പരാതിക്കാരിയുടെ മകന്റെ ജീവിതച്ചെലവുകള്‍ വഹിക്കാൻ തയ്യാർ; ബിനോയ് കോടിയേരിക്കെതിരായ പീഡനക്കേസ് ഒത്തുതീര്‍പ്പിലേക്ക്

പരാതിക്കാരിയുടെ മകന്റെ ജീവിതച്ചെലവുകള്‍ വഹിക്കാൻ തയ്യാർ; ബിനോയ് കോടിയേരിക്കെതിരായ പീഡനക്കേസ് ഒത്തുതീര്‍പ്പിലേക്ക്

സ്വന്തം ലേഖിക

മുബൈ: ബിനോയ് കോടിയേരിക്കെതിരായ പീഡനക്കേസ് ഒത്തുതീര്‍പ്പിലേക്ക്.

പരാതിക്കാരിയുടെ മകന്റെ ജീവിതച്ചെലവുകള്‍ നല്‍കുന്നതടക്കമുള്ള വ്യവസ്ഥകളോടെ ഒത്തുതീര്‍പ്പിലെത്താന്‍ തങ്ങള്‍ തീരുമാനിച്ചതായി ഇരുവരും ബോംബെ ഹൈകോടതിയെ അറിയിച്ചു. ഇതോടെ ബിനോയിക്ക് എതിരായ കേസ് തള്ളണമെന്നാണ് ആവശ്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍, ഇരുവരുടെയും മൊഴികളിലെ പൊരുത്തക്കേടും ഒത്തുതീര്‍പ്പ് വ്യവസ്ഥയിലെ അവ്യക്തതയും ചൂണ്ടിക്കാട്ടിയ കോടതി കൂടുതല്‍ വിശദീകരണം ആവശ്യപ്പെട്ട് ഹർജി പരിഗണിക്കുന്നത് ബുധനാഴ്ചത്തേക്ക് മാറ്റിവെച്ചു. അന്ന് കോടതി ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്കെല്ലാം വ്യക്തമായ മറുപടി ഇരുവരും നല്‍കണം. ഇരുവരും വിവാഹിതരാണോ എന്ന കോടതിയുടെ ചോദ്യത്തിന് യുവതി ആണെന്നും ബിനോയി അല്ലെന്നും പറഞ്ഞതാണ് മൊഴിയിലെ പൊരുത്തക്കേട്.

മകന്റെ പിതാവ് ബിനോയ് ആണെന്നാണ് കോടതിയില്‍ യുവതി നേരത്തേ അവകാശപ്പെട്ടത്.
തുടര്‍ന്ന് ഡി.എന്‍.എ പരിശോധന നടത്തിയിരുന്നു. പരിശോധന റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടെങ്കിലും പുറത്തു വിട്ടിരുന്നില്ല. റിപ്പോര്‍ട്ട് വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് യുവതി വീണ്ടും കോടതിയെ സമീപിച്ചതിനു പിന്നാലെയാണ് ഒത്തുതീര്‍പ്പ് ശ്രമം.

എന്നാല്‍, യുവതിയുടെ മകന്റെ ചെലവ് വഹിക്കാമെന്ന് പറയുമ്പോഴും കുഞ്ഞ് തന്റേതാണെന്ന് ബിനോയ് പരസ്യമായി അംഗീകരിച്ചിട്ടില്ല. കുഞ്ഞിന്റെ ഭാവി അടക്കം തങ്ങളുടെ സംശയങ്ങള്‍ക്ക് ഇരുവരും നല്‍കുന്ന വിശദീകരണങ്ങളില്‍ കോടതിക്ക് സംതൃപ്തി ഉണ്ടാകുമെങ്കില്‍ മാത്രമെ അന്തിമ തീരുമാനമുണ്ടാവുകയുള്ളൂ.

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് ആരോപിച്ച്‌ 2019 ജൂണിലാണ് യുവതി ഓശിവാര പൊലീസില്‍ പരാതി നല്‍കിയത്. കേസില്‍ പൊലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. ബിനോയിക്കെതിരെ കുറ്റം ചുമത്താനിരിക്കെയാണ് ഒത്തുതീര്‍പ്പ് ശ്രമം. ഇതോടെ കുറ്റം ചുമത്തല്‍ നടപടിക്ക് ഹൈകോടതി സ്റ്റേ നല്‍കി.