വയറുവേദനയുമായി ഭാരത് ആശുപത്രിയിൽ എത്തിയ വീട്ടമ്മയുടെ കരളിൽ തറച്ചത് മീൻമുള്ള്: മീൻമുള്ളിന് ആറ് സെന്റീമിറ്റർ നീളം..!

വയറുവേദനയുമായി ഭാരത് ആശുപത്രിയിൽ എത്തിയ വീട്ടമ്മയുടെ കരളിൽ തറച്ചത് മീൻമുള്ള്: മീൻമുള്ളിന് ആറ് സെന്റീമിറ്റർ നീളം..!

സ്വന്തം ലേഖകൻ

കോട്ടയം: കടുത്ത വയറുവേദനയുമായി ഭാരത് ആശുപത്രിയിൽ എത്തിയ വീട്ടമ്മയുടെ വയറ്റിൽ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച. ആറ് സെന്റീമിറ്ററിൽ അധികം നീളമുണ്ടായിരുന്ന മീൻമുള്ള ഇവരുടെ വയറ്റിൽ തറഞ്ഞിരിക്കുകയായിരുന്നു.
കടുത്ത വയറുവേദനയുമായി ആശുപത്രിയിലെത്തിയ യുവതിയുടെ സി ടി സ്‌കാനിലാണ് മീൻമുള്ള കണ്ടെത്തിയത്. തൃക്കൊടിത്താനം സ്വദേശി വത്സമ്മ ബാബുവിന്റെ വയറ്റിലാണ് മീൻമുള്ള് തറഞ്ഞിരുന്നത്. ആമാശയം തുരന്ന് കരളിൽ തറച്ച നിലയിലായിരുന്നു മീൻ മുള്ള്. തിരുനക്കര ഭാരത് ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിലൂടെ മീൻമുള്ള് വയറ്റിൽ നിന്നും നീക്കം ചെയ്തു.
ഒരു മാസം മുൻപാണ് ഇവർ വയറുവേദനയുമായി ആശുപത്രിയിലെത്തിയത്. ക്ലിനിക്കൽ പരിശോധനയ്ക്കു ശേഷം നടത്തിയ എൻഡോസ്‌കോപ്പിയിൽ ഗ്യാസ്ട്രൈറ്റിസ് ആണെന്ന് കണ്ടെത്തിയതനുസരിച്ച് ഡോക്ടർമാർ ഗ്യാസ്ട്രൈറ്റിസിനുള്ള മരുന്ന് നൽകി. എന്നിട്ടും കുറഞ്ഞില്ല ഇതോടെ സിടി സ്‌കാൻ ചെയ്യാൻ നിർദേശിച്ചു.സ്‌കാനിംഗ് പരിശോധനയിൽ മീൻ മുള്ള് കണ്ടെത്തുകയായിരുന്നുവെന്നും, തുടർന്ന് താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ മീൻമുള്ള് പുറത്തെടുക്കുകയായിരുന്നുവെന്ന് ശസ്ത്രക്രിയയ്ക്കു നേതൃത്വം നൽകിയ ഡോക്ടർമാരിലൊരാൾ പറഞ്ഞു.
നാലരമാസം മുൻപ് ബൈപാസ് ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയുടെ വയറ്റിലാണ് മീൻ മുള്ള് കണ്ടെത്തിയിരിക്കുന്നത്. ഹൈപ്പർ തൈറോയ്ഡിസവും യുവതിക്കുണ്ട്. അതിനാൽ വിശപ്പ് കൂടുതലാണ്. ആഹാരം ചവച്ചു കഴിക്കാതെ ഒറ്റയടിക്ക് വിഴുങ്ങുകയാണ് ഇവർ ചെയ്യുന്നത്. മീൻ കഴിച്ചതായി ഇവർ ഡോക്ടർമാരോട് പറഞ്ഞിരുന്നുവെങ്കിലും മീൻമുള്ള് അകത്തുപോയതായി അറിഞ്ഞിരുന്നില്ല. വിഴുങ്ങിയതിനിടയിൽ അറിയാതെ ഇറങ്ങിപ്പോയതാകാനാണ് സാധ്യത.