‘എനിക്ക് കാന്‍സറാണ്, അതിനെതിരെ പൊരുതണം; സ്തനാര്‍ബുദം ആണെന്ന് കേള്‍ക്കുമ്പോള്‍ ജീവിതം അവസാനിച്ചെന്നാണ് കരുതുന്നത്; കാന്‍സര്‍ ഒരിക്കലും ജീവിതാവസാനമല്ല’; അതിജീവന കഥ പങ്കുവെച്ച്‌ താരം

‘എനിക്ക് കാന്‍സറാണ്, അതിനെതിരെ പൊരുതണം; സ്തനാര്‍ബുദം ആണെന്ന് കേള്‍ക്കുമ്പോള്‍ ജീവിതം അവസാനിച്ചെന്നാണ് കരുതുന്നത്; കാന്‍സര്‍ ഒരിക്കലും ജീവിതാവസാനമല്ല’; അതിജീവന കഥ പങ്കുവെച്ച്‌ താരം

സ്വന്തം ലേഖകൻ

കാന്‍സര്‍ അതിജീവനത്തിന്റെയും പോരാട്ടങ്ങളുടെയും അനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന നിരവധി ആളുകൾ നമുക്ക് ചുറ്റുമുണ്ട്.അത്തരത്തില്‍ സ്തനാര്‍ബുദത്തിനെതിരെയുള്ള തന്റെ പോരാട്ടത്തെക്കുറിച്ച്‌ തുറന്നു പറഞ്ഞ് ശ്രദ്ധ നേടിയിട്ടുള്ള താരമാണ് നടി ഛവി മിത്തല്‍.

രോഗം സ്ഥിരീകരിക്കപ്പെട്ടതും സര്‍ജറിയും തുടര്‍ന്നുള്ള ചികിത്സാ കാലവുമൊക്കെ ഛവി സാമൂഹിക മാധ്യമത്തിലൂടെ പങ്കുവെച്ചിരുന്നു.രോഗത്തെ സധൈര്യം നേരിടാനുള്ള പ്രചോദനാത്മകമായ വീഡിയോകളും താരം മറ്റുള്ളവര്‍ക്കായി പങ്കുവെക്കാറുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇപ്പോഴിതാ വീണ്ടും കാന്‍സറിനെ നേരിട്ടതിനെക്കുറിച്ച്‌ തുറന്നു പറഞ്ഞിരിക്കുകയാണ് ഛവി. സ്തനത്തില്‍ മൂന്നു മുഴകള്‍ ഉണ്ടെന്നും അത് കൂടുതല്‍ പരിശോധിക്കണമെന്നും പറഞ്ഞപ്പോള്‍ താന്‍ അത്ര കാര്യമാക്കിയെടുത്തില്ല എന്നു പറയുകയാണ് നടി. അത്രയുംനാള്‍ താന്‍ ആ മുഴകളുമായാണല്ലോ ജീവിച്ചത്, അതുകൊണ്ടുതന്നെ പ്രശ്നമൊന്നും കാണില്ല എന്നാണ് കരുതിയിരുന്നത്. എന്നാല്‍ ഡോക്ടറുടെ നിര്‍ബന്ധത്തിനു ശേഷം ബയോപ്സി ചെയ്തപ്പോഴാണ് ഫലം പോസിറ്റീവ് ആണെന്ന് തിരിച്ചറിഞ്ഞതെന്നും ആ ഡോക്ടറോട് എന്നെന്നും കടപ്പെട്ടിരിക്കുന്നുവെന്നും താരം പറയുന്നു.

രോഗമാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ താന്‍ ഭയപ്പെട്ട് ഇരിക്കുകയായിരുന്നില്ല എന്നും സധൈര്യം നേരിടാന്‍ തയ്യാറെടുത്തിരുന്നു എന്നും ഛവി പറയുന്നുണ്ട്. എനിക്ക് കാന്‍സറാണ്, അതിനെതിരെ പൊരുതണം എന്നു മാത്രമേ കരുതിയിരുള്ളു. ഭയം എന്നത് ആപേക്ഷികമാണെന്നും തനിക്ക് മറ്റെന്തിലെങ്കിലുമാകാം ഭയം തോന്നുക എന്നും ഛവി പറയുന്നു.

