ബസവരാജ് ബൊമ്മെ കർണാടകയുടെ പുതിയ മുഖ്യമന്ത്രി; ബൊമ്മെയുടെ പേര് നിർദേശിച്ചത് യെദിയൂരപ്പ; മുഖ്യമന്ത്രിയായി ചുമതലയേറ്റിരിക്കുന്നത് യെദ്യൂരപ്പയുടെ വിശ്വസ്‌തൻ
സ്വന്തം ലേഖകൻ
ബംഗളൂരു: കർണാടകയുടെ പുതിയ മുഖ്യമന്ത്രിയായി ലിംഗായത്ത് നേതാവ് ബസവരാജ് ബൊമ്മെ സത്യപ്രതിജ്ഞ ചെയ്തു. ചടങ്ങിൽ ഗവർണർ തവർച്ഛന്ദ് ഗെലോട്ട് സത്യവാചകം ചൊല്ലി കൊടുത്തു.
യെദിയൂരപ്പ സർക്കാരിൽ ആഭ്യന്തര മന്ത്രിയായിരുന്നു ബൊമ്മെ. മുഖ്യമന്ത്രിസ്ഥാനത്തേക്ക് ബൊമ്മെയുടെ പേര് യെദിയൂരപ്പയാണു നിർദേശിച്ചത്. മുൻ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയും ചടങ്ങിൽ പങ്കെടുത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചടങ്ങിന് മുൻപ് 61കാരനായ ബൊമ്മൈ യെദ്യൂരപ്പയെ കണ്ട് അനുഗ്രഹം വാങ്ങി. സത്യപ്രതിജ്ഞയ്‌ക്ക് എത്തുംമുൻപ് ക്ഷേത്രദർശനവും നടത്തി.
തിങ്കളാഴ്‌ച ബിജെപി സർക്കാരിന്റെ രണ്ടാം വാർഷിക ദിനത്തിലാണ് ബി.എസ് യെദ്യൂരപ്പ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്.
കർണാടകയിലെ ഹാവേരി ജില്ലയിലെ ഷിഗ്ഗാവോൻ മണ്ഡലത്തെ കഴിഞ്ഞ മൂന്ന് തവണയായി പ്രതിനിധീകരിക്കുന്ന ബൊമ്മൈ സംസ്ഥാനത്തെ ശക്തനായ ലിംഗായത്ത് സമുദായ നേതാവാണ്.
മുൻ കർണാടക മുഖ്യമന്ത്രിയും പ്രമുഖ സോഷ്യലിസ്റ്റ് നേതാവുമായിരുന്ന എസ്.ആർ. ബൊമ്മെയുടെ മകനാണു ബസവരാജ് ബൊമ്മെ. 1960 ജനുവരി 28നാണു ജനനം. 1980കളിൽ ജനതാദളിലൂടെ രാഷ്‌ട്രീയ പ്രവർത്തനം ആരംഭിച്ച അദ്ദേഹം 2008ൽ ബിജെപി അംഗമായി.
രണ്ടുവട്ടം കർണാടക ലെജിസ്ളേറ്റിവ് കൗൺസിൽ അംഗമായി. ജെ.എച്ച് പാട്ടീൽ മുഖ്യമന്ത്രിയായപ്പോൾ പൊളിറ്റിക്കൽ സെക്രട്ടറിയായി. പിന്നീട് ബിജെപിയിലെത്തിയപ്പോൾ യെദ്യൂരപ്പയുടെ വിശ്വസ്‌തനായി നിലകൊണ്ടു.
വീരശൈവ-ലിംഗായത്ത് വിഭാഗമാണ് കർണാടകയിലെ ആകെ ജനസംഖ്യയിൽ 16 ശതമാനവും. അതിനാൽ തന്നെ സമുദായത്തിന്റെ താൽപര്യങ്ങൾക്കും യെദ്യൂരപ്പയുടെ താൽപര്യങ്ങൾക്കും ഉതകിയ ശക്തനായ നേതാവിനെ തന്നെയാണാ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തിരിക്കുന്നത്.
മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദധാരിയായ അദ്ദേഹം ടാറ്റാ മോട്ടോഴ്‌സിൽ ജോലി നോക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയായ ശേഷം സംസ്ഥാനത്തെ കൊവിഡ് സ്ഥിതിഗതികളും വെളളപ്പൊക്കം മൂലമുളള പ്രശ്‌നങ്ങളുമാണ് ആദ്യ ക്യാബിനറ്റ് യോഗത്തിൽ ചർച്ച ചെയ്‌തത്.
1956നുശേഷം കർണാടകയിലെ 21 മുഖ്യമന്ത്രിമാരിൽ ഒന്പതു പേർ ലിംഗായത്ത് വിഭാഗക്കാരാണ്. സംസ്ഥാനത്തെ 224 നിയമസഭാ മണ്ഡലങ്ങളിൽ 90 എണ്ണത്തിൽ ലിംഗായത്ത് വിഭാഗത്തിനു നിർണായക സ്വാധീനമുണ്ട്.