വണ്ടിയിടിച്ച് കൊല്ലുമെന്നു ഭീഷണി: ബസ് ജീവനക്കാർക്കെതിരെ മോട്ടോർ വാഹന വകുപ്പ് നടപടി തുടരുന്നു; സിന്ധു ബസിനും ജീവനക്കാർക്കും എതിരെ നടപടിയുണ്ടാകും

വണ്ടിയിടിച്ച് കൊല്ലുമെന്നു ഭീഷണി: ബസ് ജീവനക്കാർക്കെതിരെ മോട്ടോർ വാഹന വകുപ്പ് നടപടി തുടരുന്നു; സിന്ധു ബസിനും ജീവനക്കാർക്കും എതിരെ നടപടിയുണ്ടാകും

Spread the love
സ്വന്തം ലേഖകൻ
കോട്ടയം: നഗരമധ്യത്തിൽ ഇന്നോവ യാത്രക്കാരനെ ബസിടിച്ചു കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ രണ്ടാമത്തെ ബസിനെതിരെയും മോട്ടോർ വാഹന വകുപ്പ് നടപടി ആരംഭിച്ചു. സംഭവത്തിൽ ഗുരുതരമായ ഭീഷണി മുഴക്കുകയും, ഇന്നോവയുടെ പിന്നിൽ മനപൂർവം ഇടിപ്പിക്കുകയും ചെയ്ത എരുമേലി റൂട്ടിൽ സർവീസ് നടത്തുന്ന സോണി ബ്‌സ് കഴിഞ്ഞ ദിവസം മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ എം.ബി ജയചന്ദ്രൻ പിടികൂടിയിരുന്നു. ഇദ്ദേഹം തന്നെയാണ് ഇപ്പോൾ പുതുപ്പള്ളി – പയ്യപ്പാടി റൂട്ടിൽ സർവീസ് നടത്തുന്ന സിന്ധു ബസിനെതിരെയും നടപടിയെടുക്കാൻ നിർദേശം നൽകിയിരിക്കുന്നത്.
ഗതാഗത നിയമം ലംഘിച്ചതിനാണ് സിന്ധു ബസിനും ജീവനക്കാർക്കും എതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.  കഞ്ഞിക്കുഴി സ്വദേശിയുടെ കാറിൽ മനപൂർവം ബസ് ഇടിപ്പിച്ച സോണി ബസ് വെള്ളിയാഴ്ച മോട്ടോർ വാഹന വകുപ്പ് അധികൃതർ പിടിച്ചെടുത്തിരുന്നു. കഴിഞ്ഞ ദിവസം രാവിലെ 10.45 ന് ബസേലിയസ് കോളേജിനു മുന്നിലെ സിഗ്‌നൽ ലൈറ്റിലായിരുന്നു സംഭവം. ചുവപ്പ് തെളിഞ്ഞു കിടക്കെ സിഗ്‌നൽ തെള്ളിച്ച കയറിയെത്തിയ സിന്ധു ബസിനെ കടന്നു പോകാൻ സാധിക്കാതെ വന്നു. ഇതോടെ കെ.കെ റോഡിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ഇതോടെ തങ്ങളെ കടത്തിവിടാൻ അനുവദിക്കാതിരുന്ന കാറിന്റെ പിന്നാൽ സോണി ബസ് മനപൂർവം ഇടിപ്പിക്കുകയായിരുന്നു. ഇതേ തുടർന്നാണ് മോട്ടോർ വാഹന വകുപ്പ് അധികൃതർ സോണി പിടിച്ചെടുത്തത്. സോണിയുടെ കണ്ടക്ടറും ഡ്രൈവറും നേരിട്ട് ഹാജരാകണമെന്ന് മോട്ടോർ വാഹന വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതേ തുടർന്നാണ് കേസിൽ ഉൾപ്പെട്ട രണ്ടാമത്തെ ബസായ സിന്ധുവിനെതിരെയും നടപടി ആരംഭിച്ചത്.
മോട്ടോർ വാഹന വകുപ്പ് നിയമ്ങ്ങളും, സകല ഗതാഗത നിയമങ്ങളും ലംഘിച്ചാണ് ബസുകൾ നഗരത്തിൽ സർവീസ് നടത്തുന്നത്. ഇത് തന്നെയാണ് ഇപ്പോഴുണ്ടായ സംഭവങ്ങൾക്കു പിന്നിൽ.