രോഗം സ്ഥിരീകരിച്ചപ്പോള്‍ തന്നെ രോഗത്തെക്കുറിച്ചുള്ള എല്ലാ വശങ്ങളും അറിയാന്‍ ശ്രമി‌ച്ചുവെന്നും പല ഡോക്ടര്‍മാരെയും വിളിച്ചുവെന്നും ഛവി. സ്തനാര്‍ബുദം ആണെന്ന് കേള്‍ക്കുമ്പോള്‍ തന്നെ പലരും സ്തനങ്ങള്‍ നീക്കം ചെയ്യണമെന്നും ജീവിതം അവസാനിച്ചുവെന്നുമാണ് കരുതുന്നത്. തനിക്കും അത്തരത്തിലുള്ള അബദ്ധ ധാരണകളുണ്ടായിരുന്നു. അതിനാല്‍‌ തന്നെ അവയെക്കുറിച്ച്‌ ഗൂഗിളില്‍ തിരയാന്‍ ശ്രമിക്കാതെ ആ മേഖലകളിലെ വിദഗ്ധരോട് സംസാരിക്കുകയാണ് ചെയ്തത്.

രോഗം ഭേദമാകുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞപ്പോഴും ചികിത്സയ്ക്കു ശേഷമുള്ള ജീവിതത്തെക്കുറിച്ചായിരുന്നു തനിക്ക് അറിയേണ്ടിയിരുന്നത് എന്നും ഛവി പറയുന്നു.

ചികിത്സാനന്തരം വര്‍ക്കൗട്ട് പോലെ തനിക്ക് പ്രിയ്യപ്പെട്ട കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമോ എന്ന് ഡോക്ടറോട് ചോദിച്ചിരുന്നു. കാന്‍സര്‍ എന്നത് ജീവിതാവസാനം അല്ലെന്ന് ഡോക്ടര്‍ അന്ന് പറഞ്ഞതോടെ തന്റെ ആത്മവിശ്വാസം വര്‍ധിക്കുകയായിരുന്നെന്നും താരം പറയുന്നു.

കാന്‍സര്‍‌ ആണെന്ന് തിരിച്ചറിഞ്ഞാലുടന്‍ ജീവിതം തീര്‍ന്നെന്നു കരുതിയിരിക്കരുതെന്നും സ്വന്തം അനുഭവത്തില്‍ നിന്ന് ഛവി പങ്കുവെക്കുന്നു. സാധാരണ താന്‍ ചെയ്തിരുന്ന കാര്യങ്ങള്‍ എന്തൊക്കെയാണോ അവയൊക്കെ തന്നെ ചികിത്സയ്ക്കു ശേഷവും ചെയ്തു തുടങ്ങി. സര്‍ജറി കഴിഞ്ഞ് പത്താം ദിവസമാണ് ജിമ്മിലേക്ക് പോകുന്നത്. അധികമൊന്നും വര്‍ക്കൗട്ട് ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും തന്നെ സന്തോഷിപ്പിക്കുന്ന ഇടത്ത് എത്തുക എന്നതായിരുന്നു ഉദ്ദേശം. ഓഫീസില്‍ പോകാനും മക്കള്‍ക്കൊപ്പം പഴയതുപോലെ കളികളില്‍ ഏര്‍പ്പെടാനുമൊക്കെ തുടങ്ങി.

സാമൂഹിക മാധ്യമത്തില്‍ നിരന്തരം കാന്‍സര്‍ അതിജീവന യാത്ര പങ്കുവെക്കുന്നതിനെക്കുറിച്ചും ഛവിക്ക് പറയാനുണ്ട്. സാമൂഹിക മാധ്യമത്തില്‍ സജീവമായുള്ള ആളെന്ന നിലയ്ക്ക് സന്തോഷങ്ങള്‍ പങ്കുവെക്കുന്നതു പോലെ തന്നെയാണ് വിഷമഘട്ടങ്ങളും പങ്കുവെക്കുന്നത്. അതിനുശേഷം നിരവധി പേരാണ് തങ്ങളുടെ കാന്‍സര്‍ യാത്രകള്‍ പങ്കുവെച്ചതെന്നും അത് തന്നെ വീണ്ടും പ്രചോദിപ്പിക്കുകയായിരുന്നു എന്നും ഛവി കൂട്ടിച്ചേര്‍ക്കുന്നു.

തന്നെ സംബന്ധിച്ചിടത്തോളം ഇത് രണ്ടാംജന്മമാണെന്നും കാന്‍സറിന് മുമ്പത്തെ ജീവിതത്തില്‍ ചെയ്ത തെറ്റുകള്‍ ഇനി ആവര്‍ത്തിക്കില്ലെന്നും ഛവി പറയുന്നുണ്ട്. തനിക്ക് പ്രാധാന്യം നല്‍കിയിരുന്നില്ല എന്നതാണ് ആ ജീവിതത്തില്‍ ചെയ്ത പ്രധാന തെറ്റ്. ദൈവം തനിക്ക് രണ്ടാമതൊരു അവസരം നല്‍കിയപ്പോള്‍ തനിക്കിഷ്ടമുള്ള കാര്യങ്ങള്‍ ചെയ്ത് തനിക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുകയാണെന്നും ഛവി കൂട്ടിച്ചേര്‍ത്തു.