ഇല്ലിക്കല്‍ ചിന്മയവിദ്യാലയത്തില്‍ മാനേജ്‌മെന്റിന്റെ ധിക്കാരം; പിടിഎ മീറ്റിങ്ങിനെത്തിയ രക്ഷിതാക്കളെ സ്‌കൂളില്‍ കയറ്റാതെ ഗേറ്റ് പൂട്ടിയിട്ടു; പോലീസിനെ വിളിച്ച് വരുത്തി സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാനും ശ്രമം; ക്ലാസ് ഓണ്‍ലൈനാക്കിയിട്ടും ആയമാര്‍ക്കുള്ള ശമ്പളവും രക്ഷിതാക്കള്‍ തന്നെ നല്‍കണമെന്ന് സ്‌കൂള്‍ മാനേജ്‌മെന്റ്‌

ഇല്ലിക്കല്‍ ചിന്മയവിദ്യാലയത്തില്‍ മാനേജ്‌മെന്റിന്റെ ധിക്കാരം; പിടിഎ മീറ്റിങ്ങിനെത്തിയ രക്ഷിതാക്കളെ സ്‌കൂളില്‍ കയറ്റാതെ ഗേറ്റ് പൂട്ടിയിട്ടു; പോലീസിനെ വിളിച്ച് വരുത്തി സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാനും ശ്രമം; ക്ലാസ് ഓണ്‍ലൈനാക്കിയിട്ടും ആയമാര്‍ക്കുള്ള ശമ്പളവും രക്ഷിതാക്കള്‍ തന്നെ നല്‍കണമെന്ന് സ്‌കൂള്‍ മാനേജ്‌മെന്റ്‌

സ്വന്തം ലേഖകന്‍

കോട്ടയം: കോവിഡ് കാലത്ത് ഫീസ് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്ക് രക്ഷിതാക്കളെ വിളിച്ച് വരുത്തി സ്‌കൂള്‍ കോമ്പൗണ്ടില്‍ കയറ്റാതെ ഗേറ്റ് പൂട്ടിയിട്ട് ഇല്ലിക്കല്‍ ചിന്മയവിദ്യാലയത്തില്‍ മാനേജ്‌മെന്റിന്റെ ധിക്കാരം.

സ്‌കൂള്‍ മാനേജ്‌മെന്റിന്റെ നിര്‍ദ്ദേശ പ്രകാരം ശനിയാഴ്ച രാവിലെ 11 മണിക്കാണ് രക്ഷിതാക്കളെ ഫീസ് കുറയ്ക്കുന്നതുമായ് ബന്ധപ്പെട്ട ചര്‍ച്ചയ്ക്ക് വിളിച്ചത്. ഇതനുസരിച്ച് രക്ഷിതാക്കള്‍ സ്‌കൂളിലെത്തി. എന്നാല്‍ ശനിയാഴ്ച തന്നെ രാവിലെ 8.30ന് പിടിഎ വാട്‌സ് ആപ് ഗ്രൂപ്പില്‍ മീറ്റിങ്ങ് റദ്ദ് ചെയ്യുന്നു എന്ന സന്ദേശം സ്‌കൂള്‍ മാനേജ്‌മെന്റ് പങ്ക് വച്ചു. ഇതാവട്ടെ, മിക്ക രക്ഷിതാക്കളും അറിഞ്ഞില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവരം അറിയാതെ എത്തുന്ന രക്ഷിതാക്കളെ തടയാന്‍ മുന്‍കൂറായി സ്ഥലത്ത് പോലീസിനെ നിയോഗിച്ചിയരുന്നു സ്‌കൂള്‍ അധികൃതര്‍. സ്‌കൂള്‍ ഗെയിറ്റും പൂട്ടിയിരുന്നു. സ്ഥലത്തെത്തിയ രക്ഷിതാക്കളുമായി സംസാരിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ തയ്യാറായില്ല. സ്ഥലത്ത് ഉണ്ടായിരുന്ന പോലീസും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെയുള്ള മേലധികൃതരും സ്‌കൂള്‍ മാനേജ്‌മെന്റുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ അറ്റന്‍ഡ് ചെയ്യാന്‍ പോലും തയ്യാറായിരുന്നില്ല.

