അമ്പൂരി രാഖിയുടെ കൊലപാതകം: ഒടുവിൽ അഖിലും അകത്തായി; ചുരുളഴിയാൻ ഇനി കഥകൾ ഏറെ; പൊലീസിന് ചോദിക്കാൻ ഏറെ

അമ്പൂരി രാഖിയുടെ കൊലപാതകം: ഒടുവിൽ അഖിലും അകത്തായി; ചുരുളഴിയാൻ ഇനി കഥകൾ ഏറെ; പൊലീസിന് ചോദിക്കാൻ ഏറെ

Spread the love
ക്രൈം ഡെസ്‌ക്
തിരുവനന്തപുരം: അമ്പൂരിയിൽ രാഖിയെ കൊലപ്പെടുത്തി ചാക്കിൽക്കെട്ടി വീടിനു പിന്നിൽ കുഴിച്ചിട്ട കേസിൽ പ്രധാന പ്രതി അഖിൽ പിടിയിലായതോടെ ചുരുളയിഴുന്നത് അതി നിഗൂഡമായ കൊലക്കേസിന്. ഇതോടെ കേസിൽ അഖിലും, സഹോദരൻ ആദർശും കൊലപാതകത്തിന് കൂട്ടു നിന്ന ഇരുവരുടെയും സുഹൃത്തായ രാഹുലും പിടിയിലായി. ആദർശിനെയും രാഹുലിനെയും കോടതിയിൽ ഹാജരാക്കി പൊലീസ് റിമാൻഡ് ചെയ്തിരുന്നു. അഖിലിനെ ശനിയാഴ്ച രാത്രിയാണ് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും പൊലീസ് അറസ്റ്റ് ചെയ്തത്.
കേസിൽ ഇനിയും ഏറെ ചോദ്യങ്ങൾ ബാക്കിയാണ് പൊലീസിന്. കൊലപാതകം നടന്നതും, കേസിൽ അഖിലിന്റെ പങ്കും അടക്കമുള്ള കാര്യങ്ങൾ കേസിലെ മറ്റു രണ്ടു പ്രതികൾ പറഞ്ഞുള്ള അറിവ് മാത്രമാണ് പൊലീസിനുള്ളത്. സംഭവത്തിന്റെ വ്യക്തമായ ചിത്രം പുറത്ത് വരണമെങ്കിൽ ഇനി അഖിലിനെ വിശദമായി ചോദ്യം ചെയ്യണം. രാഖിയുമായുള്ള ബന്ധവും, അഖിലിന്റെ വിവാഹം നിശ്ചയിച്ച ശേഷം നടന്ന സംഭവങ്ങളും അടക്കമുള്ളവയെപ്പറ്റി കൃത്യമായ ചിത്രം നൽകാൻ അഖിലിനു മാത്രമേ സാധിക്കൂ. ഇതിനുള്ള നടപടികൾ പൂർത്തിയാക്കാനാണ് പൊലീസ് ഇപ്പോൾ ഒരുങ്ങുന്നത്.
ശനിയാഴ്ച വൈകിട്ട് കസ്റ്റഡിയിൽ എടുത്ത അഖിലിനെ രാത്രി മുഴുവൻ വിശദമായി ചോദ്യം ചെയ്തിട്ടുണ്ട്. മറ്റുള്ള രണ്ടു പ്രതികളെയും, അഖിലിനെയും പ്രത്യേകം പ്രത്യേകമായും, ഒന്നിച്ചിരുത്തിയും പൊലീസ് ചോദ്യം ചെയ്യും.
