ബൈക്കിൽ പീഡിപ്പിക്കപ്പെടാനുള്ള സാഹചര്യം ഇല്ല: ആളിന്റെ ജീവനും മാനവും സംരക്ഷിക്കപ്പെടും: സ്ത്രീവിരുദ്ധ പരാമരശവുമായി സംഘി നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ: പണിക്കർക്കെതിരെ പ്രതിഷേധം ശക്തം

ബൈക്കിൽ പീഡിപ്പിക്കപ്പെടാനുള്ള സാഹചര്യം ഇല്ല: ആളിന്റെ ജീവനും മാനവും സംരക്ഷിക്കപ്പെടും: സ്ത്രീവിരുദ്ധ പരാമരശവുമായി സംഘി നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ: പണിക്കർക്കെതിരെ പ്രതിഷേധം ശക്തം

സ്വന്തം ലേഖകൻ

ആലപ്പുഴ: ആലപ്പുഴയിൽ കൊവിഡ് രോഗിയെ ആംബുലൻസ് എത്താൻ വൈകിയതിനെ തുടർന്ന് ബൈക്കിൽ കൊണ്ടു പോയതാണ് കഴിഞ്ഞ ദിവസത്തെ സോഷ്യൽ മീഡിയ ചർച്ച. ഈ ചർച്ചയുടെ ഭാഗമായുള്ള വിവരങ്ങൾ പല വിധത്തിൽ സോഷ്യൽ മീഡിയയിൽ പടരുകയാണ്. ഇതിനിടെ സംഘപരിവാർ ഗ്രൂപ്പുകൾ വിഷയം ഏറ്റെടുത്ത് ചർച്ചയാക്കി മാറ്റുകയും ചെയ്തു.

ഉത്തരേന്ത്യയിൽ നടക്കുന്നത് കേരളത്തിൽ നടന്നപ്പോൾ മാധ്യമങ്ങൾക്ക് മിണ്ടാട്ടമില്ലന്നായിരുന്നു വിമർശനം. ഈ വിഷയത്തിലാണ് ഇപ്പോൾ സംഘപരിവാർ പശ്ചാത്തലമുള്ള മാധ്യമ വിമർശകൻ ശ്രീജിത്ത് പണിക്കർ വിമർശനവുമായി രംഗത്ത് എത്തിയത്. എന്നാൽ , ഈ വിമർശനത്തിലെ ഒരു ഭാഗമാണ് സ്ത്രീ വിരുദ്ധമായത്.

ഏറ്റവും പ്രധാനം. ആംബുലൻസിൽ രോഗി മാനഭംഗപ്പെടുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. എന്നാൽ ബൈക്കിൽ അതിനുള്ള അവസരമില്ല. ആളിന്റെ ജീവനും മാനവും സംരക്ഷിക്കപ്പെടും. – എന്നാണ് പോസ്റ്റിൻ്റെ അവസാന ഭാഗത്ത് ശ്രീജിത്ത് എഴുതിയിരിക്കുനത്. ഇതാണ് വിവാദമായത്.

ശ്രീജിത്തിൻ്റെ എഫ് ബി പോസ്റ്റ് ഇങ്ങനെ –

ആംബുലൻസ് ഇല്ലാത്തതിനാൽ സർക്കാർ ചുമതലയിലുള്ള ട്രീറ്റ്മെന്റ് സെന്ററിൽ നിന്നും ബൈക്കിൽ കോവിഡ് രോഗിയെ ആശുപത്രിയിൽ എത്തിച്ചെന്ന വാർത്ത കണ്ടു.

സർക്കാരിനെ അപമാനിക്കാനുള്ള ഇത്തരം കുത്സിത റിപ്പോർട്ടിങ് അവസാനിപ്പിക്കണം. ശരിയായ ഉദ്ദേശമാണ് ബൈക്ക് ആംബുലൻസിനു പിന്നിൽ ഉള്ളത്.

[1] ആംബുലൻസ് അടച്ചിട്ട വാഹനമാണ്. അതിൽ രോഗിക്ക് ശ്വാസംമുട്ട് അനുഭവപ്പെട്ടാൽ ആര് സമാധാനം പറയും, പ്രത്യേകിച്ച് ഓക്സിജൻ സിലിണ്ടർ ക്ഷാമം ഉള്ളപ്പോൾ. ബൈക്ക് തുറസ്സായ വാഹനമാണ്. യഥേഷ്ടം ഓക്സിജൻ വലിച്ചു കയറ്റാം.

[2] നിലവിളിശബ്ദം ഇട്ടാലും ആംബുലൻസ് ആയാൽ മാർഗ്ഗമധ്യേ തടസ്സങ്ങൾ ഉണ്ടായേക്കാം. ബൈക്ക് ഊടുവഴികളിലൂടെ ശടേന്ന് ആശുപത്രിയിൽ എത്തും.

[3] ഓടിക്കുന്ന ആളിനും പിന്നിൽ ഇരിക്കുന്ന ആളിനും മദ്ധ്യേ രോഗിയെ വെച്ചിരിക്കുന്നതിനാൽ ആവശ്യമായ പരിചരണവും കരുതലും ഒപ്പമുണ്ട്. രണ്ടു പീസ് ബ്രഡിന്റെ ഇടയിൽ ജാം തേച്ചത് സങ്കല്പിക്കുക.

[4] വർധിച്ചുവരുന്ന ഇന്ധനവില കാരണം ബൈക്കാണ് കൂടുതൽ ലാഭകരം. മെയിന്റനൻസ് കുറവ്. പ്രകൃതി സംരക്ഷണം. കൂടുതൽ വാഹന ലഭ്യത. പാർക്കിങ് സൗകര്യം. എമർജൻസി റൂമിനുള്ളിലേക്ക് ഓടിച്ചുകയറ്റാമെന്ന സൗകര്യം. തന്നെയുമല്ല, ആലപ്പുഴയ്ക്ക് മുകളിലെ ഓസോൺ പാളിയിലെ വിള്ളൽ വരെ ഈ ഒറ്റ സംഭവം കൊണ്ട് അടഞ്ഞത്രേ.

[5] ഏറ്റവും പ്രധാനം. ആംബുലൻസിൽ രോഗി മാനഭംഗപ്പെടുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. എന്നാൽ ബൈക്കിൽ അതിനുള്ള അവസരമില്ല. ആളിന്റെ ജീവനും മാനവും സംരക്ഷിക്കപ്പെടും.

ബഹുമാനിക്കാൻ പഠിക്കെടോ.

(മൂന്നു നേരം ഓരോന്ന് വീതം വിഴുങ്ങാനുള്ള ക്യാപ്സൂൾ 💊)