സർക്കാരിനെ പ്രതിസന്ധിയിലാക്കുന്ന നടപടി ഉണ്ടാകരുത്: പോലീസ് ജനാധിപത്യ ബോധത്തോടെ പ്രവർത്തിക്കണം; മുഖ്യമന്ത്രി

സർക്കാരിനെ പ്രതിസന്ധിയിലാക്കുന്ന നടപടി ഉണ്ടാകരുത്: പോലീസ് ജനാധിപത്യ ബോധത്തോടെ പ്രവർത്തിക്കണം; മുഖ്യമന്ത്രി

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ദാസ്യപ്പണി വിവാദം സർക്കാരിനെ പ്രതിരോധത്തിൽ ആക്കിയിരിക്കെ പൊലീസിന് മുന്നറിയിപ്പും ഉപദേശവമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. പൊലീസ് ജനാധിപത്യ ബോധത്തോടെ പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ, ദാസ്യപ്പണി സംബന്ധിച്ച് സമീപകാലത്തുണ്ടായ വിവാദങ്ങൾ സർക്കാരിനെ ദോഷകരമായി ബാധിച്ചെന്നും അദ്ദേഹം പറഞ്ഞു. ഉന്നത പൊലീസുകാരുടെ യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. എന്നാൽ ആരോപണ വിധേയനായ എ ഡി ജി പി സുധേഷ് കുമാർ യോഗത്തിൽ പങ്കെടുത്തില്ല. പോലീസ് ചട്ടങ്ങൾ പാലിച്ച് പ്രവർത്തിക്കണം. മേലുദ്യോഗസ്ഥർ അതിന് നേതൃത്വം നൽകണം. കേരളം ഉയർന്ന ജനാധിപത്യ ബോധം വച്ച് പുലർത്തുന്ന സംസ്ഥാനമാണ്. ജനസേവകരായ പോലീസും അതുപോലെ ആയിരിക്കണം. സർക്കാരിനെ പ്രതിസന്ധിയിലാക്കുന്ന നടപടികൾ പൊലീസ് സേനയുടെ ഭാഗത്ത് നിന്ന് ഉണ്ടാകരുത്. ജനങ്ങളുടെ സേവനങ്ങൾക്കായിരിക്കണം പൊലീസ് മുൻഗണന നൽകേണ്ടത്. പൊലീസുകാരേയും ക്യാമ്പ് ഫോളോവർമാരേയും ഒപ്പം നിറുത്തണം. എന്നാൽ, ഇതെല്ലാം ചട്ടങ്ങൾ പാലിച്ചു കൊണ്ട് മാത്രമായിരിക്കണം. ചട്ടങ്ങൾ പാലിച്ച് മാത്രമെ പൊലീസ് പ്രവർത്തിക്കാവൂ. വർക്ക് അറേഞ്ച്മെന്റ് അനന്തമായി നീട്ടരുത്. ഉന്നത ഉദ്യോഗസ്ഥർക്ക് കീഴിൽ അനാവശ്യമായി ഡ്യൂട്ടിക്ക് നിയമിച്ചവരെ തിരിച്ച് വിളിക്കണം. ഗൗരവമുള്ള കേസുകളിൽ ഉന്നത ഉദ്യോഗസ്ഥർ മേൽനോട്ടം വഹിക്കണം. കൃത്യമായ ഇടവേളകളിൽ ഉന്നത ഉദ്യോഗസ്ഥർ സ്‌റ്റേഷനുകൾ സന്ദർശിക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.