കൊലപാതകം നടന്ന് ഒരു മാസം കഴിഞ്ഞതിനാൽ പ്രതികൾക്ക് കൃത്യമായി ആസൂത്രണം നടത്താനും, കഥ മെനയാനും കഴി്ഞ്ഞതായി പൊലീസ് സംശയിക്കുന്നു. ഈ സാഹചര്യത്തിൽ വിശദമായ ചോദ്യം ചെയ്യലിലൂടെ മാത്രമേ പ്രതികളുടെ കള്ളക്കഥകളെ പൊളിക്കാൻ സാധിക്കൂ. ഇതിനായി പ്രത്യേകം പൊലീസ് സംഘം തയ്യാറെടുപ്പ് നടത്തുന്നുണ്ട്.
കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ തന്നെ രാഖിയെ കരുതിക്കൂട്ടിയാണ് പ്രതികളായ അഖിൽ, ആദർശ്, രാഹുൽ എന്നിവർ നെയ്യാറ്റിൻകരയിലേക്ക് വിളിച്ച് വരുത്തിയതെന്നാണ് കേസിലെ മൂന്നാം പ്രതി ആദർശിന്റെ റിമാൻഡുമായി ബന്ധപ്പെട്ടു നെയ്യാറ്റിൻകര മജിസ്‌ട്രേട്ട് കോടതിയിൽ പൊലീസ് സമർപ്പിച്ച റിപ്പോർട്ടിലുള്ളത്.  നെയ്യാറ്റിൻകരയിലെത്തിയ രാഖിയെ അഖിൽ തന്റെ പുതിയ വീട് കാണിച്ച് തരാമെന്ന് പറഞ്ഞായിരുന്നു വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വന്നത്. ഒഴിഞ്ഞുപോകാൻ പല തവണ ആവശ്യപ്പെട്ടെങ്കിലും തന്റെ ജീവനെടുക്കാനും മാത്രമുള്ള പക അഖിലുനുണ്ടാകുമെന്ന് രാഖി കരുതിയില്ല.
അതിനാൽ തന്നെ അഖിൽ വിളിച്ചപ്പോൾ രാഖി കാറിൽ കൂടെ കയറി. വീടിനു മുന്നിലെത്തുമ്പോൾ രാഹുലും ആദർശും ഇരുവരേയും കാത്തുനിൽക്കുകയായിരുന്നു. കാർ നിർത്തിയപ്പോൾ തന്നെ രാഹുൽ പിൻസീറ്റിൽ കയറി ‘നീയെന്റെ അനിയന്റെ വിവാഹം മുടക്കും അല്ലേടി, നീ ജീവിച്ചിരിക്കണ്ട’ എന്ന് പറഞ്ഞ് കഴുത്തിൽ മുറുക്കി കൊല്ലാൻ ശ്രമിച്ചു. അപ്രതീക്ഷിത നീക്കത്തിൽ രാഖി ഞെട്ടി. എതിർക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ബോധരഹിതയായപ്പോൾ മുൻസീറ്റിൽ നിന്നും അഖിൽ പുറത്തിറങ്ങി നേരത്തേ വാങ്ങി വെച്ച പ്ലാസ്റ്റിക് കയർ കൊണ്ട് രാഖിയുടെ കഴുത്തിൽ കയർ കുരുക്കിട്ട് വലിച്ച് മുറുക്കി കൊലപ്പെടുത്തി. ശേഷം കുഴിച്ച് മൂടുകയായിരുന്നു.
കഴിഞ്ഞ ഫെബ്രുവരി 15നു ഇരുവരും വീട്ടുകാർ അറിയാതെ എറണാകുളത്തുള്ള ഒരു ക്ഷേത്രത്തിൽ വെച്ച് വിവാഹം ചെയ്തിരുന്നു. ഇതിനിടയിൽ അഖിലിനു വീട്ടുകാർ മറ്റൊരു വിവാഹം ആലോചിച്ചു. ഇത് രാഖി മുടക്കിയിരുന്നു. ഇതേ തുടർന്നുണ്ടായ പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
അഖിൽ കൂടി പിടിയിലായതോടെ കേസിൽ കൃത്യമായ സൂചന ലഭിക്കുമെന്നു തന്നെയാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.