ഏക സിവില്‍ കോഡ്: സിപിഎം സെമിനാര്‍ ഇന്ന്; 15000 പേര്‍ പങ്കെടുക്കുമെന്ന് കണക്കുകൂട്ടല്‍; ഒഴിയാതെ വിവാദങ്ങളും തർക്കങ്ങളും….!
സ്വന്തം ലേഖിക
തിരുവനന്തപുരം: ഏക സിവില്‍ കോഡ് വിഷയത്തില്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ആദ്യ സെമിനാര്‍ ഇന്ന്.
കോഴിക്കോട് സ്വപ്നനഗരയിലെ ട്രേഡ് സെന്‍ററില്‍ വൈകീട്ട് 4 മണിക്ക് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി സെമിനാര്‍ ഉദ്ഘാടനം ചെയ്യും. ബിഡിജെഎസ് പ്രതിനിധിയും സെമിനാറില്‍ പങ്കെടുക്കുന്നുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
15,000 പേര്‍ സെമിനാറില്‍ പങ്കെടുക്കുമെന്നാണ് സി.പി.ഐ.എം കണക്ക് കൂട്ടല്‍. അതേസമയം സിപിഎം ക്ഷണം മുസ്ലിം ലീഗ് നിരസിച്ചതും, സമസ്തയിലെ തര്‍ക്കങ്ങളും കൂടുതല്‍ ചര്‍ച്ചയ്ക്ക് വഴിവെച്ചു.
ഏക സിവില്‍ കോഡ് വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശം വന്ന് കൃത്യം രണ്ടാഴ്ച പിന്നിടുമ്പോഴാണ് കേരളത്തില്‍ സിപിഎം നേതൃത്വത്തില്‍ ആദ്യ സെമിനാര്‍ നടക്കുന്നത്.
പൗരത്വ വിഷയത്തിനു സമാനമായ രീതിയില്‍ പാര്‍ട്ടി സംഘടിപ്പിക്കുന്ന സെമിനാറില്‍ വിവിധ മത സാമുദായിക നേതാക്കളും ഇടതു മുന്നണിയിലെ ഘടകകക്ഷി നേതാക്കളും പങ്കെടുക്കും. എന്നാല്‍, സെമിനാര്‍ പ്രഖ്യാപിച്ചതു മുതല്‍ തുടങ്ങിയ തര്‍ക്കങ്ങളും വിവാദങ്ങളും ഇനിയും കെട്ടടങ്ങിയിട്ടുമില്ല.
സിപിഎം ക്ഷണം ലീഗ് നിരസിച്ചെങ്കിലും സെമിനാറില്‍ പങ്കെടുക്കാനുളള സമസ്തയുടെ തീരുമാനം സംഘാടകര്‍ക്ക് നേട്ടമായി. വ്യക്തിനിയമങ്ങളില്‍ പരിഷ്കരണം വേണമെന്ന പാര്‍ട്ടി നിലപാടിനോട് സമസ്തയിലെ ഒരു വിഭാഗം കടുത്ത എതിര്‍പ്പ് തുടരുകയാണ്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ കഴിഞ്ഞ ബുധനാഴ്ച നടത്തിയ പരാമര്‍ശം കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴി തുറക്കുകയും ചെയ്തു.