play-sharp-fill
കാറുകളിലെ യാത്രക്കാർ എല്ലാവരും സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ പിടിവീഴും: കാളികാവ് അപകടത്തിന്റെ പശ്ചാത്തലത്തിൽ പരിശോധന ശക്തമാക്കാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്; രാത്രിയിൽ ബോധവത്കരണവും തുടരും

കാറുകളിലെ യാത്രക്കാർ എല്ലാവരും സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ പിടിവീഴും: കാളികാവ് അപകടത്തിന്റെ പശ്ചാത്തലത്തിൽ പരിശോധന ശക്തമാക്കാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്; രാത്രിയിൽ ബോധവത്കരണവും തുടരും

ജി.കെ വിവേക്

കോട്ടയം: കുറവിലങ്ങാട് കാളികാവിൽ കാർ അപകട ദുരന്തത്തിൽപ്പെട്ട് അഞ്ചു യാത്രക്കാർ മരിച്ചതിനു പിന്നാലെ കാറുകളിലെ യാത്രക്കാർക്ക് സീറ്റ് ബെൽറ്റ് നിർബന്ധമാക്കാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. മോട്ടോർ വാഹന വകുപ്പിലെ ചട്ടങ്ങൾ അനുസരിച്ചുള്ള പരിശോധന കർശനമാക്കി, എല്ലാ വാഹനങ്ങളിലെയും യാത്രക്കാരെ സീറ്റ് ബെൽറ്റ് ധരിപ്പിക്കുന്നതിനാണ് മോട്ടോർ വാഹന വകുപ്പ് തയ്യാറെടുക്കുന്നത്.


കഴിഞ്ഞ ദിവസം അർധരാത്രിയിലുണ്ടായ കാർ അപകടത്തിൽ വേളൂർ തിരുവാതുക്കൽ സ്വദേശികളായ ഒരു കുടുംബം പൂർണമായും അപകടത്തിൽ ഇല്ലാതാകുകയായിരുന്നു. കാറിൽ ഡ്രൈവർ മാത്രമാണ് സീറ്റ് ബെൽറ്റ് ധരിച്ചിരുന്നതെന്നാണ് മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്. മുൻ സീറ്റിലിരുന്ന യാത്രക്കാരോ, പിൻ സീറ്റിലിരുന്ന സ്ത്രീകളോ സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല. ഇതാണ് അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നൂറു കിലോമീറ്ററിനു മുകളിൽ വേഗത്തിൽ പാഞ്ഞെത്തിയ കാർ, ലോറിയുടെ മുന്നിൽ ഇടിച്ച് തവിടുപൊടിയാകുകയായിരുന്നു. ഈ സാഹചര്യത്തിലാണ് യാത്രക്കാർ സീറ്റ് ബെൽറ്റ് ധരിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്താൻ മോട്ടോർ വാഹന വകുപ്പ് കർശന നടപടികളുമായി രംഗത്തിറങ്ങുന്നത്. ഇതോടൊപ്പം രാത്രിയിൽ യാത്ര ചെയ്യുന്ന ഡ്രൈവർമാരെയും കൃത്യമായി ബോധവത്കരിക്കും. രാത്രിയിൽ പ്രഫഷണൽ അല്ലാത്ത ഡ്രൈവർമാർ വാഹനം ഓടിച്ചതാണ് അപകടത്തിന് കാരണമായിരിക്കുന്നതെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ കണ്ടെത്തൽ.

ഈ സാഹചര്യത്തിൽ വരും ദിവസങ്ങളിൽ രാത്രിയിൽ പരിശോധന ശക്തമാക്കും. രാത്രികാലങ്ങളിൽ ഓടിയെത്തുന്ന വാഹനങ്ങൾ തടഞ്ഞു നിർത്തി ആവശ്യമായ ബോധവത്കരണം നൽകും. കൃത്യമായ ദൂരത്ത് വാഹന പരിശോധന നടത്തുമ്പോൾ, സ്വാഭാവികമായും വാഹനം നിർത്തേണ്ടി വരികയും ഡ്രൈവർമാർക്ക് നേരിയ വിശ്രമം ലഭിക്കുകയും ചെയ്യും. ഇത് വഴി ഉറക്കം മാറ്റാനും തെളിഞ്ഞ ശ്രദ്ധ ലഭിക്കാനും ഇത് വഴി തെളിക്കുകയും ചെയ്യും.

ഇത് കൂടാതെയാണ് സീറ്റ് ബെൽറ്റ് ധരിക്കേണ്ടതിന്റെ ആവശ്യകത യാത്രക്കാരെ ബോധ്യപ്പെടുത്തുന്നത്. യാത്രക്കാർ സീറ്റ് ബെൽറ്റ് ധരിക്കാതെ സഞ്ചരിക്കുന്നത് ബോധ്യപ്പെട്ടാൽ ഇനി മുതൽ പിഴ ഈടാക്കി തുടങ്ങും. കാറിനുള്ളിലെ എല്ലാ യാത്രക്കാരും സീറ്റ് ബെൽറ്റ് ധരിക്കുന്നതിനു വേണ്ടിയുള്ള ക്യാമ്പെയിൻ ശക്തമാക്കാൻ തീരുമാനച്ചതായി മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ ടോജോ എം.തോമസ് തേർഡ് ഐ ന്യൂസ് ലൈവിനോടു പറഞ്ഞു. ഇതിന്റെ ഭാഗമായി റോഡുകളിൽ പരിശോധന ശക്തമാക്കുകയും ചെയ്യും.