നിരാലംബയായ വൃദ്ധയെ കബളിപ്പിച്ച് ബിജെപി നേതാവ്; 47 സെന്റ് സ്ഥലവും വീടും തട്ടിയെടുത്തു; ആധാരത്തില്‍ മൂന്ന്‌ലക്ഷത്തി ഇരുപതിനായിരം രൂപ വാങ്ങിയതായി കെട്ടിച്ചമച്ചു; ഒരു രൂപ പോലും താന്‍ വാങ്ങിയിട്ടില്ലെന്നും തന്നെ ചതിക്കുകയായിരുന്നുവെന്നും കരഞ്ഞ് പറഞ്ഞ് സരസ്വതിയമ്മ; അറിയണം ഈ വഞ്ചനയുടെ കഥ, കാണാതെ പോകരുത് ഈ കണ്ണുനീര്‍

നിരാലംബയായ വൃദ്ധയെ കബളിപ്പിച്ച് ബിജെപി നേതാവ്; 47 സെന്റ് സ്ഥലവും വീടും തട്ടിയെടുത്തു; ആധാരത്തില്‍ മൂന്ന്‌ലക്ഷത്തി ഇരുപതിനായിരം രൂപ വാങ്ങിയതായി കെട്ടിച്ചമച്ചു; ഒരു രൂപ പോലും താന്‍ വാങ്ങിയിട്ടില്ലെന്നും തന്നെ ചതിക്കുകയായിരുന്നുവെന്നും കരഞ്ഞ് പറഞ്ഞ് സരസ്വതിയമ്മ; അറിയണം ഈ വഞ്ചനയുടെ കഥ, കാണാതെ പോകരുത് ഈ കണ്ണുനീര്‍

സ്വന്തം ലേഖകന്‍

കോട്ടയം : പൊൻകുന്നം ചെറുവള്ളിയിൽ കൈലാത്തുകവലയില്‍ ബിജെപി നേതാവ് വൃദ്ധയെ കബളിപ്പിച്ച് വീടും സ്ഥലവും തട്ടിയെടുത്തതായി പരാതി. ചെറുവള്ളി പാറയ്ക്കേമുറിയില്‍ സരസ്വതിയമ്മ(77)ഇതു സംബന്ധിച്ച് കളക്ടര്‍ക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നല്‍കി. പൊന്‍കുന്നം സ്വദേശിയും ആര്‍എസ്എസ് പ്രവര്‍ത്തകനും സേവാഭാരതി താലൂക്ക് സെക്രട്ടറിയുമായ കെ.ബി മനോജിനെതിരെയാണ് പരാതി. മുമ്പ് തദ്ദേശ തെരഞ്ഞെടുപ്പില്‍ ചിറക്കടവ് പഞ്ചായത്ത് 19-ാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുമായിരുന്നു ഇയാള്‍.

എട്ടു വര്‍ഷം മുമ്പാണ് കേസിനാസ്പദമായ സംഭവം. ഏക മകന്റെ മരണത്തെ തുടര്‍ന്ന് സരസ്വതിയമ്മയും ഭര്‍ത്താവ് അനന്ദപത്മനാഭനും വാഴൂരിലുള്ള ഒരു ആശ്രമത്തിലേക്ക് മാറിയിരുന്നു. ആശ്രമത്തിലേക്ക് മാറി നാലാം മാസം ഭര്‍ത്താവും മരിച്ചു.

തുടര്‍ന്ന ആശ്രമത്തില്‍ സ്ഥിരതാമസമാക്കാന്‍ തീരുമാനിച്ച സരസ്വതിയമ്മ തന്റെ പേരിലുള്ള 47 സെന്റ് സ്ഥലത്തില്‍ നിന്ന് നാലിലൊന്ന് ഭാഗം ആശ്രമത്തിന് ദാനം നല്‍കാമെന്ന് പറഞ്ഞു. ഇതനുസരിച്ച് ആശ്രമത്തിന്റെ പാലിയേറ്റീവ് വിഭാഗത്തിന്റെ ചുമതലയുള്ള മനോജ് ആധാരവും മറ്റും തയ്യാറാക്കി. ആശ്രമത്തില്‍ നിന്നുണ്ടായ മോശം അനുഭവങ്ങളെ തുടര്‍ന്ന് രണ്ട് മാസം മുമ്പാണ് സരസ്വതിയമ്മ തിരികെ വീട്ടിലെത്തിയത്. തുടര്‍ന്ന് മനോജിനെ വിളിച്ച് ബാക്കി സ്ഥലം നല്‍കണമെന്ന് ആവശ്യപ്പെട്ടപ്പോഴാണ് ചതിക്കപ്പെട്ടതായി അറിയുന്നത്.

നാലിലൊന്നിനു പകരം മുഴുവന്‍ സ്ഥലവും വീടും മനോജിന്റെ പേരില്‍ തീറാധാരം എഴുതി നല്‍കിയതായാണ് രേഖകള്‍. 47 സെന്റ് സ്ഥലത്തിനും വീടിനുമായി മൂന്ന് ലക്ഷത്തി ഇരുപതിനായിരം രൂപ വാങ്ങിയതായും രേഖയില്‍ പറയുന്നുണ്ട്. ആശ്രമത്തിലുണ്ടായിരുന്ന സമയത്ത് വായിച്ചു നോക്കാന്‍ പോലും സമ്മതിക്കാതെ തന്നെ കൊണ്ട് ഒപ്പിടീക്കുകയായിരുന്നെന്നാണ് സരസ്വതിയമ്മ പറയുന്നത്.

നിലവില്‍ സരസ്വതിയമ്മയുടെ വീട് വാസയോഗ്യമല്ല. സ്ഥലം തിരികെ എഴുതി തരുന്നതുവരെ ഇടിഞ്ഞു വീഴാറായ വീട്ടില്‍ തന്നെ കഴിയുമെന്ന നിലപാടിലായിരുന്നു സരസ്വതിയമ്മ. കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ വീടിന്റെ ഒരു ഭാഗവും മേല്‍ക്കൂരയും ഇടിഞ്ഞു വീണു. തുടര്‍ന്ന് പഞ്ചായത്ത് അധികൃതരും മണിമല പോലീസും എത്തി ഇവരെ തൊട്ടടുത്ത വീട്ടിലേക്ക് മാറ്റി.

ഒരു രൂപപോലും ഞാന്‍ വാങ്ങിയിട്ടില്ലെന്നും ഏതു ദൈവത്തെ പിടിച്ച് സത്യം ചെയ്യാനും തയ്യാറാണെന്നും എന്നെ ചതിക്കുകയായിരുന്നുവെന്നും കരഞ്ഞ് പറയുകയാണ് നിരാലംബയായ ഈ വൃദ്ധ.
ആശ്രമത്തിനോടുള്ള വിശ്വാസത്തിന്റെ പുറത്താണ് വായിച്ചു നോക്കാതെ ഒപ്പിട്ടതെന്നും ചതിക്കുമെന്ന് കരുതിയില്ലെന്നും അവര്‍ പറയുന്നു.

Tags :