പക്ഷിപ്പനി: കർഷകർക്ക് ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ ; 2016ലേ അതേ പാക്കേജാണ് ഇപ്പോഴും നടപ്പാക്കുന്നതെന്ന് കർഷകർ

പക്ഷിപ്പനി: കർഷകർക്ക് ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ ; 2016ലേ അതേ പാക്കേജാണ് ഇപ്പോഴും നടപ്പാക്കുന്നതെന്ന് കർഷകർ

സ്വന്തം ലേഖകൻ

കോട്ടയം : സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ വളർത്തുപക്ഷികളെ നശിപ്പിച്ച സാഹചര്യത്തിൽ കർഷകർക്ക് ധനസഹായവുമായി സംസ്ഥാന സർക്കാർ. രണ്ട് മാസത്തിൽ താഴെ പ്രായമുള്ള നശിപ്പിക്കുന്ന പക്ഷിക്ക് 100 രൂപയും. രണ്ട് മാസത്തിന് മുകളിൽ പ്രായമുള്ളതിന് 200 രൂപയും ധന സഹായം അനുവദിക്കാനാണ് തീരുമാനം.

ഇതിന് പുറമെ നശിപ്പിക്കുന്ന ഒരു മുട്ടയ്ക്ക് 5 രൂപ വീതം നൽകും. കോട്ടയം ആലപ്പുഴ ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ വൈകീട്ട് ഉദ്യോഗസ്ഥരുടെ ഉന്നത തല യോഗം ചേരും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ കർഷകർക്കായി സർക്കാർ പ്രഖ്യാപിച്ച ധനസഹായത്തിൽ വലിയ അതൃപ്തിയാണ് കർഷകർക്ക് ഉള്ളത്.2016 ലെ അതേ പാക്കേജാണ് ഇപ്പോഴും നടപ്പാക്കുന്നതെന്നും അത് തീരെ കുറവാണെന്നുമാണ് കർഷകർ പറയുന്നത്.

കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ പ്രതിരോധ നടപടികൾ ഏകോപിപ്പിക്കാൻ കേന്ദ്രസർക്കാർ കൺട്രോൾ റൂമും തുറന്നിട്ടുണ്ട്. സാഹചര്യം വിശദീകരിച്ച് നൽകിയ കത്തിന് തുടർച്ചയായി പക്ഷിപ്പനി ബാധിത പ്രദേശങ്ങളുടെ അടിയന്തിര യോഗവും കേന്ദ്ര സർക്കാർ ഉടൻ വിളിക്കും.

കേരളത്തിൽ ആലപ്പുഴയിലും കോട്ടയത്തുമാണ് പക്ഷിപ്പനി സ്ഥരീകരിച്ചത്. ആലപ്പുഴയിൽ പക്ഷികളെ കൊന്നുതുടങ്ങി. ഇതിനോടകം ജില്ലയിൽ 20330 പക്ഷികളെയാണ് കൊന്നൊടുക്കിയത്. എച്ച്5 എൻ8 വിഭാഗത്തിൽപ്പെട്ട വൈറസ് ബാധയാണ് പക്ഷികളിൽ സ്ഥിരീകരിച്ചിരിക്കുന്നത്. ഈ വൈറസ് മനുഷ്യരിലേക്ക് പകരില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ വിശദീകരണം.

ഇത്തരത്തിൽ രാജ്യത്തെ വിവിധ ഇടങ്ങളിൽ ദേശാടന പക്ഷികളടക്കം കൂട്ടത്തോടെ ചാകുന്ന സാഹചര്യത്തിലാണ് കേന്ദ്ര സർക്കാരിന്റെ അടിയന്തിര ജാഗ്രതാ നിർദ്ദേശം. എല്ലാ സംസ്ഥാനങ്ങളും ജാഗ്രത പാലിക്കണമെന്നും മുൻകരുതലുകളെടുക്കണമെന്നും കേന്ദ്രം അറിയിച്ചു.