ഭാരതിന്റെ കൊമ്പനു വേണ്ടി തിരുനക്കര ശിവനെ ചവിട്ടി ദേവസ്വം ബോർഡ്: തൃശൂർ പൂരത്തിന് എഴുന്നെള്ളിക്കാൻ അവസരം ലഭിച്ചിട്ടും ശിവനെ വിട്ടു നൽകുന്നില്ല: ഭാരത് വിനോദിനെ തൃശൂർ പൂരത്തിന് എഴുന്നെള്ളിക്കുമ്പോൾ സുന്ദരനായ ശിവന് അപ്രഖ്യാപിത വിലക്ക്

ഭാരതിന്റെ കൊമ്പനു വേണ്ടി തിരുനക്കര ശിവനെ ചവിട്ടി ദേവസ്വം ബോർഡ്: തൃശൂർ പൂരത്തിന് എഴുന്നെള്ളിക്കാൻ അവസരം ലഭിച്ചിട്ടും ശിവനെ വിട്ടു നൽകുന്നില്ല: ഭാരത് വിനോദിനെ തൃശൂർ പൂരത്തിന് എഴുന്നെള്ളിക്കുമ്പോൾ സുന്ദരനായ ശിവന് അപ്രഖ്യാപിത വിലക്ക്

തേർഡ് ഐ ബ്യൂറോ
കോട്ടയം: ഭാരത് ആശുപത്രിയുടെ കൊമ്പന് വേണ്ടി തൃശൂർ പൂരത്തിൽ നിന്ന് തിരുനക്കര ശിവന് വിലക്ക്. തെക്കോട്ടിറക്കത്തിന് തിരുവമ്പാടി ദേവസ്വം എഴുന്നെള്ളിക്കുന്ന  ഏഴ് ആനകളിൽ ഒന്നാകാൻ ഔദ്യോഗികമായി ക്ഷണം ലഭിച്ചിട്ടും ദേവസ്വം ബോർഡ് അധികൃതർ ആനയെ വിട്ടു നൽകാൻ തയ്യാറായിട്ടില്ല. മറ്റ് ആനകൾ അങ്ങോട്ട് പണം നൽകി തൃശൂർ പൂരത്തിന് എഴുന്നെള്ളിക്കുമ്പോഴാണ് ദേവസ്വം ബോർഡിന്റെ ആനയും, കേരളത്തിലെ നാടൻ ആനകളിൽ ഏറ്റവും സുന്ദരനുമായ തിരുനക്കര ശിവന് അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ആനയെ എഴുന്നെള്ളിക്കുന്നത് വിലക്കുന്ന ദേവസ്വം ബോർഡ് നിലപാടിൽ പ്രതിഷേധിച്ച്, തിരുനക്കരയിലെ പൂരപ്രേമികളും, ശിവന്റെ ഫാൻസ് അസോസിയേഷനും ചേർന്ന് ബുധനാഴ്ച രാവിലെ 11 ന് കോട്ടയം ദേവസ്വം കമ്മിഷണറുടെ ഓഫിസ് പിക്കറ്റ് ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇനി എന്താവും നടപടിയെന്നാണ് കോട്ടയത്തെ ആനപ്രേമികൾ കാത്തിരിക്കുന്നത്.

തിരുവനമ്പാടിയുടെ ഏഴിൽ ഒരു കൂട്ടായി തിരുവമ്പാടി ദേവസ്വമാണ് രേഖാമൂലം തിരുനക്കര ശിവനെ ആവശ്യപ്പെട്ടത്. ഇതേ തുടർന്ന് ദേവസ്വം ബോർഡ് അപേക്ഷ പരിഗണിക്കുകയും ചെയ്തു. ഇതേ തുടർന്ന് കോട്ടയത്തേയ്ക്ക് അപേക്ഷ ലഭിച്ചപ്പോഴാണ്, ആനയെ വിട്ടു നൽകാനാവില്ലെന്ന നിലപാട് എടുത്തത്. ആനയ്ക്ക് കൂട്ടുമ്മേൽ ക്ഷേത്രത്തിൽ എഴുന്നെള്ളത്തുണ്ടെന്നും, അതുകൊണ്ട് ആനയെ എഴുന്നെള്ളിപ്പിന് അയക്കാനാവില്ലെന്നുമായിരുന്നു വൈക്കം ഡെപ്യൂട്ടി കമ്മിഷണറുടെ നിലപാട്.

തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിലെ കൊമ്പൻ ജയചന്ദ്രൻ അടക്കം ദേവസ്വം ബോർഡിന്റെ അഞ്ച് കൊമ്പൻമാർ ഈ ദിവസങ്ങളിൽ പരിപാടികളൊന്നുമില്ലാതെ നിൽക്കുമ്പോഴാണ് തിരുനക്കര ശിവനെ ഒതുക്കാൻ വേണ്ടി മാത്രം തൃശൂർ പൂരത്തിന് അയക്കാതിരിക്കാൻ ശ്രമിക്കുന്നത്. ഭാരത് ആശുപത്രി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഭാരത് വിനോദിനെ തൃശൂർ പൂരത്തിന് എഴുന്നെള്ളിക്കുന്നുണ്ട്. കോട്ടയത്ത് നിന്നും തിരുനക്കര ശിവനും, ഭാരത് വിനോദും തൃശൂർ പൂരത്തിന് എഴുന്നെള്ളിക്കപ്പെടുമ്പോൾ മികച്ച ആനയായ ശിവന് തന്നെയാവും നല്ല സ്ഥാനം ലഭിക്കുക. ഇത് മനസിലാക്കി തിരുനക്കരയുടെ അഭിമാനമായ കൊമ്പനെ ഒതുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് ആനപ്രേമികളുടെ ആരോപണം ഉയർന്നിരിക്കുന്നത്. ഇതിനെതിരായി തിരുനക്കര ശിവൻ ഫാൻസിന്റെ നേതൃത്വത്തിലാണ് ഉപരോധം സംഘടിപ്പിക്കുന്നത്.
ഭാരത് ഗ്രൂപ്പിന് നിലവിൽ രണ്ട് കൊമ്പൻമാരാണ് ഉള്ളത്. ഭാരത് വിശ്വനാഥനും, ഭാരത് വിനോദും. ഈ രണ്ടു കൊമ്പൻമാർക്കും പരമാവധി എഴുന്നെള്ളത്ത് ഉറപ്പാക്കാനാണ് ഇപ്പോൾ ഭാരത് ഗ്രൂപ്പ് കളിക്കുന്നത്. കോട്ടയത്തു നിന്നും തിരുനക്കര ശിവന്റെ പേരിനും സൗന്ദര്യത്തിനും ഒപ്പം നിൽക്കാൻ വിനോദിനും വിശ്വനാഥിനും പറ്റുന്നില്ല. ഈ സാഹചര്യത്തിലാണ് ആനയെ ഒതുക്കാനുള്ള ശ്രമം ശക്തമായിരിക്കുന്നത്.