ലോകത്തിൽ ആദ്യമായി ഒറ്റ വില്ല് ആകൃതിയിൽ ഒരു റെയിൽപാലം; ഈഫൽ ടവറിനേക്കാൾ ഉയരം; റെക്കോഡുമായി ചിനാബ് ആർച്ച് പാലം പൂർത്തിയായി
ശ്രീനഗർ: റെയിൽവേ പാലങ്ങളുടെ നിർമ്മാണത്തിൽ റെക്കോഡുമായി ചിനാബ് ആർച്ച് പാലം പൂർത്തിയായി. ആർച്ച് പാലത്തിലെ മധ്യത്തിലെ യോജിപ്പിക്കേണ്ട അവസാന ഗർഡറാണ് ഇന്ന് ഘടിപ്പിച്ചത്.
യോജിപ്പിച്ച ഭാഗത്ത് ദേശീയ പതാക ഉയർത്തിയാണ് റെയിൽവേ രാജ്യത്തിനും ജമ്മുകശ്മീരിനും അഭിമാന നേട്ടം സമ്മാനിച്ചത്. ട്വിറ്ററിലൂടെയാണ് റെയിൽവേ ചിനാബ് പാലത്തിന്റെ ചിത്രം പങ്കുവെച്ചത്.ലോകത്തിൽ ആദ്യമായാണ് ഒറ്റ വില്ല് ആകൃതിയിൽ ഇത്രയും നീളത്തിൽ ഒരു റെയിൽപാലം നിർമ്മിക്കപ്പെടുന്നത്.
ചിനാബ് നദിയുടെ ഇരുവശത്തു നിന്നും ഘട്ടംഘട്ടമായി സംയോജിപ്പിച്ച ഉരുക്കു പാലത്തിന്റെ നടുക്കുള്ള യോജിപ്പാണ് ഇന്ന് പൂർത്തിയായത്. റിയാസി ജില്ലയിലെ കൗരി ഗ്രാമത്തിലെ സലാൽ അണക്കെട്ടിന് മുകളിലായി ചിനാബ് നദി താഴോട്ട് പ്രവഹിക്കുന്ന മേഖലയുടെ മുകളിലൂടെയാണ് റെയിൽ പാത കടന്നുപോകുന്നത്.ആർച്ച് പൂർത്തിയായതോടെ പാലത്തിന്റെ 98 ശതമാനം പണിയും പൂർത്തിയായതായി റെയിൽവേ അധികൃതർ അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉരുക്കുകൊണ്ടുള്ള ലോകാത്ഭുതമായ പാരീസിലെ ഈഫൽ ടവറിനേക്കാൾ 35 മീറ്റർ ഉയരമാണ് തറനിരപ്പിൽ നിന്നും ആർച്ചിന്റെ മധ്യഭാഗത്തേയ്‌ക്കുള്ളത്. മുംബൈയിലെ അഫ്കോൺ എന്ന സ്ഥാപനമാണ് നിർമ്മാണ കരാർ ഏറ്റെടുത്തത്.
ഇതിനൊപ്പം ജമ്മുകശ്മീരിലെ 16 റെയിൽപാലങ്ങളും കമ്പനി പണിതുകൊണ്ടിരിക്കുകയാണ്. വടക്കൻ റെയിൽവേയ്‌ക്ക് ഒപ്പം ഏറ്റവും ഉയരമുള്ള തൂണുകളിൽ റെയിൽപാത പണിത് അതിശയിപ്പിച്ച കൊങ്കൺ റെയിൽവേ സംഘവും ജമ്മുകശ്മീരിൽ സഹായത്തിനുണ്ട്.
ചിനാബ് റെയിൽപാല നിർമ്മാണത്തിൽ ഇതുവരെ 30,350 മെട്രിക് ടൺ ഉരുക്കാണ് 1315 മീറ്റർ നീളമുള്ള പാലത്തിനായി ഉപയോഗിച്ചത്. ഇതിൽ ആർച്ചിന് മാത്രം 10,620 മെട്രിക് ടൺ ഉരുക്ക് ഉപയോഗിച്ചു. ആർച്ചിന് മുകളിലായി പാലത്തിന്റെ തട്ടുകൾ നിർമ്മിക്കാനായി 14,504 മെട്രിക് ടൺ ഉരുക്കും ഉപയോഗിച്ചു. ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ ഏറ്റവും വിഷമകരമായ ദൗത്യമാണ് പൂർത്തീകരിക്കപ്പെട്ടത്.