്പറഞ്ഞ കേസിൽ അവയവം വിൽക്കകയോ വില കൊടുത്തു വാങ്ങുകയോ ചെയ്യുന്നില്ല എങ്കിലും ഡോക്ടർമാർ അടക്കം ആശുപത്രിക്ക് പണിയുണ്ടാക്കി നൽകുന്നതിനു നടത്തുന്ന വ്യഗ്രതയും മാർക്കറ്റിങ്ങ് തന്ത്രങ്ങളും പ്രകടമാണെന്നു പറയാതെ വയ്യ. 
22 ലക്ഷം നൽകിയ എന്റെ സുഹൃത്തിന്റെ ചികിത്സ പരാജയപ്പെട്ടപ്പോൾ, അതേ കരൾ 28 ലക്ഷം രൂപ ചികിത്സാ ചെലവു നൽകി നേടാൻ കിടക്കാടം വിറ്റ് പണമുണ്ടാക്കിയ മറ്റൊരാൾ ആശുപത്രിയിൽ എത്തിയിരുന്നു. കൂടാതെ സൗജന്യമായി ലഭിച്ച കണ്ണുകളും വൃക്കകളും മറ്റാളുകൾക്ക് നൽകുന്നതും ചികിത്സയിലൂടെ തന്നെയാണല്ലോ. ഒന്നുകിൽ അവിടെത്തന്നെ അല്ലെങ്കിൽ വേണ്ടപ്പെട്ട മറ്റൊരു ആശുപത്രിയിൽ. 
24 മണിക്കൂറുകൾക്കടിയിൽ ഈ കേസിൽ ചികിത്സാചെലവിനത്തിൽ വന്നു ചേർന്നത് ഒരു കോടിയിൽപരം രൂപയെന്ന് അനുമാനിക്കാൻ തീർച്ചയായും ന്യായമുണ്ട്. 
ഏറെ വേദനിപ്പിച്ചതു മറ്റൊരു വസ്തുതയാണ്. അവയവദാനശസ്ത്രകിയകൾക്കു ശേഷം അദ്ദേഹത്തിന്റെ മൃതദേഹം ഏറ്റുവാങ്ങാൻ അധികൃതർ നിർദ്ദേശിച്ച പ്രകാരം ബന്ധുക്കളും സുഹൃത്തുക്കളും കാത്തുനിന്ന വാതിൽ ആശുപത്രിയിലെ മുഴുവൻ മാലിന്യങ്ങളും നീക്കം ചെയ്യുന്ന വാതിലിലായിരുന്നു. വെയിൽ മറ പോലുമില്ലാത്ത ആശുപത്രിയുടെ പിന്നാമ്ബുറത്ത് നിന്ന ഞങ്ങൾക്കിടയിലൂടെ ശുചീകരണ ജോലിക്കാർ തലങ്ങും വിലങ്ങും മാലിന്യങ്ങൾ നിറച്ച ടോളികളുമായി നടന്നു. 
ഒടുവിൽ ഞങ്ങൾക്ക് പ്രിയപ്പെട്ടതും ആശുപത്രി അധികൃതർക്ക് ആവശ്യമില്ലാത്തതുമായ മൃതദേഹം അതെ വാതിലിലൂടെ മാലിന്യശേഖരത്തിനിടയിലൂടെയാണ് ഞങ്ങൾ ഏറ്റുവാങ്ങിയത്. 
ഒന്നു ചിന്തിക്കുക. വലിയ ദൈനംദിന ച്ചെലവുകളുള്ള വലിയ ആശുപത്രികൾക്ക് വരുമാനമുണ്ടാക്കാൻ വിജയ സാധ്യതകൾ വളരെ വിരളമായ അവയവമാറ്റ ശസ്ത്രക്രിയകൾ പോലും അവർ അതിവിദഗ്ദ മാർക്കറ്റിങ് തന്ത്രത്തിലുടെ നമ്മുടെ തലയിൽ കെട്ടിവയ്ക്കുന്നുണ്ടോ. അതും നമുക്കു പ്രിയപ്പെട്ട ജീവനുകൾ നഷ്ടപ്പെടുത്തിക്കൊണ്ട്. 
ഏറെ സ്നേഹിച്ച ഒരു സുഹൃത്തിനെ നഷ്ടപ്പെട്ട വ്യഥയോടെ, 
അഡ്വ. റോയി തോമസ്, ചങ്ങനാശ്ശേരി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group