കേരളത്തിൽ ബിജെപിക്ക് എം.എൽ.എ മാർ രണ്ടായേക്കുമോ? സാക്ഷികൾക്ക് വീണ്ടും സമൻസ് അയയ്ക്കാനുള്ള ഹൈക്കോടതിയുടെ ഉത്തരവ് സുരേന്ദ്രന് തുണയാവുമോ

കേരളത്തിൽ ബിജെപിക്ക് എം.എൽ.എ മാർ രണ്ടായേക്കുമോ? സാക്ഷികൾക്ക് വീണ്ടും സമൻസ് അയയ്ക്കാനുള്ള ഹൈക്കോടതിയുടെ ഉത്തരവ് സുരേന്ദ്രന് തുണയാവുമോ

Spread the love

ബാലചന്ദ്രൻ

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസിൽ സാക്ഷികൾക്ക് സമൻസ് അയയ്ക്കാൻ ഹൈക്കോടതി വീണ്ടും ഉത്തരവിട്ടതോടെയാണ് സുരേന്ദ്രന്റെ പ്രതീക്ഷകൾ സജീവമാകുന്നത്. സമൻസ് നൽകുന്നതിന് പോലീസ് സംരക്ഷണം ഉറപ്പാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. തുടർന്ന് കാസർഗോഡ് ജില്ലാ പോലീസ് മേധാവിക്ക് ഇത് സംബന്ധിച്ച നിർദ്ദേശം നൽകി. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിൽ സ്ഥലത്തില്ലാത്തവരുടെയും മരിച്ചവരുടെയും പേരിൽ പോലും വോട്ട് രേഖപ്പെടുത്തി എന്നായിരുന്നു കെ. സുരേന്ദ്രൻ നൽകിയ ഹർജി.നിയമസഭാ തിരഞ്ഞെടുപ്പിൽ 89 വോട്ടിനായിരുന്നു സുരേന്ദ്രൻ ലീഗിന്റെ പി.ബി അബ്ദുൾ റസാഖിനോട് പരാജയപ്പെട്ടത്. ഭീഷണിയെ തുടർന്ന് പത്ത് വോട്ടർമാർക്ക് സമൻസ് നൽകാനായിരുന്നില്ല. ജീവനക്കാർ ഇക്കാര്യം കോടതിയെ അറിയിച്ചതിനെ തുടർന്നാണ് സംരക്ഷണം നൽകാൻ കോടതി നിർദ്ദേശം നൽകിയത്. കെ. സുരേന്ദ്രന്റെ ഹർജിയിലാണ് കോടതിയുടെ തീരുമാനം. തെരഞ്ഞെടുപ്പ് വിജയത്തെ ചോദ്യം ചെയ്ത് കൊടുത്ത കേസിൽ കെ സുരേന്ദ്രന് അനുകൂലമായ നിർണായക തെളിവുകൾ വീണ്ടും കിട്ടിയിരുന്നു. കേന്ദ്രസർക്കാരിന്റെ സത്യവാങ്മൂലത്തിലും സുരേന്ദ്രന് അനുകൂലമായ നിർണായക വിവരങ്ങൾ ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയെന്ന് അവകാശപ്പെട്ട 20 പേർ ആ ദിവസം വിദേശത്തായിരുന്നുവെന്നാണ് സത്യവാങ്മൂലം. കേന്ദ്ര വിദേശകാര്യ മന്ത്രാലയം പരിശോധിച്ച 26 പേരിൽ 20 പേർ വിദേശത്തായിരുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞവർഷം മേയിൽ നടന്ന തെരഞ്ഞെടുപ്പിൽ 259 ആളുകളുടെ പേരിലാണ് കള്ളവോട്ട് നടന്നത്. ഇതേത്തുടർന്ന് സുരേന്ദ്രൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 2015 ൽ മരിച്ച മഞ്ചേശ്വരം പഞ്ചായത്തിലെ ഉദ്യാവർ സ്വദേശി യു.എ മുഹമ്മദ് വോട്ട് ചെയ്തിരുന്നു എന്ന് റിട്ടേണിങ് ഓഫീസറായ പി.എച്ച് നിസാജുദ്ദീൻ ഹൈക്കോടതിയിലെത്തി മൊഴി നൽകിയിരുന്നു. തുടർന്ന് വോട്ടർമാരെ വിളിച്ചു വരുത്താൻ ഹൈക്കോടതി തീരുമാനിക്കുകയും ചെയ്തിരുന്നു.എന്നാൽ കോടതിയുടെ സമൻസ് വോട്ടർമാർക്ക് എത്തിക്കാൻ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞില്ല. ഈ സാഹചര്യത്തിൽ പോലീസ് സഹായം നൽകാനും കോടതി ഉത്തരവിടുകയും ചെയ്തു. മഞ്ചേശ്വരത്ത് വോട്ടിങ്ങിൽ ക്രമക്കേട് നടന്നു എന്നതിന് കോടതിയിൽ തെളിവ് എത്തിയത് ലീഗിനും യുഡിഎഫിനും കനത്ത പ്രഹരമായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.