ആറ് മാസം മുന്‍പ് അധിക ഫീസ് ഈടാക്കുന്നതുമായി ബന്ധപ്പെട്ട് ഇതിന് മുന്‍പ് പിടിഎ പ്രതിനിധികള്‍ സ്‌കൂള്‍ മാനേജ്‌മെന്റിനെ കണ്ടിരുന്നു. നാല് മാസം മുന്‍പും ഈ വിഷയം ചര്‍ച്ച ചെയ്‌തെങ്കിലും തൃപ്തികരമായ മറുപടി നല്‍കാതെ മാനേജ്‌മെന്റ് ഒഴിഞ്ഞുമാറി.

എല്‍കെജി യുകെജി ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ മുഴുവന്‍ തുകയും നല്‍കാതെ ഒന്നാം ക്ലാസിലേക്ക് പ്രവേശനം അനുവദിക്കില്ല എന്ന നിലപാടാണ് മാനേജ്‌മെന്റിന്. ഇതിന് പുറമേ കോവിഡ് കാലമായിട്ടും ഒന്നാം ക്ലാസിലേക്ക് പ്രവേശനം അനുവദിക്കണമെങ്കില്‍ മുഴുവന്‍ ഫീസും കെട്ടണം. ഇതിന് ഇളവ് നല്‍കണമെന്ന ന്യായമായ ആവശ്യമാണ് രക്ഷിതാക്കള്‍ ഉന്നയിക്കുന്നത്.

എല്‍കെജി യുകെജി ക്ലാസുകളില്‍ ഒന്നാം ക്ലാസിനേക്കാള്‍ അധിക ഫീസാണ് മാനേജ്‌മെന്റ് വാങ്ങുന്നത്. ഇതിന് കാരണമായി അധികൃതര്‍ പറഞ്ഞത് കെ.ജി ക്ലാസുകളില്‍ ടീച്ചറിന് പുറമേ രണ്ട് ആയമാര്‍ ഉണ്ടെന്നും ഇവര്‍ക്ക് ശമ്പളം നല്‍കണമെന്നും ആയിരുന്നു.

ഓണ്‍ലൈന്‍ ക്ലാസ് ആയിട്ടും ആയമാര്‍ക്കുള്ള ശമ്പളം എന്ന പേരില്‍ പണം വാങ്ങുന്നത് തുടരുകയാണ് മാനേജ്‌മെന്റ്. ഇത് അടച്ചില്ലെങ്കില്‍ അടുത്ത ക്ലാസില്‍ അഡ്മിഷന്‍ നല്‍കില്ല. ഈ തുകയ്‌ക്കെല്ലാം പുറമേ ഡൊണേഷന്‍ എന്ന പേരില്‍ വന്‍തുകയും കുട്ടികളില്‍ നിന്നും ഇവര്‍ ഈടാക്കുന്നുണ്ട്.

ഇതിന് മുന്‍പും സ്‌കൂളിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉണ്ടായിട്ടുണ്ട്. കുട്ടിയെ മര്‍ദ്ദിച്ചിതുമായി ബന്ധപ്പെട്ട് ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയിരുന്നുവെന്നും നടപടികള്‍ ഉണ്ടായിട്ടില്ലെന്നും രക്ഷിതാക്കള്‍ പറഞ്ഞു. സ്‌കൂള്‍ വിത് എ ഡിഫറന്‍സ് എന്ന് പരസ്യ വാചകം വച്ച് തങ്ങളെ പറ്റിക്കുകയാണെന്നും ഓണ്‍ലൈന്‍ ക്ലാസുകള്‍ പോലും ശരിയായ രീതിയില്‍ നടക്കുന്നില്ലെന്നും രക്ഷിതാക്കള്‍ പറഞ്ഞു.

സ്‌കൂള്‍ പ്രിന്‍സിപ്പള്‍ ഗീതാദേവി വര്‍മ്മ ഉള്‍പ്പെടെയുള്ളവര്‍ ചര്‍ച്ചയ്ക്ക് വിളിച്ച് വരുത്തി അപമാനിക്കുകയായിരുന്നുവെന്ന് പിടിഎ പ്രസിഡന്റ് അജയന്‍ ആരോപിച്ചു.