കേരള കോൺഗ്രസിന് പിന്നാലെ എൻഡിഎയിലും പാലായിൽ പൊട്ടിത്തെറി; സീറ്റ് ആവശ്യപ്പെട്ടെത്തിയ ബിഡിജെഎസിന് പിന്നാലെ പി.സി തോമസും രംഗത്ത്; പി.സിയ്ക്ക് സീറ്റ് നൽകുന്നതിനെതിരെ ബിജെപിയിൽ പൊട്ടിത്തെറി

കേരള കോൺഗ്രസിന് പിന്നാലെ എൻഡിഎയിലും പാലായിൽ പൊട്ടിത്തെറി; സീറ്റ് ആവശ്യപ്പെട്ടെത്തിയ ബിഡിജെഎസിന് പിന്നാലെ പി.സി തോമസും രംഗത്ത്; പി.സിയ്ക്ക് സീറ്റ് നൽകുന്നതിനെതിരെ ബിജെപിയിൽ പൊട്ടിത്തെറി

സ്വന്തം ലേഖകൻ

കോട്ടയം: കേരള കോൺഗ്രസിന് പിന്നാലെ എൻഡിഎയിലും പാലാ ഉപതിരഞ്ഞെടുപ്പിനെച്ചൊല്ലി പൊട്ടിത്തെറി. പാലാ ഉപതിരഞ്ഞെടുപ്പിൽ സീറ്റ് അനുവദിച്ചില്ലെങ്കിൽ ഇവിടെ സഥാനാർത്ഥിയെ നിർത്തുമെന്ന നിലപാട് സ്വീകരിച്ച ബിഡിജെഎസിനു പിന്നാലെ സീറ്റ് ആവശ്യപ്പെട്ട് പി.സി തോമസിന്റെ കേരള കോൺഗ്രസും രംഗത്ത് എത്തിയതാണ് ഇപ്പോൾ ബിജെപിയ്ക്ക് തിരിച്ചടിയായിരിക്കുന്നത്. കേരള കോൺഗ്രസ് നേതാവ് പി.സി.തോമസിന് പാലാ ഉപതിരഞ്ഞെടുപ്പിൽ സീറ്റ് നൽകാനുള്ള നീക്കത്തിനെതിരെ ബി.ജെ.പി ജില്ലാ ഘടകത്തിന്റെ നേതൃത്വത്തിൽ പടയൊരുക്കവും ശക്തമാണ്. സമ്മർദ്ദത്തിന് വഴങ്ങി പാർട്ടിയുടെ ഈ സീറ്ര് ഘടകകക്ഷികൾക്ക് വിട്ടുനൽകരുതെന്നാണ് ആവശ്യം. പാലാ മണ്ഡലം കമ്മിറ്റിയുടെയും പ്രാദേശിക ഘടകങ്ങളുടെയും സജീവ പിന്തുണയോടെയാണ് എതിർപ്പുയർത്തുന്നത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോട്ടയം മണ്ഡലത്തിൽ മത്സരിച്ച പി.സി.തോമസിന് പാലാ മണ്ഡലത്തിൽ 26,533വോട്ട് കിട്ടിയിരുന്നു.
പി.സി.തോമസിന് പാലായിൽ വിജയസാദ്ധ്യതയുണ്ടെന്ന വാദം എൻ.ഡി.എയിൽ ശക്തിപ്പെടുന്നതിനിടയിലാണ് എതിർപ്പുയരുന്നത്. നേരത്ത മുവാറ്റുപുഴ ലോക്‌സഭാ മണ്ഡലത്തിൽ നിന്നും എൻ.ഡി.എ സ്ഥാനാർത്ഥിയായി തോമസ് വിജയിച്ചിരുന്നു. കെ.എം.മാണിയാണ് തോമസിനെ സജീവ രാഷ്ട്രീയത്തിലിറക്കിയതെന്നും മാണിയുടെ ആദ്യ ശിഷ്യന്മാരിലൊരാളെന്ന നിലയിലും പാലായിൽ തോമസിന് വലിയ സാദ്ധ്യതയുണ്ടെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവരുടെ വാദം. പ്രത്യേകിച്ചും മാണിഗ്രൂപ്പിൽ ജോസ്. കെ.മാണിയും പി.ജെ.ജോസഫും തമ്മിലുള്ള വടംവലി ശക്തമാവുമ്‌ബോൾ അത് പി.സി.തോമസിനനുകൂലമായ അന്തരീക്ഷമുണ്ടാക്കുമെന്നും തോമസ് അനുകൂലികൾ പറയുന്നത്.
എന്നാൽ പാലായിൽ നടന്ന ബി.ജെ.പി മണ്ഡലം പ്രവർത്തക യോഗത്തിൽ പി.സി.തോമസിന് സീറ്റ് നൽകുന്നതിനെതിരെ ശക്തമായ വിമർശനം ഉയർന്നു. സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ളയും യോഗത്തിൽ പങ്കെടുത്തിരുന്നു. കോട്ടയം ലോക്‌സഭാ മണ്ഡലത്തിലെ ഭൂരിഭാഗം മണ്ഡലങ്ങളും ഘടകകക്ഷികൾക്ക് നൽകുന്നതിനെതിരെ പ്രവർത്തകർ ശബ്ദമുയർത്തി. കഴിഞ്ഞ തവണ ബി.ജെ.പി മത്സരിച്ച സീറ്റ്് മറ്റാർക്കും വിട്ടുകൊടുക്കേണ്ട എന്നാണ് നേതാക്കളുടെ നിലപാട്. പാലാ സീറ്റും ഘടകകക്ഷികൾക്ക് കൊടുത്താൽ പാർട്ടി പ്രവർത്തകർ നിർജ്ജീവമാകുമെന്നും അവർ മുന്നറിയിപ്പ് നൽകി.
ബി.ജെ.പി നേതാക്കളായ നാരയണൻ നമ്പൂതിരി, എസ്. ജയസൂര്യൻ , ജില്ലാ പ്രസിഡന്റ് എൻ.ഹരി എന്നിവരുടെ പേരുകളാണ് പ്രാദേശിക ഘടകം മുന്നോട്ട് വയ്ക്കുന്നത്. എന്നാൽ കരുത്തനായ ഏതെങ്കിലും ഒരു പ്രമുഖ സംസ്ഥാന നേതാവ് മത്സരിച്ചാൽ അതായിരിക്കും മെച്ചമെന്ന് വാദിക്കുന്നവരും ഉണ്ട്. 2016ലെ തിരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥിയായ എൻ.ഹരിക്ക് 24,821 വോട്ട്‌ലഭിച്ചിരുന്നു. വെള്ളിയാഴ്ചയാണ് എൻ.ഡി.എ യുടെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നത്.