ബിന്ദു തങ്കം കല്ല്യാണിക്ക് പിന്തുണയുമായി സാംസ്‌കാരിക പ്രവർത്തകർ
സ്വന്തം ലേഖകൻ
അഗളി: ഒരു ദളിതനായി ജനിച്ചാൽത്തന്നെ കൊല്ലപ്പെടും എന്ന സ്ഥിതിക്ക് ഇനി പറയാനുള്ളത് പറഞ്ഞിട്ടേ കത്താനുദ്ദേശിക്കുന്നുള്ളു എന്ന് സണ്ണി എം കപിക്കാട്. ശബരിമലയിലെ സ്ത്രീപ്രവേശനത്തെ അനുകൂലിച്ചതിന് സംഘപരിവാർ സംഘടനകളുടെ ആക്രമത്തിന് വിധേയയായ ബിന്ദു തങ്കം കല്ല്യാണിക്ക് പിന്തുണ അറിയിച്ച് കേരളത്തിലെ സാംസ്‌കാരിക പ്രവർത്തകർ അഗളിയിൽ സംഘടിപ്പിച്ച ഐക്യദാർഢ്യ സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്നെക്കുറിച്ച് ഈ സംഘികൾ പറഞ്ഞ കാര്യം എന്നെ കത്തിച്ചു കളയുമെന്നാണ്. ഞാൻ ദളിത് സമുദായത്തിൽപ്പെട്ട ഒരാളാണ്. എന്റെ സമുദായത്തിൽ നൂറുകണക്കിന്, ആയിരക്കണക്കിന് പേരാണ് സ്വതന്ത്ര ഇന്ത്യയിൽ ചുട്ടെരിക്കപ്പെട്ടിട്ടുള്ളത്. ഇവരാരും അഭിപ്രായം പറഞ്ഞിട്ടല്ല. മൂന്നു വയസ്സുള്ള കുട്ടിപോലും എന്റെ സമുദായത്തിൽ ചുട്ടരിക്കപ്പെട്ടത് ആ കുട്ടി എന്ത് അഭിപ്രായം പറഞ്ഞിട്ടാണ്? അപ്പോൾ ഒരു ദളിതനായി ജനിച്ചാൽത്തന്നെ കൊല്ലപ്പെടും എന്ന സ്ഥിതിക്ക് ഇനി പറയാനുള്ളത് പറഞ്ഞിട്ടേ കത്താനുദ്ദേശിക്കുന്നുള്ളു എന്നു തന്നെയാണെന്റെ തീരുമാനവുമെന്നും പരിപാടിയിൽ പങ്കെടുത്ത സണ്ണി എം കപിക്കാട് അഭിപ്രായപ്പെട്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നൂറു കണക്കിന് ആളുകൾ പങ്കെടുത്ത ജാഥ അഗളിയിൽ നിന്നാരംഭിച്ച് ഗൂളിക്കടവിലവസാനിച്ചു. പിന്നീട് നടന്ന ഐക്യദാർഢ്യ പ്രസംഗങ്ങിൽ സണ്ണി എം കപിക്കാട്, മൈത്രേയൽ, അഡ്വ. കുക്കു നസീറ സൈനബ മാങ്കുളത്ത്, മാണിയച്ചൻ, പി.ഗീത, കെ.സഹദേവൻ, ഷെഫീഖ് സുബൈദ ഹക്കീം, തുടങ്ങി നിരവധി പേരാണ് പങ്കെടുത്തത്.
ദളിത് സമുദായത്തിൽപ്പെട്ടവർക്ക് എതിരെയുള്ള അക്രമങ്ങളുടെ ഭാഗം തന്നെയാണ് ബിന്ദു തങ്കം കല്ല്യാണിക്ക് എതിരെയുള്ള അക്രമമെന്നും ഐക്യദാർഢ്യസദസ് അഭിപ്രായപ്പെട്ടു.