സോഷ്യൽ മീഡിയയിൽ മമ്മൂട്ടിയുടെ ഫോട്ടോ അയ്യങ്കാളിയുടേതാക്കി ചിത്രീകരിച്ചു ചാന്നാനിക്കാട് സ്വദേശിയായ യുവാവ് അറസ്റ്റിൽ: അറസ്റ്റിനെച്ചൊല്ലി ജില്ലാ പൊലീസ് മേധാവിയുടെ ഫെയ്സ് ബുക്ക് പേജിൽ കൂട്ട ചീത്ത വിളി; യുവാവ് കുടുങ്ങിയത് ഫാൻ ഫൈറ്റിന്റെ പേരിൽ

സോഷ്യൽ മീഡിയയിൽ മമ്മൂട്ടിയുടെ ഫോട്ടോ അയ്യങ്കാളിയുടേതാക്കി ചിത്രീകരിച്ചു ചാന്നാനിക്കാട് സ്വദേശിയായ യുവാവ് അറസ്റ്റിൽ: അറസ്റ്റിനെച്ചൊല്ലി ജില്ലാ പൊലീസ് മേധാവിയുടെ ഫെയ്സ് ബുക്ക് പേജിൽ കൂട്ട ചീത്ത വിളി; യുവാവ് കുടുങ്ങിയത് ഫാൻ ഫൈറ്റിന്റെ പേരിൽ

ക്രൈം ഡെസ്ക്

ചങ്ങനാശേരി: സോഷ്യൽ മീഡിയയിൽ അയ്യങ്കാളിയുടെ ചിത്രം വികൃതമായി പ്രചരിപ്പിച്ച കേസിൽ ചാന്നാനിക്കാട് സ്വദേശിയായ യുവാവ് അറസ്റ്റിലായി. മമ്മൂട്ടിയുടെ ചിത്രം അയ്യങ്കാളിയുടേതിന് സമാനമായി ചിത്രീകരിച്ച കേസിലാണ് ചാന്നാനിക്കാട് വില്ലനാണിയിൽ അമൽ വി സുരേഷിനെ (19) ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ 153 IPC, 120 (o) KP ആക്ട് എന്നിവ പ്രകാരം പൊലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. അയ്യങ്കാളി ജയന്തി ദിനത്തിൽ അദ്ദേഹത്തെ വികൃതമായി ചിത്രീകരിക്കുന്ന ചിത്രം ഫെയ്സ് ബുക്ക് വഴി അമൽ പ്രചരിപ്പിച്ചതായി കാട്ടി അയ്യങ്കാളിയെ പിൻതുണയ്ക്കുന്ന വിഭാഗമാണ് പരാതി നൽകിയത്. ഇതേ തുടർന്നാണ് അമലിനെതിരെ പൊലീസ് കേസെടുത്തത്. ഇതിനിടെ അമൽ മമ്മൂട്ടി മോഹൻ ലാൽ ഫാൻ പോരാട്ടത്തിൽ കുടുങ്ങിയതാണെന്ന വിവരവും പുറത്ത് വന്നിട്ടുണ്ട്. മോഹൻലാൽ ഫാനായ അമൻ മമ്മൂട്ടിയെ പരിഹസിക്കുന്നതിന് വേണ്ടിയാണ് ചിത്രം പ്രചരിപ്പിച്ചതെന്നാണ് വാദം ഉയരുന്നത്. എന്നാൽ വിഷയം ജാതി സംഘടനകൾ ഏറ്റെടുത്തതോടെ വിവാദം കൈവിട്ട് പോകുകയായിരുന്നു. ഇതിനിടെ ജില്ലാ പൊലീസ് മേധാവിയുടെ ഫെയ്സ് ബുക്ക് പോസ്റ്റിന് ചുവട്ടിൽ ഇതേച്ചൊല്ലി വാദ പ്രതിവാദങ്ങൾ ശക്തമായി തുടരുകയാണ്. അമലിനെ ന്യായീകരിച്ച് ഫെയ്സ് ബുക്ക് പോസ്റ്റിട്ടവർക്ക് മേൽ അതിരൂക്ഷമായ അസഭ്യവർഷമാണ് തുടരുന്നത്. അമലിനെച്ചൊലി ഇരുവിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലും പോസ്റ്റിൽ കാണാം.